30 റൺസ് കൂടുതൽ നേടാൻ സാധിച്ചിരുന്നെങ്കിൽ മത്സരഫലം മാറിയേനെ.

rohit sharma

ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിൽ വളരെ നിരാശാജനകമായ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. ഈ ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് കാലിടറുന്നതാണ് കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കേവലം 240 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ അനായാസം ഈ ലക്ഷ്യം പിന്തുടരുകയും ചെയ്തു. മത്സരത്തിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി. തങ്ങൾ വിചാരിച്ച സ്കോർ സ്വന്തമാക്കാൻ മത്സരത്തിൽ സാധിക്കാതെ വന്നത് ടീമിനെ ബാധിച്ചു എന്നാണ് രോഹിത് പറഞ്ഞത്.

തങ്ങൾ ആദ്യം ബാറ്റ് ചെയ്തെങ്കിലും 30 റൺസോളം കുറവാണ് നേടാൻ സാധിച്ചത് എന്ന രോഹിത് പറഞ്ഞു. “മത്സരഫലം ഞങ്ങൾക്ക് പ്രതികൂലമായാണ് വന്നത്. ഇന്ന് ഞങ്ങൾ മികച്ച പ്രകടനമായിരുന്നില്ല പുറത്തെടുത്തത്. ഞങ്ങൾ എല്ലാത്തരത്തിലും ശ്രമിച്ചു. എന്നാൽ ഇന്ന് ഭാഗ്യം ഞങ്ങൾക്കൊപ്പം നിന്നില്ല.

മത്സരത്തിൽ 20-30 റൺസ് അധികമായി നേടാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഫലം മാറിയേനെ. രാഹുലും കോഹ്ലിയും ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ശ്രമിക്കുകയുണ്ടായി. ആ സമയത്ത് 270- 280 എന്നീ ലക്ഷ്യത്തിലെത്താനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ അതിനിടെ ഞങ്ങൾക്ക് നിരന്തരം വിക്കറ്റുകൾ നഷ്ടമായി. ശേഷമാണ് 240 എന്ന സ്കോറിൽ ഞങ്ങൾ എത്തിയത്.”- രോഹിത് പറഞ്ഞു.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

“അത്തരമൊരു സ്കോർ മുൻപിലേക്ക് വയ്ക്കുമ്പോൾ ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് ആവശ്യമായിരുന്നു. എന്നാൽ ഞാൻ എല്ലാ ക്രെഡിറ്റും ട്രാവിസ് ഹെഡിനും ലബുഷൈനും കൊടുക്കുകയാണ്. അവർ വലിയൊരു കൂട്ടുകെട്ട് മത്സരത്തിൽ കെട്ടിപ്പടുത്തതോടെ മത്സരം ഞങ്ങളുടെ കയ്യിൽ നിന്ന് പൂർണമായും വഴുതി പോവുകയായിരുന്നു. മത്സരത്തിൽ ഞങ്ങളെ കൊണ്ട് ആവുന്നതൊക്കെ ഞങ്ങൾ ചെയ്യാൻ ശ്രമിച്ചു. പക്ഷേ ഇവിടെ ലൈറ്റിന് താഴെ ബാറ്റിംഗ് അല്പം അനായാസമായി മാറിയിരുന്നു. അതൊരു എക്സിക്യൂസ് ആയി ഞാൻ പറയുകയല്ല.”- രോഹിത് ശർമ കൂട്ടിച്ചേർക്കുന്നു.

“ലൈറ്റിന് താഴെ ബാറ്റിംഗ് അല്പം അനുകൂലമാവും എന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ ബോർഡിൽ ആവശ്യമായ റൺസ് കണ്ടെത്തിയില്ല എന്നതാണ് പരാജയത്തിന് പ്രധാന കാരണം. സീമർമാർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഒരു പക്ഷേ മറ്റൊരു വിക്കറ്റ് കൂടി ഞങ്ങൾക്ക് ആദ്യസമയത്ത് ലഭിച്ചിരുന്നെങ്കിൽ മത്സരം കുറച്ചുകൂടി കൈപ്പിടിയിലേക്ക് വന്നേനെ. എന്നിരുന്നാലും മധ്യ ഓവറുകളിൽ ഓസ്ട്രേലിയ കെട്ടിപ്പടുത്ത കൂട്ടുകെട്ടാണ് ഞങ്ങൾക്ക് പരാജയം സമ്മാനിച്ചത്.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.

Scroll to Top