2025 വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. വീണ്ടും ഫൈനലിൽ കാലമുടച്ച് ഡൽഹി.

2025 വനിതാ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഫൈനൽ മത്സരത്തിൽ ഡൽഹിയെ 8 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചിരുന്നു മുംബൈ ടീമിന്റെ വിജയം. മുംബൈക്കായി നായിക ഹർമൻപ്രീറ്റ് കോർ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ നാറ്റ് സിവർ ബോളിംഗിൽ മികവ് പുലർത്തി. മറുവശത്ത് മുംബൈ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഡൽഹി പരാജയം സമ്മതിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. അതേ സമയം തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി വനിതാ പ്രീമിയർ ലീഗിന്റെ ഫൈനലിലെത്തി പരാജയം നേരിടുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന് പവർപ്ലെയിൽ ലഭിച്ചത്. തുടക്കത്തിൽ തന്നെ തങ്ങളുടെ ഓപ്പണർമാരെ മുംബൈയ്ക്ക് നഷ്ടമായി. മാത്രമല്ല പവർപ്ലെയിൽ കേവലം 20 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാൻ സാധിച്ചത്. എന്നാൽ ഈ ചെറിയ തുടക്കത്തിൽ നിന്ന് മുംബൈയെ ക്യാപ്റ്റൻ ഹർമൻപ്രീത് കോർ കൈപിടിച്ചു കയറ്റുകയായിരുന്നു. വളരെ പക്വതയോടെ മധ്യ ഓവറുകളിൽ കളിക്കാൻ ഹർമൻപ്രീറ്റ് കോറിന് സാധിച്ചു. നാറ്റ് സിവറിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റൽ 89 റൺസിന്റെ കൂട്ടുകെട്ടാണ് ഹർമൻപ്രീത് കൂട്ടിച്ചേർത്തത്.

മത്സരത്തിൽ 44 പന്തുകൾ നേരിട്ട ഹർമൻപ്രീറ്റ് 66 റൺസാണ് നേടിയത്. 9 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. സിവർ 28 പന്തുകളിൽ 30 റൺസും സ്വന്തമാക്കി. ഇതോടെ മുംബൈ 149 എന്ന ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഡൽഹിക്കും താളം പിഴക്കുന്നതാണ് കണ്ടത്. തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടമായി. മുൻനിര ബാറ്റർമാരിൽ നിന്ന് മികച്ച പ്രകടനം ഉണ്ടാവാതിരുന്നത് ഫൈനലിൽ ഡൽഹിയെ ബാധിച്ചിരുന്നു. മധ്യനിരയിൽ ജമീമ റോഡ്രഗസാണ് ഡൽഹിക്കായി പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. 21 പന്തുകളിൽ 30 റൺസ് നേടിയാണ് റോഡ്രിഗസ് പുറത്തായത്.

ശേഷം ഒരു വശത്ത് ഡൽഹിക്ക് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായി. വന്നാൽ മറുവശത്ത് മാരിസാൻ കാപ്പ് പിടിച്ചുനിന്നത് ഡൽഹിക്ക് പ്രതീക്ഷകൾ നൽകി. നിക്കിക്കൊപ്പം ചേർന്ന് ഏഴാം വിക്കറ്റിൽ മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കാപ്പിന് സാധിച്ചു. മോശം പന്തുകളെ കൃത്യമായി ആക്രമിച്ചാണ് കാപ്പ് മുൻപിലേക്ക് നീങ്ങിയത്. അവസാന 3 ഓവറുകളിൽ 29 റൺസായിരുന്നു ഡൽഹിയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 18ആം ഓവറിൽ കാപ്പിനെ പുറത്താക്കി സിവർ മുംബൈയെ കിരീടത്തിലേക്ക് അടുപ്പിച്ചു. 26 പന്തുകളിൽ 40 റൺസ് ആയിരുന്നു കാപ്പ് സ്വന്തമാക്കിയത്. അവസാന 2 ഓവറിൽ 23 റൺസാണ് ഡൽഹിയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 19ആം ഓവറിൽ മിന്നുമണിയും പുറത്തായതോടെ ഡൽഹി പരാജയം ഉറപ്പിച്ചു.

Previous articleഇന്ത്യ ദുബായിൽ കളിച്ചതാണ് പ്രശ്നം, പാകിസ്ഥാൻ സ്വന്തം മണ്ണിൽ തോറ്റതല്ല. വിമർശനവുമായി കമ്രാൻ അക്മൽ.