ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. അത്യന്തം ആവേശകരമായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ലോ സ്കോറിംഗ് ത്രില്ലർ ആയിരുന്ന മത്സരത്തിൽ 43 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപിയായി മാറിയത്.
ഇന്ത്യയ്ക്കായി സ്പിന്നർ വരുൺ ചക്രവർത്തി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഈ വിജയത്തോടെ പരമ്പര 1-1 എന്ന രീതിയിൽ സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പൂജ്യനാക്കി മടക്കിയത് ദക്ഷിണാഫ്രിക്ക ആരംഭിച്ചത്. ശേഷം അഭിഷേക് ശർമയും സൂര്യകുമാർ യാദവും പെട്ടെന്ന് തന്നെ കൂടാരം കയറിയതോടെ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. പിന്നീടെത്തിയ തിലക് വർമയും അക്ഷർ പട്ടേലും ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കോറിംഗ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. ഇതോടെ ഇന്ത്യ ദയനീയമായ അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
ഒരുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും മറുവശത്ത് ഹർദിക് പാണ്ട്യ ഇന്ത്യയ്ക്കായി ക്രീസിലുറച്ചു. അവസാന ഓവറുകളിൽ ഹർദിക് ഒറ്റയ്ക്ക് നിന്ന് പോരാടാൻ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ ബോളിംഗ് ലൈനപ്പിന് മുൻപിൽ പരാജയപ്പെട്ടു. മത്സരത്തിൽ 45 പന്തുകളിൽ 39 റൺസ് നേടിയ ഹർദിക് പുറത്താവാതെ നിന്നു. എന്നിരുന്നാലും ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറുകളിൽ 124 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർമാർ മികച്ച തുടക്കം നൽകി. എന്നാൽ റിക്കൽട്ടനെ പുറത്താക്കി അർഷദീപ് സിംഗ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
പിന്നീട് വരുൺ ചക്രവർത്തിയുടെ ഒരു വെടിക്കെട്ട് പ്രകടനമാണ് മത്സരത്തിൽ കണ്ടത്. കൃത്യമായ ഇടവേളകളിൽ ഇന്ത്യക്കായി വിക്കറ്റുകൾ സ്വന്തമാക്കാൻ ചക്രവർത്തിയ്ക്ക് സാധിച്ചു. അപകടകാരികളായ ബാറ്റർമാരെ വിക്കറ്റിന് മുൻപിൽ ചക്രവർത്തി കുടുക്കുകയായിരുന്നു. മാത്രമല്ല ക്ലാസൺ, ഡേവിഡ് മില്ലർ എന്നീ വെടിക്കെട്ട് ബാറ്റർമാരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ഇന്ത്യയ്ക്ക് വരുൺ പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ സ്റ്റബ്സും ജെറാൾഡ് കോഎറ്റ്സിയും അടിച്ച് തകർത്തതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.