2024 ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ 4 ടീമുകളാണ് ഇത്തവണ ദുലീപ് ട്രോഫിയിൽ പങ്കെടുക്കുക. ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്ക്വാഡ്, ശ്രേയസ് അയ്യർ എന്നിവരാണ് ടീമുകളുടെ നായകന്മാർ.
ഇന്ത്യയുടെ പ്രധാന സാന്നിധ്യങ്ങളായ താരങ്ങളൊക്കെയും ടൂർണമെന്റിൽ അണിനിരക്കുന്നുണ്ട്. എന്നിരുന്നാലും ചില പ്രധാന കളിക്കാരെ ബിസിസിഐ ദുലീപ് ട്രോഫിയിൽ നിന്ന് തഴയുകയുണ്ടായി. മലയാളി താരം സഞ്ജു സാംസനാണ് ഇതിൽ പ്രധാനി. സഞ്ജുവിനൊപ്പം ദുലീപ് ട്രോഫിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മറ്റു താരങ്ങളെ പരിശോധിക്കാം.
1. റിങ്കു സിംഗ്
നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മധ്യനിര ബാറ്ററാണ് റിങ്കു സിംഗ്. ഏകദിനങ്ങളിലും ട്വന്റി20കളിലും ഇന്ത്യക്കായി മികവ് പുലർത്താൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ ദുലീപ് ട്രോഫിയിൽ സെലക്ടർമാർ റിങ്കുവിനെ പരിഗണിച്ചില്ല. വളരെ മികച്ച ബാറ്റിംഗ് സാങ്കേതികത ഉള്ള താരമാണ് റിങ്കു എന്ന് ഇന്ത്യയുടെ മുൻ കോച്ചായ വിക്രം റാത്തോർ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 47 മത്സരങ്ങളിൽ നിന്ന് 3173 റൺസ് റിങ്കു സ്വന്തമാക്കിയിട്ടുണ്ട്. 54.7 എന്ന വലിയ ശരാശരിയും റിങ്കുവിനുണ്ട്. പക്ഷേ എന്നിട്ടും റിങ്കു അവഗണിക്കപ്പെട്ടു.
2. സഞ്ജു സാംസൺ
മലയാളി താരമായ സഞ്ജു സാംസനും ദുലീപ് ട്രോഫിയിൽ നിന്ന് അവഗണിക്കപ്പെട്ട താരമാണ്. നിലവിലെ ഏറ്റവും മികച്ച മുൻനിര ബാറ്റർമാരിൽ ഒരാളാണ് സഞ്ജു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇന്ത്യ ആവശ്യമായ രീതിയിൽ സഞ്ജുവിന് അവസരം നൽകിയിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 62 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 3623 റൺസും സ്വന്തമാക്കിയിട്ടുണ്ട്. 38.54 എന്ന ശരാശരിയും സഞ്ജുവിനുണ്ട്. പക്ഷേ പലപ്പോഴായി ഇത്തരത്തിൽ ഇന്ത്യ സഞ്ജുവിനെ അവഗണിക്കുന്നതാണ് കാണുന്നത്.
3. പൃഥ്വി ഷാ
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്ന് വിശേഷിപ്പിച്ച താരമാണ് പൃഥ്വി ഷാ. വിരാട് കോഹ്ലിക്ക് പകരക്കാരനായി ഇന്ത്യൻ ടീമിൽ കളിക്കാൻ പൃഥ്വിയ്ക്ക് സാധിക്കുമെന്ന് പലരും വിലയിരുത്തിയിരുന്നു. ഇന്ത്യക്കായി ഇതുവരെ 5 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച പൃഥ്വി 339 റൺസ് സ്വന്തമാക്കുകയുണ്ടായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈ ടീമിനായി 52 കളികളിൽ നിന്ന് 4346 റൺസ് പൃഥ്വി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2024 ദുലീപ് ട്രോഫിയിൽ നിന്ന് ഇന്ത്യ പൃഥ്വിയെയും അവഗണിച്ചു.
4. അഭിഷേക് ശർമ
ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാറായ അഭിഷേക് ശർമയ്ക്കും ദുലീപ് ട്രോഫിയിൽ അവസരം ലഭിച്ചിട്ടില്ല. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ നടത്തിയായിരുന്നു അഭിഷേക് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. സിംബാബ്വെക്കെതിരായ ട്വന്റി20 പരമ്പരയിൽ തട്ടുപൊളിപ്പൻ തുടക്കമാണ് അഭിഷേകിന് ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനായി 24 മത്സരങ്ങളിൽ നിന്ന് 1071 റൺസാണ് അഭിഷേക് നേടിയിട്ടുള്ളത്.
5. രവി ബിഷ്ണോയി
ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാൾ തന്നെയാണ് രവി ബിഷ്ണോയി എന്ന കാര്യത്തിൽ സംശയമില്ല. സിംബാബ്വെക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്കായി മികവ് പുലർത്താൻ താരത്തിന് സാധിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ 5 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് ബിഷ്ണോയി സ്വന്തമാക്കിയിട്ടുള്ളത്. പക്ഷേ ഇന്ത്യ താരത്തെ ദുലീപ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.