ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 68 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ രോഹിത് ശർമയും സൂര്യകുമാർ യാദവുമായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്.
ബോളിങ്ങിൽ അക്ഷർ പട്ടേലും കുൽദീപ് യാദവും മികവ് പുലർത്തിയപ്പോൾ ഇന്ത്യ കണക്കു തീർക്കുകയായിരുന്നു. 2022 ലോകകപ്പിന്റെ സെമിഫൈനലിൽ 10 വിക്കറ്റുകൾക്ക് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഇന്ത്യ 2024 ലോകകപ്പിന്റെ സെമിയിൽ തീർത്തിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയുടെ സാന്നിധ്യം ഉണ്ടായിരുന്ന മത്സരത്തിൽ മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. പതിവുപോലെ വിരാട് കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം റിഷഭ് പന്തും മടങ്ങിയതോടെ മത്സരത്തിൽ ഇന്ത്യ ഒന്ന് പതുങ്ങി.
എന്നാൽ ഒരുവശത്ത് നായകൻ രോഹിത് ശർമ ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്. ഒപ്പം സൂര്യകുമാർ യാദവും ചേർന്നതോടെ മൂന്നാം വിക്കറ്റിൽ ഒരു ശക്തമായ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ലഭിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. രോഹിത് മത്സരത്തിൽ 39 പന്തുകളിൽ 57 റൺസ് ആണ് നേടിയത്.
സൂര്യകുമാർ മത്സരത്തിൽ 36 പന്തുകളിൽ 47 റൺസ് നേടുകയുണ്ടായി. പക്ഷേ ഇരുവരുടെയും വിക്കറ്റുകൾ ചെറിയ ഇടവേളയിൽ നഷ്ടമായത് ഇന്ത്യയെ ബാധിച്ചിരുന്നു. പിന്നീടെത്തിയ ഹർദിക് പാണ്ഡ്യയ്ക്ക് നിർണായക സമയത്ത് വെടിക്കെട്ട് തീർക്കാൻ സാധിച്ചു. 13 പന്തുകൾ മത്സരത്തിൽ നേരിട്ട് പാണ്ഡ്യ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളുമടക്കം 23 റൺസാണ് നേടിയത്.
ജഡേജ 9 പന്തുകളിൽ 17 റൺസുമായി അവസാന ഓവറുകളിൽ ആളിക്കത്തി. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ 171 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടാനാണ് തയ്യാറായത്.
ആദ്യ ഓവറുകളിൽ നായകൻ ജോസ് ബട്ലർ ആക്രമണം അഴിച്ചു വിടുകയുണ്ടായി. 15 പന്തുകളിൽ 23 റൺസാണ് ബട്ലർ നേടിയത്. പക്ഷേ അക്ഷറിന്റെ ആദ്യ പന്തിൽ തന്നെ ബട്ലർ കൂടാരം കയറി. പിന്നാലെ സോൾട്ടിനെ(5) പുറത്താക്കി ബുമ്ര വീര്യം കാട്ടിയതോടെ ഇന്ത്യ മത്സരത്തിലേക്ക് എത്തുകയായിരുന്നു.
ശേഷം മോയിൻ അലിയെയും(8) ബേയർസ്റ്റോയെയും(0) പുറത്താക്കാൻ അക്ഷറിന് സാധിച്ചു. ഒപ്പം കുൽദീവ് യാദവും വിക്കറ്റ് കോളത്തിൽ സ്ഥാനം പിടിച്ചതോടെ ഇംഗ്ലണ്ട് 49 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പരുങ്ങി. ശേഷം ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ഇംഗ്ലണ്ട് ബാറ്റർമാർ ബുദ്ധിമുട്ടുന്നതാണ് കാണാൻ സാധിച്ചത്.
പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. ഇന്ത്യക്കായി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത് സ്പിന്നർമാർ തന്നെയാണ്
4 ഓവറുകളിൽ 19 റൺസ് മാത്രം വിട്ടുനൽകിയാണ് കുൽദീപ് യാദവ് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. അക്ഷർ 4 ഓവറുളിൽ 23 റൺസ് വിട്ടുനൽകി 3 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി.
മത്സരത്തിൽ 68 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.