36 വർഷത്തെ ചരിത്രം തിരുത്തി കിവിസ്. ഇന്ത്യൻ മണ്ണിൽ 8 വിക്കറ്റ് വിജയം.

d52fd2fb 04ac 4d72 b440 807012cac766 e1729406706119

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു ചരിത്രവിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. 36 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഇന്ത്യൻ മണ്ണിൽ ഒരു വിജയം സ്വന്തമാക്കുന്നത്. 1988- 89 പരമ്പരയിൽ ആയിരുന്നു അവസാനമായി ഇന്ത്യൻ മണ്ണിൽ ന്യൂസിലാൻഡ് വിജയം നേടിയത്.

ഇതിന് ശേഷമാണ് ബാംഗ്ലൂർ ടെസ്റ്റിൽ 8 വിക്കറ്റിന്റെ വിജയം ന്യൂസിലാൻഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിലെ മികച്ച ബാറ്റിംഗ്- ബോളിംഗ് പ്രകടനങ്ങളാണ് മത്സരത്തിൽ ന്യൂസിലാൻഡിനെ വിജയത്തിലെത്തിച്ചത്. ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര 2 ഇന്നിങ്സിലും മികച്ച പ്രകടനങ്ങൾ തന്നെ പുറത്തെടുത്തു.

മത്സരത്തിന്റെ അവസാന ദിവസം 17 റൺസ് ആയിരുന്നു ന്യൂസിലാൻഡിന് വിജയിക്കാൻ ആവശ്യം. ഒരു വമ്പൻ ബോളിംഗ് പ്രകടനത്തോടെയാണ് ഇന്ത്യ അഞ്ചാം ദിവസം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ന്യൂസിലാൻഡിന്റെ നായകൻ ടോം ലാദമിനെ പുറത്താക്കാൻ ബൂമ്രയ്ക്ക് സാധിച്ചു.

എന്നാൽ പിന്നീട് ഇന്ത്യൻ ബോളർമാർക്കെതിരെ ഡെവൻ കോൺവെയും വില്യം യങ്ങും പ്രതിരോധം തീർക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 35 റൺസ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തു. എന്നാൽ പിന്നീട് ബൂമ്ര കോൺവെയെയും സ്റ്റമ്പിന് മുൻപിൽ കുടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ പ്രതീക്ഷകൾ അല്പം വർദ്ധിച്ചു.

എന്നാൽ പിന്നീട് ക്രീസിലെത്തിയ രചിൻ രവീന്ദ്ര യങ്ങിനൊപ്പം ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ജഡേജയിൽ നിന്നുണ്ടായ മോശം പന്തുകളൊക്കെയും രവീന്ദ്ര ആക്രമിക്കുകയുണ്ടായി. മാത്രമല്ല ഇന്ത്യൻ ബോളിങ്‌ നിരയിൽ ഒരു പേസ് ബോളറുടെ അഭാവം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ കൃത്യമായി പ്രതിഫലിച്ചു. തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ഒക്കെയും നന്നായി വിനിയോഗിച്ച് കിവികൾ വിജയത്തിനടുത്തേക്ക് എത്തുകയായിരുന്നു. ന്യൂസിലാൻഡിനായി രണ്ടാം ഇന്നിങ്സിൽ രചിൻ രവീന്ദ്ര 39 റൺസും യങ് 45 റൺസും സ്വന്തമാക്കുകയുണ്ടായി.

Read Also -  "നീ എന്നെ മനസിൽ ശപിക്കുന്നുണ്ടാവും", ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് സഞ്ജുവിനോട് പറഞ്ഞത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ടോസ് നേടിയ ഇന്ത്യയുടെ, ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം വളരെ മോശമായിരുന്നു. ആദ്യ ഇന്നിങ്സിൽ കേവലം 46 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്. ശേഷം ന്യൂസിലാൻഡ് 402 റൺസ് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയതോടെ ഇന്ത്യ വിറച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സർഫറാസ് ഖാന്റെ മികവിൽ ഇന്ത്യ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. പക്ഷേ ഇന്നിംഗ്സിന്റെ അവസാനം ഉണ്ടായ ദുരന്തം ഇന്ത്യയെ പിന്നോട്ടടിച്ചു. ആദ്യ മത്സരത്തിലെ ഈ പരാജയം ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കും എന്നത് ഉറപ്പാണ്.

Scroll to Top