ബോർഡർ- ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിനിടെ മൈതാനത്ത് നടത്തിയ മോശം പെരുമാറ്റത്തിന്റെ പേരിൽ വിരാട് കോഹ്ലിക്ക് പിഴ ചുമത്തി ഐസിസി. മത്സരത്തിലെ ഫീസിന്റെ 20% ആണ് വിരാട് കോഹ്ലി പിഴയായി നൽകേണ്ടത്. മാത്രമല്ല കോഹ്ലിയുടെ പേരിൽ ഒരു ഡിമെറിറ്റ് പോയിന്റ് വിധിക്കപ്പെട്ടിട്ടുണ്ട്.
മത്സരത്തിൽ ഓസ്ട്രേലിയയുടെ യുവതാരം സാം കോൺസ്റ്റസ് തോളിൽ ഇടിച്ചതിന്റെ പേരിലാണ് വിരാട് കോഹ്ലിയ്ക്ക് പിഴ ചുമത്തിരിക്കുന്നത്. യാതൊരു തരത്തിലും ഒരു താരത്തിനും മറ്റൊരു താരത്തെ സ്പർശിക്കേണ്ട ആവശ്യം വരാത്ത കായിക ഇനമാണ് ക്രിക്കറ്റ്. എന്നാൽ മത്സരങ്ങളിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല എന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
“ഏതു തരത്തിലാണെങ്കിലും കളിക്കാർ തമ്മിലുള്ള ശാരീരിക പോരാട്ടങ്ങൾ ക്രിക്കറ്റിൽ ഒരിക്കലും അനുവദിക്കാൻ സാധിക്കില്ല. ആരെങ്കിലും നിയമവിരുദ്ധമായി മറ്റൊരു താരത്തിന്റെ തോളിലോ മറ്റോഇടിക്കുകയാണെങ്കിൽ അതിനെതിരെ ശക്തമായ നടപടി തന്നെ കൈക്കൊള്ളേണ്ടതുണ്ട്. ഇതിനോടകം തന്നെ ഐസിസി ഇതേ സംബന്ധിച്ച് ഗൗരവകരമായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു താരം മറ്റൊരു താരത്തെ ഇടിച്ചത് അറിഞ്ഞു കൊണ്ടാണോ എന്നതാണ് ആദ്യം പരിശോധിക്കുന്നത്. മാത്രമല്ല ശാരീരിക പോരാട്ടത്തിന്റെ ആഴവും ഐസിസി വിലയിരുത്തും.”- ഐസിസി നിയമത്തിൽ പറയുകയുണ്ടായി.
ഈ സംഭവത്തെ പറ്റി മുൻ ഓസ്ട്രേലിയൻ താരം പോണ്ടിങ്ങും സംസാരിച്ചിരുന്നു. “മൈതാനത്ത് വിരാട്, താൻ നിന്നിരുന്ന പിച്ചിന്റെ ഭാഗത്തുനിന്ന് വലതു വശത്തേക്ക് നടന്നുവരികയാണ് ഉണ്ടായത്. അതുകൊണ്ടു തന്നെ കൃത്യമായി ഒരു നിരീക്ഷണം വിരാടിന് ഉണ്ടായിരുന്നു. എന്തായാലും ഈ സംഭവം അമ്പയർമാരും റഫറിയും കൃത്യമായി നോക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. കാരണം ഈ സാഹചര്യങ്ങളിൽ ഫീൽഡർമാർ ഒരിക്കലും ബാറ്റർമാരുടെ അടുത്ത് പോലുമല്ല. മൈതാനത്തുള്ള എല്ലാ ഫീൽഡർമാർക്കും ഓവറുകൾ അവസാനിക്കുമ്പോൾ ബാറ്റർമാർ പരസ്പരം എൻഡുകളിൽ നിന്നും മാറുമെന്ന് അറിയാം.”- പോണ്ടിംഗ് പറയുന്നു.
“ഈ സംഭവത്തിൽ കോൺസ്റ്റസ് വളരെ താമസിച്ചാണ് കോഹ്ലിയെ കണ്ടത്. ആരാണ് തന്റെ മുൻപിലുള്ളത് എന്നതുപോലും അവന് അറിയില്ലായിരുന്നു. പക്ഷേ വിരാട് കോഹ്ലിയുടെ കാര്യത്തിൽ അങ്ങനെയല്ല. കോഹ്ലി ചില കാര്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്.”- പോണ്ടിംഗ് കൂട്ടിച്ചേർത്തു. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയും വിരാട് കോഹ്ലിയെ പ്രതികൂലിച്ചാണ് സംസാരിച്ചത്. ഫീൽഡർമാർ കൃത്യമായി ഒരു ലൈൻ പാലിക്കണമെന്നും അതിനപ്പുറത്തേക്ക് കടക്കാൻ പാടില്ല എന്നുമാണ് രവി ശാസ്ത്രി പറഞ്ഞത്. എന്തായാലും മത്സരത്തിന്റെ ആദ്യ ദിവസം വിവാദങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.