ആശ ശോഭനക്ക് 5 വിക്കറ്റ്. ത്രില്ലര്‍ പോരാട്ടത്തില്‍ വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ

shobjna

2024 വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ 2 റൺസിന്റെ ആവേശ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി വിക്കറ്റ് കീപ്പർ റിച്ചയായിരുന്നു തിളങ്ങിയത്.

ബോളിങ്ങിൽ മലയാളി താരം ശോഭന ആശ 5 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ബാംഗ്ലൂർ വിജയത്തിൽ എത്തുകയായിരുന്നു. മറുവശത്ത് യുപി വാരിയേഴ്സിനെ സംബന്ധിച്ച് കൈവെള്ളയിൽ ഇരുന്ന വിജയം വിട്ടു നൽകുകയാണ് ഉണ്ടായത്. എന്തായാലും സീസണിൽ മികച്ച തുടക്കം തന്നെയാണ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്.

ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ യുപി വാരിയേഴ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. യുപിയ്ക്ക് ഓപ്പണർമാരായ സോഫി ഡിവൈനിന്റെയും(1) സ്മൃതി മന്ദനയുടെയും(13) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം മൂന്നാമതായി ക്രീസിലെത്തിയ മേഘനയാണ് യുപിക്കായി മധ്യ ഓവറുകളിൽ റൺസ് കണ്ടെത്തിയത്.

44 പന്തുകളിൽ 53 റൺസ് സ്വന്തമാക്കാൻ മേഘനയ്ക്ക് സാധിച്ചിരുന്നു. ശേഷം വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് യുപിയ്ക്കായി ആക്രമണം അഴിച്ചുവിടുകയുണ്ടായി. മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴും റിച്ച പതറിയില്ല. 37 പന്തുകൾ നേരിട്ട റിച്ച 62 റൺസാണ് മത്സരത്തിൽ നേടിയത്. 12 ബൗണ്ടറികൾ റിച്ചയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ഇതോടെ ബാംഗ്ലൂർ മത്സരത്തിൽ ഒരു ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. യുപിയ്ക്കായി ഗൈക്വാഡ് 2 വിക്കറ്റുകൾ സ്വന്തമാക്കി. 158 എന്ന വിജയലക്ഷം മുന്നിൽകണ്ട് ഇറങ്ങിയ യുപിയ്ക്ക് തുടക്കത്തിൽ തന്നെ തങ്ങളുടെ നായിക ഹീലിയുടെ(5) വിക്കറ്റ് നഷ്ടമായി.

മഗ്രാത്ത്(22) ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും നിർണായക സമയത്ത് പുറത്തായത് യുപിയെ ബാധിച്ചിരുന്നു. ശേഷമാണ് ഗ്രേസ് ഹാരിസ് ക്രീസിലെത്തി വെടിക്കെട്ട് തീർത്തത്. 2023 വനിതാ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഹാരിസ് അത് ആവർത്തിക്കുന്നതാണ് ബാംഗ്ലൂരിലും കാണാൻ സാധിച്ചത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

ഒപ്പം ശ്വേതാ സെറാവത് കൂടി ആക്രമണം അഴിച്ചു വിട്ടതോടെ നാലാം വിക്കറ്റിൽ ഒരു മികച്ച കൂട്ടുകെട്ട് യുപിയ്ക്ക് ലഭിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 46 പന്തുകളിൽ 77 റൺസാണ് നേടിയത്. സെറാവത് 25 പന്തുകളിൽ 31 റൺസ് നേടി. ഹാരിസ് 23 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 38 റൺസാണ് നേടിയത്.

എന്നാൽ മത്സരത്തിന്റെ പതിനേഴാം ഓവറിൽ ശോഭന ആശ ബാംഗ്ലൂരിനായി 3 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ യുപി സമ്മർദ്ദത്തിലായി. അവസാന രണ്ട് ഓവറുകളിൽ 16 റൺസായിരുന്നു യുപിയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ പൂനം കേമ്നാര്‍ ബൗണ്ടറി സ്വന്തമാക്കിയതോടെ യുപി വിജയത്തിലേക്ക് അടുത്തു. എന്നാൽ ഓവറിലെ നാലാം പന്തിൽ കേമ്നാര്‍ കൂടാരം കയറുകയും ചെയ്തു.

അവസാന ഓവറിൽ 11 റൺസായിരുന്നു യുപി വാരിയേഴ്സിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തിൽ ദീപ്തി ശർമ ഒരു സിംഗിൾ മാത്രമാണ് നേടിയത്. അടുത്ത 3 പന്തുകളിലും യുപി ബാറ്റർമാർക്ക് വലുതായൊന്നും നേടാൻ സാധിച്ചില്ല. ഇതോടുകൂടി വിജയലക്ഷ്യം 2 പന്തുകളിൽ 9 റൺസായി മാറി. എന്നാൽ അഞ്ചാം പന്തിൽ ദീപ്തി ശർമ ബൗണ്ടറി കണ്ടെത്തിയതോടെ അവസാന പന്തിൽ യുപിയുടെ വിജയലക്ഷ്യം 5 റൺസായി. എന്നാൽ അവസാന പന്തിൽ 2 റൺസ് മാത്രമാണ് ദീപ്തിക്ക് നേടാൻ സാധിച്ചത്. ഇതോടെ മത്സരത്തിൽ 2 റൺസിന് ബാംഗ്ലൂർ വിജയം സ്വന്തമാക്കി.

Scroll to Top