2025 ഐപിഎൽ സീസണ് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാലേലം വലിയ ചർച്ചയായി മാറുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ 10 ടീമുകളും തങ്ങൾക്ക് അനുയോജ്യമായ താരങ്ങളെ കണ്ടെത്താനും തങ്ങളുടെ താരങ്ങളെ വിവിധ തരത്തിൽ നിലനിർത്താൻ ശ്രമിക്കുകയാണ്.
ഈ കണക്കുകൂട്ടലുകളുടെ കളിയിൽ ഏറ്റവുമധികം തലവേദനകൾ നേരിടുന്ന ഒരു ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്. മികച്ച താരങ്ങളാണ് രാജസ്ഥാൻ റോയൽസിന്റെ ശക്തി. എന്നാൽ ഇവരിൽ ആരെയൊക്കെ രാജസ്ഥാൻ ഇത്തവണ നിലനിർത്തുമെന്ന് നമുക്ക് പരിശോധിക്കാം.
1. സഞ്ജു സാംസൺ
അടുത്ത സീസണിലും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ നായകനായി തുടരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ട്വന്റി20 അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ സഞ്ജുവിന്റെ ഐപിഎല്ലിലെ സാധ്യതകൾ വർദ്ധിച്ചു. ബംഗ്ലാദേശ് പരമ്പരയിൽ 173 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. ഈ മികച്ച ഫോം 2025 ഐപിഎല്ലിലും സഞ്ജു തുടരുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ ടീമിന്റെ പരിശീലകരായ രാഹുൽ ദ്രാവിഡും കുമാർ സംഗക്കാരയും.
2. യശസ്വി ജയസ്വാൾ
സഞ്ജുവിന് ശേഷം രാജസ്ഥാന്റെ ലിസ്റ്റിൽ രണ്ടാമതുള്ള പേര് ജയസ്വാളിന്റെതാണ്. 22കാരനായ ജയസ്വാൾ ഇന്ത്യക്കായി ഇതിനോടകം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ 435 റൺസാണ് രാജസ്ഥാനായി ജയസ്വാൾ സ്വന്തമാക്കിയത്. അതിനാൽ തന്നെ ദ്രാവിഡും സംഗക്കാരയും ഇത്തവണ നിലനിർത്താൻ ഉദ്ദേശിക്കുന്ന ഒരു താരം ജയസ്വാളാണ് എന്ന് ഉറപ്പാണ്. 2025 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് രാജസ്ഥാനെ ഉയർന്ന നിലയിൽ എത്തിക്കാൻ ജയസ്വാളിന് സാധിക്കുമെന്ന് ടീം മാനേജ്മെന്റിന് ശക്തമായ ബോധ്യമുണ്ട്.
3. റിയാൻ പരാഗ്
രാജസ്ഥാൻ നിലനിർത്താൻ സാധ്യതയുള്ള മൂന്നാമത്തെ താരം റിയാൻ പരഗാണ്. 2024 ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ രാജസ്ഥാനായി കാഴ്ചവച്ച താരമാണ് പരാഗ്. 15 മത്സരങ്ങളിൽ നിന്ന് 573 റൺസാണ് പരാഗ് സീസണിൽ സ്വന്തമാക്കിയത്. ഇതിനിടെ രാജസ്ഥാൻ ടീമിനായി നിർണായകമായ ചില ഇന്നിംഗ്സുകളും താരം കളിക്കുകയുണ്ടായി. പിന്നീട് ഇന്ത്യൻ ടീമിൽ ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിരുന്നു. ഇതോടെ ഒരു ഓൾറൗണ്ടർ എന്ന പേരും പരാഗ് നേടിയെടുത്തിട്ടുണ്ട്.
4. യുസ്വെന്ദ്ര ചഹൽ
വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാൻ റോയൽസ് ചഹലിനായി റൈറ്റ് ടു മാച്ച് കാർഡ് പ്രയോഗിക്കാനാണ് സാധ്യത. നിലവിൽ രാജസ്ഥാൻ നിരയിലെ അനുഭവസമ്പത്തുള്ള ഒരു സ്പിന്നറാണ് ചഹൽ. 2022 ഐപിഎല്ലിൽ ടീമിനൊപ്പം ചേർന്നതിന് ശേഷം സ്ഥിരതയാർന്ന പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. 2024 ഐപിഎല്ലിൽ 18 വിക്കറ്റുകൾ ആയിരുന്നു ചഹൽ സ്വന്തമാക്കിയത്. ഇക്കാരണത്താൽ ദ്രാവിഡ് ചാഹലിനായി രംഗത്തെത്തും എന്ന കാര്യം ഉറപ്പാണ്.