രക്ഷകരായി ആകാശ് ദീപും ബുമ്രയും. അവസാന വിക്കറ്റിൽ നിര്‍ണായക കൂട്ടുകെട്ടുമായി ഫോളോ ഓൺ ഒഴിവാക്കി..

ഇന്ത്യയുടെ രക്ഷകരായി ആകാശ് ദീപും ജസ്പ്രീത് ബുമ്രയും. മത്സരത്തിൽ ഫോളോ ഓണിലൂടെ വലിയ പരാജയത്തിലേക്ക് പോയ ഇന്ത്യയെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇരു പേസർമാരും കൈപിടിച്ചു കയറ്റുകയായിരുന്നു.

246 റൺസായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ഫോളോ ഓൺ ഒഴിവാക്കാൻ ആവശ്യം. എന്നാൽ 213 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യയ്ക്ക് 9 വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ അവസാന വിക്കറ്റിൽ ബൂമ്രയും ആകാശ് ദീപും തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ ഫോളോഓൺ ഒഴിവാക്കുകയായിരുന്നു. 31 പന്തുകളിൽ 27 റൺസ് നേടി ആകാശ് ദീപും 27 പന്തുകളിൽ 10 റൺസ് നേടി ബൂമ്രയും ഇന്ത്യയെ വലിയ പടുകുഴിയിൽ നിന്നാണ് രക്ഷിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഹെഡിന്റെയും സ്മിത്തിന്റെയും സെഞ്ചുറിയുടെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 445 റൺസ് ആയിരുന്നു സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ മുൻനിര തകർന്നു വീഴുകയായിരുന്നു. രാഹുൽ ഒഴികെയുള്ള മറ്റൊരു മുൻനിര ബാറ്റർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ജയസ്വാൾ, വിരാട് കോഹ്ലി, ഗില്‍, റിഷഭ് പന്ത് എന്നിവർ രണ്ടക്കം കാണാതെ മടങ്ങിയതോടെ ഇന്ത്യ തകർന്നു. ഒപ്പം 10 റൺസ് നേടിയ നായകൻ രോഹിത്തും കൂടാരം കയറിയതോടെ ഇന്ത്യ 74 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്നടിയുകയായിരുന്നു. അവിടെ നിന്നാണ് രാഹുലും ജഡേജയും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.

ഇന്ത്യക്കായി ആറാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. 67 റൺസ് ആറാം വിക്കറ്റിൽ നേടാൻ ഇരുവർക്കും സാധിച്ചു. രാഹുൽ 139 പന്തുകളിൽ 84 റൺസ് ആണ് നേടിയത്. രാഹുൽ പുറത്തായ ശേഷവും ജഡേജ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. തന്റേതായ രീതിയിൽ ഇന്നിംഗ്സ് മുൻപോട്ടു കൊണ്ടുപോവാനും ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കാനും ജഡേജയ്ക്ക് സാധിച്ചു. 123 പന്തുകൾ നേരിട്ട ജഡേജ  77 റൺസ് നേടിയാണ് പുറത്തായത്. എന്നാൽ ജഡേജ പുറത്തായതോടെ ഇന്ത്യ വലിയ വലിയ രീതിയിൽ ഫോളോ ഓൺ ഭീഷണി നേരിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് അവസാന വിക്കറ്റിൽ തകർപ്പൻ കൂട്ടുകെട്ടുമായി ബൂമ്രയും ആകാശ് ദീപും ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 193 റൺസ് ആവശ്യമാണ്. എന്നിരുന്നാലും ഫോളോ ഓൺ ഒഴിവാക്കിയതിലൂടെ ഇന്ത്യ മത്സരത്തിലെ വലിയ പരാജയം ഏറെക്കുറെ ഒഴിവാക്കിയിട്ടുണ്ട്. മത്സരത്തിന്റെ അവസാന ദിവസം കൃത്യത പുലർത്തുകയാണെങ്കിൽ സമനില കണ്ടെത്തി ആശ്വാസം നേടാൻ ഇന്ത്യയ്ക്ക് സാധിക്കും.

Previous articleഓരോവറിൽ 25 റൺസ് നേടാനല്ല ടെസ്റ്റിൽ ശ്രമിക്കേണ്ടത്. ജയസ്വാളിനെതിരെ സുനിൽ ഗവാസ്കർ.