രണ്ടാം വിജയവുമായി ഇന്ത്യന്‍ യുവനിര. പരമ്പരയില്‍ മുന്നില്‍

സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. മത്സരത്തിൽ 23 റൺസിന്റെ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് നായകൻ ശുഭമാൻ ഗില്ലായിരുന്നു.

മത്സരത്തിൽ ഒരു തകർപ്പൻ അർദ്ധസെഞ്ച്വറി സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചു. ബോളിങ്ങിൽ വാഷിംഗ്ടൺ സുന്ദർ അടക്കമുള്ളവർ മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിൽ 2-1 എന്ന രീതിയിൽ മുൻപിലെത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ഓപ്പണർമാർ നൽകിയത്. ജയസ്വാളും ഗില്ലും ആദ്യ ഓവറുകളിൽ തന്നെ സിംബാബ്വെൻ ബോളിങ് നിരയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ജയസ്വാൾ 27 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെ 36 റൺസാണ് നേടിയത്. എന്നാൽ പവർപ്ലേയ്ക്ക് ശേഷം ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പതറി. പിന്നാലെ അഭിഷേക് ശർമയും കൂടാരം കയറി. പിന്നീട് നാലാം വിക്കറ്റിൽ ഗില്ലും ഋതുരാജും ചേർന്നായിരുന്നു ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.

നായകൻ ഗിൽ മത്സരത്തിൽ 49 പന്തുകളിൽ 66 റൺസാണ് നേടിയത്. 7 ബൗണ്ടറികളും 3 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. അവസാന ഓവറുകളിൽ മികവ് പുലർത്തിയ ഋതുരാജ് 28 പന്തുകളിൽ 49 റൺസ് നേടുകയുണ്ടായി. 4 ബൗണ്ടറികളും 3 സിക്സറുകളും ആയിരുന്നു ഋതുവിന്റെ സമ്പാദ്യം. സഞ്ജു സാംസൺ 7 പന്തുകളിൽ 12 റൺസുമായി ഫിനിഷിങ്ങും നടത്തിയപ്പോൾ ഇന്ത്യ 182 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്വെയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിൽ ആക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഓപ്പണർ മദെവേരയുടെ(1) വിക്കറ്റ് തുടക്കത്തിൽ തന്നെ ആവേഷ് ഖാൻ വീഴ്ത്തി. ശേഷം ബെന്നറ്റും(4) മറുമണിയും(13) കൂടാരം കയറിയതോടെ സിംബാബ്വെ തകർന്നു. പിന്നീട് മത്സരത്തിൽ ശക്തമായ നിലയിൽ തിരിച്ചെത്താൻ സിംബാബ്വെ ടീമിന് സാധിച്ചില്ല. നാലാമനായി എത്തിയ മയേഴ്സ്(65) ക്രീസിലുറച്ചെങ്കിലും ഇന്ത്യൻ സ്കോറിലേക്ക് എത്താൻ നന്നായി വിയർക്കുന്നതാണ് കണ്ടത്. മറുവശത്ത് ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്തു. കേവലം 15 റൺസ് മാത്രം വിട്ട് നൽകിയാണ് സുന്ദർ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.

Previous articleമൂന്നാം ട്വന്റി20യിൽ സഞ്ജു വൈസ് ക്യാപ്റ്റൻ. ഭാവി നായകനെന്ന് സൂചന നൽകി നീക്കം.
Next articleഎല്ലാവരും ടീമിനായി സംഭാവന നൽകി. നിർണായക വിജയമെന്ന് ശുഭ്മാൻ ഗിൽ.