ഇന്ത്യൻ ടീമിൽ ആക്രമണ മനോഭാവത്തോടെ ബാറ്റ് ചെയ്യുന്നവരിൽ ഏറ്റവും മുൻപിലാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. വിക്കറ്റിന് പിന്നിൽ എല്ലായിപ്പോഴും മികവ് പുലർത്താറുള്ള പന്ത് നിലവിലെ ഇന്ത്യയുടെ ആദ്യ ചോയിസ് വിക്കറ്റ് കീപ്പർ കൂടിയാണ്. എന്നാൽ ഡൽഹി പ്രീമിയർ ലീഗിന്റെ 2024 സീസണിൽ തന്റെ ആരാധകരെ അടക്കം ഞെട്ടിക്കുന്ന നീക്കമാണ് റിഷഭ് പന്ത് നടത്തിയിരിക്കുന്നത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബോൾ ചെയ്താണ് പന്ത് എല്ലാവരെയും കയ്യിൽ എടുത്തത്. വളരെ വ്യത്യസ്തമായ ബോളിംഗ് ശൈലിയിലാണ് മത്സരത്തിൽ പന്ത് ബോൾ ചെയ്തത്.
അവസാന ഓവറിന് മുൻപ് തന്നെ മത്സരത്തിന്റെ ഫലം വ്യക്തമായിരുന്നു. അതിനാൽ വലിയൊരു പരീക്ഷണത്തിന് പന്ത് മുതിരുകയായിരുന്നു. ആ സമയത്ത് സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസിന് വിജയിക്കാൻ ഒരു റൺ മാത്രമായിരുന്നു ആവശ്യം. ഈ സമയത്താണ് പന്ത് ബോൾ കയ്യിലെടുത്തത്. ഇത് ആരാധകരിൽ അടക്കം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഡൽഹി പ്രീമിയർ ലീഗിന്റെ പ്രമോഷന്റെ ഭാഗമായാണ് ആദ്യ മത്സരത്തിൽ പന്ത് കളിച്ചത്. എന്നിരുന്നാലും അവസാന ഓവറിൽ പന്തിന്റെ ഈ പരീക്ഷണത്തിനെതിരെ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിരുന്നു.
ഗൗതം ഗംഭീറിനെ ഇന്ത്യ തങ്ങളുടെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തത് കൊണ്ടാണ് പന്ത് ഇത്തരത്തിൽ ബോൾ ചെയ്യാൻ തയ്യാറായത് എന്ന് ആരാധകർ പറയുന്നു. ഗംഭീർ ഇന്ത്യയുടെ പരിശീലകനായി എത്തിയതിന് ശേഷം ഇന്ത്യയുടെ മുൻനിരയിലുള്ള ബാറ്റർമാരൊക്കെയും ബോളിങ്ങിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയുണ്ടായി.
രോഹിത് ശർമ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് തുടങ്ങിയവർ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബോൾ ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പന്തും രംഗത്ത് എത്തിയത്. കേവലം ബാറ്റർ എന്നതിലുപരി ഒരു ഓൾറൗണ്ടറായി ടീമിൽ കളിക്കാനുള്ള പന്തിന്റെ തന്ത്രമാണോ ഇത് എന്നും ആരാധകർ ചോദിക്കുന്നു.
മറുവശത്ത് സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് വലിയ വെല്ലുവിളിയാണ് പന്ത് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ കഴിവുകൾ പന്ത് പുറത്തെടുക്കുന്നത് മറ്റ് വിക്കറ്റ് കീപ്പർമാർക്ക് പ്രതികൂലമായി വന്നേക്കാം. എന്നിരുന്നാലും മത്സരത്തിൽ വേണ്ട രീതിയിൽ ബാറ്റിംഗിൽ തിളങ്ങാൻ താരത്തിന് സാധിച്ചില്ല. 32 ബോളുകൾ നേരിട്ട പന്ത് കേവലം 35 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിലെ പ്രധാന താരം തന്നെയായിരുന്നു റിഷഭ് പന്ത്.