റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ മിന്നും വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഈ സീസണിലെ കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് സ്വന്തമാക്കുകയുണ്ടായി.
മറുപടി ബാറ്റിംഗിൽ കൊൽക്കത്തയുടെ മുൻനിര താരങ്ങളൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തതോടെ 7 വിക്കറ്റിന്റെ വിജയം ടീമിനെ തേടി എത്തുകയായിരുന്നു. എന്നാൽ കൊൽക്കത്തയുടെ രണ്ടാം മത്സരത്തിലും വലിയ പരാജയമായി മാറിയിരിക്കുകയാണ് വമ്പൻതുകയ്ക്ക് അവർ സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്ക്.
2024 ഐപിഎൽ മിനി ലേലത്തിൽ 24.75 കോടി രൂപയ്ക്ക് ആയിരുന്നു സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ കൊൽക്കത്തയ്ക്കായുള്ള ആദ്യ കളിയിൽ തന്നെ സ്റ്റാർക്ക് നിറം മങ്ങുകണ്ടായി. ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തിൽ 4 ഓവറുകളിൽ 53 റൺസാണ് ഈ വമ്പൻ താരം വിട്ടു നൽകിയത്.
ഇതോടെ സ്റ്റാർക്കിനെതിരെ വലിയ വിമർശനങ്ങൾ കേൾക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇപ്പോൾ ബാംഗ്ലൂരിനെതിരെയും സ്റ്റാർക്ക് നിറം മങ്ങിയിരിക്കുന്നത്. ബാംഗ്ലൂർ നിരയിലുള്ള മുഴുവൻ ബാറ്റർമാരുടെയും കയ്യിൽ നിന്ന് തല്ലു വാങ്ങിച്ചാണ് സ്റ്റാർക്ക് തന്റെ ബോളിംഗ് സ്പെൽ അവസാനിപ്പിച്ചത്.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 47 റൺസാണ് ഈ വമ്പൻ താരം വഴങ്ങിയത്. അവസാന ഓവറിൽ അടക്കം വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്ന് സ്റ്റാർക്ക് നന്നായി തല്ലുവാങ്ങി. മാത്രമല്ല കൊൽക്കത്തൻ ബോളിങ് നിരയിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്തതും സ്റ്റാർക്ക് തന്നെയാണ്. ഇതുവരെ ഈ ഐപിഎല്ലിൽ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാനും സ്റ്റാർക്കിന് സാധിച്ചിട്ടില്ല.
ഇതൊക്കെയും താരത്തിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. ഇത്ര വലിയ തുകയ്ക്ക് തന്നെ സ്വന്തമാക്കിയ കൊൽക്കത്തൻ ഫ്രാഞ്ചൈസിയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കാൻ സ്റ്റാർക്കിന് സാധിക്കാതെ വരുന്നത് ആരാധകർക്കിടയിൽ പോലും നിരാശ ഉണ്ടാക്കിയിട്ടുണ്ട്.
മത്സരത്തിൽ സ്റ്റാർക്കിനെ ഒഴുച്ചുനിർത്തിയാൽ മറ്റു കൊൽക്കത്തൻ ബോളന്മാരൊക്കെയും ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. കൊൽക്കത്തയ്ക്കായി മത്സരത്തിൽ മികവ് പുലർത്തിയത് ആന്ദ്രേ റസലും ഹർഷിദ് റാണയുമാണ്. റസൽ നാലോവറുകളിൽ കേവലം 29 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി.
റാണ 39 റൺസ് വിട്ടുനൽകിയാണ് 2 വിക്കറ്റുകൾ നേടിയത്. എന്തായാലും കൊൽക്കത്തെയെ സംബന്ധിച്ച് ഇതുവരെ നിരാശാജനകമായ ബോളിംഗ് പ്രകടനമാണ് സ്റ്റാർക്ക് കാഴ്ചവെച്ചിട്ടുള്ളത്. വരും മത്സരങ്ങളിൽ സ്റ്റാർക്കിൽ പുരോഗതികൾ ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.