2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കിയ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അതിനാൽ തന്നെ ഇത്തവണയും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത തയ്യാറാവുന്നത്. ലേലത്തിന് മുൻപ് തങ്ങളുടെ പ്രധാന താരങ്ങളായ സുനിൽ നരേയ്ൻ, ആൻഡ്രെ റസല്‍, റിങ്കൂ സിംഗ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവരെയാണ് കൊൽക്കത്ത നിലനിർത്തുന്നത്. മാത്രമല്ല ലേലത്തിലൂടെ തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളെ സ്വന്തമാക്കാനും കൊൽക്കത്തയ്ക്ക് സാധിച്ചു. എന്നാൽ കൊൽക്കത്ത നടത്തിയ 3 പിഴവുകൾ പരിശോധിക്കാം.
1. മിച്ചൽ സ്റ്റാർക്കിനെ റിലീസ് ചെയ്തത്.
മിച്ചൽ സ്റ്റാർക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കാതിരുന്നതാണ് കൊൽക്കത്തയുടെ ഭാഗത്തുനിന്ന് വന്ന ആദ്യ പിഴവ്. നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മിച്ചൽ സ്റ്റാർക്ക് മാത്രമല്ല കഴിഞ്ഞ വർഷം കൊൽക്കത്തയ്ക്കായി മികച്ച പ്രകടനവും താരം കാഴ്ചവച്ചിരുന്നു.
ന്യൂബോളില്‍ കൃത്യമായി സ്വിങ് ഉണ്ടാക്കാനും, പവർപ്ലേയിൽ തന്നെ വിക്കറ്റുകൾ സ്വന്തമാക്കാനും സ്റ്റാർക്കിന് സാധിക്കുമായിരുന്നു. അതുകൊണ്ടു തന്നെ സ്റ്റാർക്ക് ടീമിൽ ഒരു മാച്ച് വിന്നറായിരുന്നു. ലേലത്തിന് മുൻപ് സ്റ്റാർക്കിനെ കൊൽക്കത്ത റിലീസ് ചെയ്തിരുന്നു. പക്ഷേ ലേലത്തിൽ സ്റ്റാർക്കിനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചില്ല.
2. വെങ്കിടെഷ് അയ്യർക്ക് നൽകിയ അധികതുക.
കഴിഞ്ഞ സീസണുകളിൽ കൊൽക്കത്തയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരം തന്നെയാണ് വെങ്കിടേഷ് അയ്യർ. എന്നാൽ വെങ്കിടേഷ് അയ്യരെ ഈ ലേലത്തിൽ കൊൽക്കത്ത സ്വന്തമാക്കിയത് 23.75 കോടി എന്ന വമ്പൻ തുകയ്ക്കാണ്. പ്രതിഭയുള്ള താരമാണെങ്കിലും ഇത്ര വലിയ തുകയ്ക്ക് അയ്യരെ സ്വന്തമാക്കേണ്ടതുണ്ടായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
വെങ്കിടേഷ് അയ്യർ പ്രതീക്ഷിച്ചതിലുപരി പണം മുടക്കിയാണ് കൊൽക്കത്ത താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ടീം കൂടുതൽ സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊൽക്കത്തയുടെ ഈ നീക്കം. പക്ഷേ ഇത് എത്രമാത്രം ശരിയായി തീരുമാനമായിരുന്നു എന്ന് കണ്ടറിയേണ്ടതാണ്.
3. ഫിൽ സോൾട്ടിനെ റിലീസ് ചെയ്തത്
സൂപ്പർ താരം ഫിൽ സോൾട്ടിനെ റിലീസ് ചെയ്തതാണ് കൊൽക്കത്ത കാട്ടിയ മറ്റൊരു മണ്ടത്തരം. ബാറ്റിങ്ങിലും സ്റ്റമ്പിന് പിന്നിലും മികവ് പുലർത്താൻ സാധിക്കുന്ന താരമായിരുന്നു സോൾട്ട്. മാത്രമല്ല മുൻനിരയിൽ ആക്രമണ മനോഭാവത്തോടെ മികവ് പുലർത്താനും സോൾട്ടിന് സാധിച്ചിരുന്നു. സോൾട്ട് കൊൽക്കത്ത വിട്ടതോടെ വിക്കറ്റ് കീപ്പിങ്ങിലടക്കം ചില വ്യത്യസ്തമായ പരീക്ഷണങ്ങൾ ചെയ്യാൻ കൊൽക്കത്ത നിർബന്ധിതരായിരിക്കുകയാണ്. ഇത് കൊൽക്കത്തക്ക് പറ്റിയ വലിയ പിഴവായി തന്നെയെ കാണാൻ സാധിക്കൂ.