“2024 ലോകകപ്പ് വിജയം 2007ലേതിനേക്കാൾ സ്പെഷ്യലാണ് “- രോഹിത് ശർമ പറയുന്നു.

2024 ട്വന്റി20 ലോകകപ്പ് സ്വന്തമാക്കി സ്വന്തം നാട്ടിലെത്തിയ ഇന്ത്യൻ ടീമിന് വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ഇന്ത്യയുടെ വിജയം ആഘോഷിക്കുകയുണ്ടായി.

17 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യ ഒരു ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ആദ്യമായി ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് കിരീടം സ്വന്തമാക്കിയത് 2007ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ആയിരുന്നു. എന്നാൽ അന്ന് കിരീടം സ്വന്തമാക്കിയപ്പോൾ ലഭിച്ച സന്തോഷത്തേക്കാൾ അധികമാണ് 2024ൽ കപ്പടിച്ചപ്പോൾ ലഭിച്ചത് എന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി.

താൻ ടീമിന്റെ നായകനായിരുന്നതിനാൽ തന്നെ ഈ ലോകകപ്പ് തനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് എന്നാണ് രോഹിത് ശർമ കൂട്ടിച്ചേർത്തത്. ബിസിസിഐ പുറത്തുവിട്ട ഒരു വീഡിയോയിലാണ് രോഹിത് ശർമ ഇക്കാര്യം ബോധിപ്പിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് തന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലാണ് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. ഒരു താരം എന്ന നിലയിൽ 2007 ലോകകപ്പ് സ്വന്തമാക്കാൻ തനിക്ക് സാധിച്ചു എന്ന് രോഹിത് കൂട്ടിച്ചേർത്തു. പക്ഷേ ടീമിനെ നയിച്ച് വിജയത്തിൽ എത്തിക്കുക എന്നത് ഒരുപാട് അഭിമാനം നൽകുന്നു എന്നാണ് രോഹിത് പറയുന്നത്.

“2007 ലോകകപ്പ് ഞങ്ങൾക്ക് വ്യത്യസ്തമായ ഒരു വികാരമായിരുന്നു. അത് ഞങ്ങൾക്ക് മറക്കാൻ പോലും സാധിക്കില്ല. കാരണം അതായിരുന്നു പ്രാഥമിക ലോകകപ്പ്. പക്ഷേ ഇത് കുറച്ചുകൂടി സ്പെഷ്യലാണ്. കാരണം ഞാൻ ടീമിന്റെ നായകനായിരുന്നു. അതിനാൽ എനിക്കിപ്പോൾ വലിയ അഭിമാനമാണ് തോന്നുന്നത്. വളരെ ഭ്രാന്തമായ വികാരമാണ് എനിക്ക് ഉള്ളത്. ഞാൻ വളരെ ആവേശത്തിലാണ്. ഞാൻ മാത്രമല്ല എന്റെ രാജ്യം പൂർണമായും ആവേശത്തിൽ നിൽക്കുകയാണ്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യം തന്നെയാണ്. എന്റെ രാജ്യത്തിനായി ഇത്തരം ഒരു അംഗീകാരം നേടാൻ സാധിച്ചതിൽ വലിയ സന്തോഷമാണുള്ളത്.”- രോഹിത് ശർമ പറഞ്ഞു.

ലോകകപ്പ് സ്വന്തമാക്കി കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ തങ്ങളുടെ ജന്മനാട്ടിൽ കാലുകുത്തിയത്. വലിയ രീതിയിലുള്ള സ്വീകരണമാണ് എയർപോർട്ട് മുതൽ ഇന്ത്യൻ ടീമിന് ലഭിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ 33,000 കാണികൾക്കിടയിലാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് വിജയം ആഘോഷിച്ചത്. തങ്ങളുടെ ക്രിക്കറ്റ് കരിയറിൽ തന്നെ വലിയ പ്രാധാന്യം നൽകിയിരുന്ന ഒന്നായിരുന്നു ട്വന്റി20 ലോകകപ്പ് എന്ന് വിരാട് കോഹ്ലി ആഘോഷ സമയത്ത് അറിയിക്കുകയുണ്ടായി. ഇന്ത്യ ക്രിക്കറ്റിനെ സംബന്ധിച്ച് മറ്റൊരു ഏട് കൂടിയാണ് 2024 ട്വന്റി20 ലോകകപ്പ്.

Previous articleവന്ദേമാതരം പാടി, രോമാഞ്ചം കൊള്ളിച്ച്, വാങ്കഡെയിൽ ഇന്ത്യയുടെ വിജയ ലാപ്. വൈറൽ വീഡിയോ.
Next article2024 ലോകകപ്പ് വിജയം യുവരാജിനെ വികാരഭരിതനാക്കി. ഒരുപാട് പ്രചോദനമായെന്ന് അഭിഷേക് ശർമ.