4 സൂപ്പർ താരങ്ങളെ ഒഴിവാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ. ലേലത്തിന് മുമ്പ് വമ്പൻ മാറ്റം.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. എന്നിരുന്നാലും ഒരു വിഭാഗം താരങ്ങൾ രാജസ്ഥാനായി മികവ് പുലർത്താതിരുന്നത് ടീമിനെ ബാധിച്ചു. ഇതു മൂലമാണ് ടീമിന് കിരീടം സ്വന്തമാക്കാൻ സാധിക്കാതെ വന്നതും.

ഇങ്ങനെയുള്ള ചില താരങ്ങളെ 2025 മെഗാ ലേലത്തിനു മുൻപായി ഒഴിവാക്കാനാണ് രാജസ്ഥാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ടീമിന്റെ ഘടനയിൽ തന്നെ കാതലായ മാറ്റം ഉണ്ടാവുമെന്ന് ഇതോടെ വ്യക്തമാണ്. ഇത്തരത്തിൽ രാജസ്ഥാൻ ഒഴിവാക്കാൻ സാധ്യതയുള്ള 4 പ്രധാന താരങ്ങളെ പരിശോധിക്കാം.

  1. ഡോണോവൻ ഫെരേര

ദക്ഷിണാഫ്രിക്കൻ താരമായ ഫെരേരയെ 2023 ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിലൂടെയാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി ആഭ്യന്തര ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ തന്നെയായിരുന്നു പെരേര കാഴ്ചവച്ചത്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മതിയായ അവസരങ്ങൾ ഫെരേരയ്ക്ക് ലഭിച്ചില്ല.

2023 ഐപിഎല്ലിൽ ഒരു മത്സരത്തിൽ പോലും രാജസ്ഥാനായി കളിക്കാൻ താരത്തിന് സാധിച്ചില്ല. 2024ൽ 2 മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ചങ്കിലും 8 റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. അതിനാൽ മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ പെരേരയെ ഒഴിവാക്കും എന്നത് ഉറപ്പാണ്.

  1. റോവ്മൻ പവൽ

2024 ഐപിഎല്ലിൽ 7 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ റോയൽസ് പവലിനെ ടീമിൽ എത്തിച്ചത്. മുൻപ് വിൻഡിസിനായി കാഴ്ചവച്ച മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു രാജസ്ഥാന്റെ ഈ നീക്കം. ഒരു ഫിനിഷർ എന്ന നിലയിൽ രാജസ്ഥാൻ ടീമിനായും മികവ് പുലർത്താൻ പവലിന് സാധിക്കുമെന്ന് എല്ലാവരും കരുതി.

പക്ഷേ പലപ്പോഴും പവൽ പരാജയപ്പെടുന്നതാണ് 2024 സീസണിൽ കണ്ടത്. 2024 ഐപിഎല്ലിൽ 9 മത്സരങ്ങൾ രാജസ്ഥാനായി കളിച്ച പവൽ 17.17 എന്ന ശരാശരിയിൽ 103 റൺസ് മാത്രമാണ് നേടിയത്. 27 റൺസാണ് പവലിന്റെ ടോപ്പ് സ്കോർ. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് കൊണ്ട് തന്നെ രാജസ്ഥാൻ ഇത്തവണ പവലിനെ മാറ്റി നിർത്തിയേക്കും.

  1. നവദീപ് സൈനി

രാജസ്ഥാൻ ടീമിന്റെ ബായ്ക്കപ്പ് ബോളറായാണ് സൈനി ഇപ്പോൾ തുടരുന്നത്. മറ്റ് ഇന്ത്യൻ പേസർമാർ രാജസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ സൈനിയ്ക്ക് ടീമിൽ വേണ്ട രീതിയിൽ അവസരങ്ങൾ ലഭിച്ചില്ല. 2022 ഐപിഎൽ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കേവലം 4 മത്സരങ്ങളിൽ മാത്രമാണ് സൈനി കളിച്ചിട്ടുള്ളത്.

ഇതിൽ നിന്ന് 6 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 12 റൺസ് എന്ന വമ്പൻ എക്കണോമി റേറ്റാണ് സൈനിയെ പലപ്പോഴും ചതിക്കാറുള്ളത്. 2024 ഐപിഎല്ലിൽ രാജസ്ഥാനായി മൈതാനത്ത് ഇറങ്ങാൻ താരത്തിന് സാധിച്ചില്ല. ഇതോടെ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ സൈനിയെ ഒഴിവാക്കും എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

  1. ടോം കോഹ്ലർ കാഡ്മോർ

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇംഗ്ലീഷ് താരം കാഡ്മോറും ടീമിൽ ഉണ്ടാവില്ല എന്നത് ഉറപ്പാണ്. കഴിഞ്ഞ സീസണിൽ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലായിരുന്നു കാഡ്മോറിനെ രാജസ്ഥാൻ പ്ലെയിങ് ഇലവനിൽ അവസരം നൽകിയത്. 3 മത്സരങ്ങൾ രാജസ്ഥാനായി കളിച്ച താരം 48 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. മാത്രമല്ല 88.89 എന്ന മോശം സ്ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്. രണ്ടാം ക്വാളിഫയറിൽ 16 പന്തുകളിൽ 10 റൺസ് മാത്രം നേടിയ താരത്തിന്റെ പ്രകടനം വലിയ രീതിയിൽ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

Previous articleഇന്ത്യയ്ക്ക് തിരിച്ചടിയായത് ഗംഭീറിന്റെയും രോഹിതിന്റെയും ആ മണ്ടൻ തന്ത്രം. മുൻ താരങ്ങൾ പറയുന്നു..
Next articleഅവൻ അക്രത്തിനെയും വഖാർ യൂനിസിനെയും ഷെയ്ൻ വോണിനെയും പോലെ. ഇന്ത്യൻ പേസറെ പറ്റി രവി ശാസ്ത്രി.