ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ മൂന്നാം ദിനം ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369 റൺസിന് എതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ കളി ആരംഭിക്കുമ്പോള്‍ ആറിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും 198 റണ്‍സ് പിറകില്‍. ഇന്ന് അജിന്‍ക്യ രഹാനെ (37), ചേതേശ്വര്‍ പൂജാര (25), മായങ്ക് അഗര്‍വാള്‍ (38) , റിഷാബ് പന്ത് (23)എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. താക്കൂർ ( 12)വാഷിംഗ്‍ടണ്‍ സുന്ദര്‍ (22) എന്നിവരാണ് ഇപ്പോൾ ക്രീസില്‍.
രണ്ടിന് 62 എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത് . മൂന്നാം വിക്കറ്റിൽ രണ്ടാം ദിനം മഴക്ക് മുൻപ് ഒത്തുചേർന്ന പൂജാര- രഹാനെ സഖ്യമായിരുന്നു ക്രീസില്‍. ഇരുവരും ക്രീസില്‍ പിടിച്ചുനില്‍ക്കുമെന്ന് തോന്നിക്കെയാണ് പൂജാര ഓസീസ് ബൗളിങ്ങിന് മുൻപിൽ മടങ്ങേണ്ടി വന്നത് . ഹേസല്‍വുഡാണ് ഓസീസിന് പ്രധാനപ്പെട്ട വിക്കറ്റ് നല്‍കിയത്. ഹേസൽവുഡ് പൂജാരയെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പൂജാര- രഹാനെ സഖ്യം 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ സമ്പാദ്യം .
പൂജാരയ്ക്ക് പിന്നാലെ മായങ്ക് അഗര്‍വാള്‍ അഞ്ചാം നമ്പറിൽ ക്രീസിലേക്ക് എത്തി .ആദ്യമായിട്ടാണ് താരം ഇന്ത്യക്ക് വേണ്ടി മധ്യനിരയിൽ ബാറ്റേന്തുന്നത് . എന്നാല്‍, ലഞ്ചിന് പിരിയാന്‍ അഞ്ച് ഓവര്‍ ബാക്കിയുള്ളപ്പോള്‍ നായകൻ രഹാനെ കൂടി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 37 റണ്‍സ് നേടിയ രഹാനെ ഓസ്‌ട്രേലിയ ബൗളിങാൽ വിരിച്ച കെണിയില്‍ വീഴുകയായിരുന്നു. സ്റ്റാര്‍ക്കിന്റെ പന്തില്‍ ഒരു ഡ്രൈവിന് ശ്രമിക്കുമ്പോള്‍ എഡ്ജായി പന്ത് തേര്‍ഡ് സ്ലിപ്പിലേക്ക് പറന്നു. മാത്യൂ വെയ്ഡ് ഒരു പിഴവും വരുത്തിയില്ല. 93 പന്തിൽ 37 റൺസ് നേടിയ രഹാനെ ഡ്രസിങ് റൂമിലേക്ക് .പതിവ് പോലെ മികച്ച തുടക്കം മുതലാക്കുവാനാവാതെ മറ്റൊരു ഇന്ത്യൻ താരവും പുറത്ത് .
എന്നാല്‍ ലഞ്ചിന് ശേഷമുള്ള രണ്ടാം പന്തില്‍ തന്നെ മായങ്ക് മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 38 റണ്‍സാണ് താരം നേടിയത്. ഹേസല്‍വുഡിന്‍റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്‍മിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു മായങ്ക് . ശേഷം ഒത്തുചേർന്ന റിഷാബ് പന്ത് : സുന്ദർ ജോഡി അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും ഹേസൽവുഡ് കൂട്ടുകെട്ട് പൊളിച്ചു . 29 പന്തിൽ 23 റൺസ് അതിവേഗം കുറിച്ച പന്ത് പുറത്തായി .
നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ അവസാനിച്ചിരുന്നു . മര്‍നസ് ലബുഷെയ്നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടിം പെയ്ന്‍ (50), കാമറൂണ്‍ ഗ്രീന്‍ (47), മാത്യൂ വെയ്ഡ് (45) എന്നിവരും ഓസീസ് ബാറ്റിങ്ങിൽ ഭേദപ്പട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ബൗളിങ്ങിൽ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്.