ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചതിനാൽ സഞ്ജുവിനെ തേടി ഒരുപാട് പ്രശംസകളാണ് എത്തുന്നത്. 47 പന്തുകളിൽ 111 റൺസാണ് സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ സ്വന്തമാക്കിയത്.
ഇതോടെ ഇന്ത്യയുടെ ട്വന്റി20 ഫോർമാറ്റിലെ സ്ഥിര ഓപ്പണറായി സഞ്ജു സാംസൺ എത്തണമെന്ന് പല മുൻ താരങ്ങളും പ്രസ്താവിക്കുകയുണ്ടായി. ജയസ്വാളിന്റെ ഓപ്പണിംഗ് പങ്കാളിയായി സഞ്ജു എത്തണമെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങൾ പരിശോധിക്കാം.
1. പവർപ്ലേ ഓവറുകളിലെ സഞ്ജുവിന്റെ മികവ്.
ജയസ്വാൾ ഇന്ത്യയെ സംബന്ധിച്ച് ട്വന്റി20യിലെ ഒരു വെടിക്കെട്ട് ബാറ്ററാണ്. കാരണം അത്രമാത്രം ആക്രമണ മനോഭാവത്തിൽ മത്സരത്തെ നോക്കിക്കാണാൻ ജയസ്വാളിന് സാധിക്കും. സഞ്ജു സാംസൺ ഇക്കാര്യത്തിൽ ഒട്ടും വ്യത്യസ്തനല്ല. പേസിനെതിരെയും സ്പിന്നിനെതിരെയും ഒരേപോലെ ആക്രമണം അഴിച്ചുവിടാനുള്ള കഴിവ് സഞ്ജുവിനുണ്ട്.
ഒരു ഓപ്പണർ എന്ന നിലയ്ക്ക് എല്ലാത്തരത്തിലും വിജയം സ്വന്തമാക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു. സഞ്ജുവിന്റെ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനം മൂന്നാം നമ്പറിലാണ്. എന്നാൽ ഇന്ത്യൻ ടീമിൽ ഇപ്പോൾ മൂന്നാം നമ്പരിൽ ഒരുപാട് ബാറ്റർമാരുണ്ട്. അതിനാൽ സഞ്ജുവിന് മികവ് പുലർത്താൻ നിലവിൽ സാധിക്കുന്ന പൊസിഷൻ ഓപ്പണിങ് തന്നെയാണ്.
2. ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും സ്ഥിരത പുലർത്തുന്നില്ല.
നിലവിൽ ഇന്ത്യയുടെ മുൻനിരയിൽ മികവ് പുലർത്തുന്നത് ജയസ്വാൾ മാത്രമാണ്. ശുഭമാൻ ഗില്ലും അഭിഷേക് ശർമയും സ്ഥിരതയോടെ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടില്ല. 2024ൽ 8 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ഗില്‍ 38 റൺസ് ശരാശരിയിലാണ് റൺസ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് 133 മാത്രമാണ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനം ഗിൽ കാഴ്ച വച്ചിരുന്നില്ല. മറുവശത്ത് അഭിഷേക് ശർമ സിംബാബ്വെയ്ക്കെതിരെ ട്വന്റി20 അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. എന്നാൽ പല മത്സരങ്ങളിലും സ്ഥിരത പുലർത്താൻ അഭിഷേകിന് സാധിച്ചിട്ടില്ല. എന്നാൽ 2024ൽ ട്വന്റി20 മത്സരങ്ങളിൽ 31.43 എന്ന ശരാശരിയിലും 167.94 എന്ന സ്ട്രൈക്ക് റേറ്റിലും കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
3. ഇന്ത്യയ്ക്ക് മധ്യനിരയിൽ ഒരു വിക്കറ്റ് കീപ്പറിന്റെ ആവശ്യമില്ല.
2024 ട്വന്റി20 ലോകകപ്പിൽ പന്തായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഇന്ത്യ ടൂർണമെന്റിൽ കിരീടം സ്വന്തമാക്കിയെങ്കിലും പന്തിന്റെ പ്രകടനം അത്ര എടുത്തു പറയാൻ സാധിക്കുന്നതായിരുന്നില്ല. സ്പിന്നർമാർക്കെതിരെ ടൂർണമെന്റിൽ മികവ് പുലർത്തുന്നതിലും പന്ത് പരാജയപ്പെട്ടിരുന്നു. പന്തിനെ ഒഴിവാക്കിയാൽ ഇഷാൻ കിഷൻ, രാഹുൽ, ജിതേഷ് ശർമ, ധ്രുവ് ജൂറൽ എന്നിവരാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള മറ്റു വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ.
എന്നാൽ ഇവർ ആരുംതന്നെ മുൻനിരയിൽ സഞ്ജുവിനെപ്പോലെ മികവ് പുലർത്താൻ സാധിക്കുന്നവരല്ല. സഞ്ജു മുൻനിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ മധ്യനിരയിൽ ഒരു വിക്കറ്റ് കീപ്പറെ അന്വേഷിക്കേണ്ട ആവശ്യം ഇന്ത്യയ്ക്ക് വരുന്നില്ല.