ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കാഴ്ചവെച്ചത്. ആദ്യ രണ്ടു ട്വന്റി20കളിലും ഡക്കായി പുറത്തായതോടെ ഒരുപാട് വിമർശനങ്ങൾ രോഹിത്തിനെ തേടിയെത്തിയിരുന്നു. എന്നാൽ എല്ലാത്തിനുമുള്ള മറുപടി ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ് രോഹിത് ശർമ ഇപ്പോൾ.
അഫ്ഗാനിസ്ഥാനെതിരെ ഒരു വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് രോഹിത് തന്റെ ബാറ്റിംഗ് കഴിവ് പുറത്തെടുത്തത്. മത്സരത്തിൽ ഇന്ത്യയെ കൈപിടിച്ചു കയറ്റിയ ഇന്നിങ്സാണ് രോഹിത് കളിച്ചത്. 69 പന്തുകളിൽ നിന്ന് 121 റൺസ് സ്വന്തമാക്കാൻ രോഹിത്തിന് മത്സരത്തിൽ സാധിച്ചു.
22ന് 4 എന്ന ഇന്ത്യ തകർന്ന നിമിഷത്തിൽ യാതൊരു കൂസലുമില്ലാതെ ബാറ്റ് വീശുന്ന രോഹിത് ശർമയെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതോടെ ഒരു അപൂർവ റെക്കോർഡും സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയിട്ടുള്ള താരം എന്ന റെക്കോർഡാണ് രോഹിത് ശർമ പേരിൽ ചേർത്തത്.
ഇതുവരെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി 5 സെഞ്ച്വറികൾ രോഹിത് ശർമ നേടിക്കഴിഞ്ഞു. 4 സെഞ്ചുറികൾ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നേടിയിട്ടുള്ള സൂര്യകുമാർ യാദവിനെയും ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലിനെയും മറികടന്നാണ് രോഹിത് ഈ നേട്ടം കയ്യടക്കിയത്.
ഒരു ഇന്ത്യൻ താരത്തിന്റെ ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡിൽ നാലാം സ്ഥാനത്ത് എത്താൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ന്യൂസിലാൻഡിനെതിരെ ട്വന്റി20 മത്സരത്തിൽ 126 റൺസ് സ്വന്തമാക്കി ശുഭ്മാന്‍ ഗില്ലാണ് ഈ റെക്കോർഡിൽ ഒന്നാമൻ.
ഓസ്ട്രേലിയക്കെതിരായ ട്വന്റി20 മത്സരത്തിൽ 123 റൺസ് നേടിയ ഋതുരാജ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. അഫ്ഗാനിസ്ഥാനെതിരെ 2022ൽ 122 റൺസ് സ്വന്തമാക്കിയ കോഹ്ലിയാണ് മൂന്നാം സ്ഥാനത്ത്. ഇതിന് ശേഷമാണ് രോഹിത് ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
പൂർണ്ണമായും വെടിക്കെട്ട് തീർത്താണ് രോഹിത് ശർമ മത്സരത്തിലുടനീളം കളിച്ചത്. ഇന്ത്യ തകർന്ന സമയത്ത് ഇന്നിംഗ്സ് പതിയെ കെട്ടിപ്പൊക്കാനാണ് രോഹിത് ശ്രമിച്ചത്. 10 ഓവറുകൾക്ക് ശേഷം രോഹിത് ശർമ തന്റെ ഭീകരമായ ഫോമിലേക്ക് ഉയരുകയായിരുന്നു.
പുൾ ഷോട്ടുകൾ കൊണ്ടും സുന്ദരമായ ഡ്രൈവുകൾ കൊണ്ടും രോഹിത് ശർമ അഫ്ഗാനിസ്ഥാൻ ബോളർമാരെ പഞ്ഞിക്കിട്ടു. മത്സരത്തിൽ 11 ബൗണ്ടറികളും 8 സിക്സറുകളുമാണ് ഇന്ത്യൻ നായകൻ നേടിയത്. ഇതോടെ ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറുകളിൽ 212 എന്ന നിലയിൽ എത്തിയിട്ടുണ്ട്.