തന്റെ 43ആം വയസ്സിലും ആരാധകരെ ഞെട്ടിച്ച കിടിലൻ ക്യാച്ചുമായി ഇന്ത്യയുടെ മുൻതാരം യുവരാജ് സിംഗ്. ലെജൻഡ് താരങ്ങൾ അണിനിരക്കുന്ന മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിന്റെ അംഗമായിരുന്നു യുവരാജ് സിംഗ്. മത്സരത്തിൽ ബൗണ്ടറി റോപ്പിൽ നിന്ന് ഒരു കിടിലൻ ക്യാച്ച് സ്വന്തമാക്കിയാണ് യുവരാജ് തന്റെ ആരാധകരെ ഞെട്ടിച്ചത്.
നിമിഷ നേരങ്ങൾക്കൊണ്ട് യുവരാജിന്റെ ഈ ക്യാച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു. ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയത്ത് മികച്ച ഫീൽഡിങ് പ്രകടനങ്ങളുടെ പേരിൽ വലിയ പേരുകേട്ട താരമായിരുന്നു യുവരാജ്. എന്നാൽ തന്റെ വിരമിക്കലിന് ശേഷം മത്സര ക്രിക്കറ്റിൽ സജീവമല്ലാത്ത യുവരാജ് ഇത്തരത്തിൽ ഒരു ക്യാച്ച് സ്വന്തമാക്കിയതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഇർഫാൻ പത്താൻ എറിഞ്ഞ പന്തിൽ ശ്രീലങ്കൻ മുൻ താരം ലഹിരു തിരിമന്നെ ഒരു സിക്സർ നേടാനായി ശ്രമിക്കുകയായിരുന്നു. ബോളർക്കു മുകളിലൂടെ പറന്ന പന്ത് സിക്സറായി മാറുമെന്ന് എല്ലാവരും കരുതി. എന്നാൽ ലോങ് ഓഫീൽ ഫീൽഡ് ചെയ്ത യുവരാജ് സിംഗ് ഒരു കിടിലൻ ഡൈവിംഗിലൂടെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയാണ് ഉണ്ടായത്. ഇതു കണ്ട സച്ചിൻ ടെണ്ടുൽക്കറുടെ മകളായ സാറാ ടെണ്ടുൽക്കർ പോലും ഒരു നിമിഷം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന സാഹചര്യമുണ്ടായി. എന്തായാലും യുവരാജിന്റെ ഈ ക്യാച്ച് വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
YUVRAJ SINGH AT AGE OF 43 – STILL TAKING STUNNERS.
— Mufaddal Vohra (@mufaddal_vohra) February 22, 2025pic.twitter.com/XHW1iQ0NY5
മാസ്റ്റേഴ്സ് ലീഗിന്റെ ആദ്യ മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ശ്രീലങ്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി അമ്പട്ടി റായിഡുവും സച്ചിൻ ടെണ്ടുൽക്കറുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ ഇരുവർക്കും മികച്ച സംഭാവനകൾ നൽകാൻ സാധിച്ചില്ല. പക്ഷേ മൂന്നാമനായി ക്രീസിലെത്തിയ ഗുർകീരത് സിംഗ് 32 പന്തുകളിൽ 44 റൺസുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ഒപ്പം ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി 31 പന്തുകളിൽ 68 റൺസ് നേടി ആക്രമണം അഴിച്ചുവിടുകയായിരുന്നു. 3 ബൗണ്ടറികളും 7 സിക്സറുകളുമാണ് ബിന്നിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. അവസാന ഓവറുകളിൽ യൂസഫ് പത്താന്റെ വെടിക്കെട്ടാണ് മത്സരത്തിൽ കണ്ടത്. 22 പന്തുകളിൽ 56 റൺസ് നേടിയ പത്താന്റെ മികവിൽ ഇന്ത്യ 222 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്കായി മികച്ച തുടക്കമാണ് നായകൻ സംഗക്കാര നൽകിയത്. 30 പന്തുകളിൽ 51 റൺസ് നേടാൻ സംഗക്കാരയ്ക്ക് സാധിച്ചു. എന്നാൽ ശേഷമെത്തിയ ബാറ്റർമാർ ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടി. എന്നിരുന്നാലും മധ്യ ഓവറുകളിൽ 38 റൺസ് നേടിയ ഗുണരത്നയും 24 നേടിയ തിരിമന്നയും മികവ് പുലർത്തി. അവസാന ഓവറുകളിൽ ജീവൻ മെൻഡിസും ഉദാനയും ആക്രമണം അഴിച്ചുവിട്ടത് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകി. 17 പന്തുകളിൽ 42 റൺസാണ് മെൻഡിസ് നേടിയത്. ഉദാന 23 റൺസ് നേടി. പക്ഷേ മത്സരത്തിൽ 4 റൺസിന് ശ്രീലങ്ക പരാജയം നേരിടുകയാണ് ഉണ്ടായത്.