അവസാന പന്തിൽ മലയാളി താരത്തിന്റെ ധോണി സ്റ്റൈൽ സിക്സർ. വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്ക് വിജയം

sajana sajeevan

2024 വനിതാ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസ് ടീമിനെ അവസാന പന്തിൽ അടിച്ചൊതുക്കിയാണ് മുംബൈ വിജയം കണ്ടത്. 4 വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ വിജയം.

നായിക ഹർമൻപ്രീത് കോറിന്റെയും യാഷ്ടിക ഭാട്ടിയയുടെയും വെടിക്കെട്ട് അർത്ഥ സെഞ്ച്വറികളാണ് മുംബൈയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഒപ്പം അവസാന പന്തിൽ ഒരു തകർപ്പൻ സിക്സർ നേടി മലയാളി താരം സജന മുംബൈയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 2023 വനിതാ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാർക്ക് ഒരു സ്വപ്നതുല്യമായ തുടക്കം തന്നെയാണ് 2024 എഡിഷനിലും ഇതോടെ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് മുംബൈയ്ക്ക് പേസർമാർ നൽകിയത്. അപകടകാരിയായ ഡൽഹി ഓപ്പണർ ഷഫാലി വർമ്മയെ(1) തുടക്കത്തിൽ തന്നെ മടക്കാൻ മുംബൈയ്ക്ക് സാധിച്ചു.

എന്നാൽ ലാനിങ്(31) ആദ്യ സമയങ്ങളിൽ തിളങ്ങി. പിന്നീട് മൂന്നാമനായി എത്തിയ അലിസ് ക്യാപ്സി അടിച്ചു തകർത്തതോടെ ഡൽഹിയുടെ സ്കോർ കുതിക്കുകയായിരുന്നു. ഒപ്പം റോഡ്രിഗസും മുംബൈക്കെതിരെ ആക്രമണം അഴിച്ചു വിട്ടു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ടാണ് ഡൽഹിക്കായി കെട്ടിപ്പടുത്തത്. ക്യാപ്സി മത്സരത്തിൽ 53 പന്തുകളിൽ 9 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 75 റൺസ് നേടി.

റോഡ്രിഗസ് 24 പന്തുകളിൽ 42 റൺസ് ആണ് നേടിയത്. ഇതോടെ ഡൽഹി മത്സരത്തിൽ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ഡൽഹി സ്വന്തമാക്കിയത്. മുംബൈ ബോളിങ് നിരയിൽ നാറ്റ് സിവർ ബ്രൻഡ്, അമേലിയ കേർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി.

See also  സഞ്ജുവിന്റെ ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ഡുപ്ലെസിസ് പറയുന്നു.

172 എന്ന് വിജയലക്ഷം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. വലിയ പ്രതീക്ഷയായിരുന്ന ഹെയിലി മാത്യൂസ് റൺസൊന്നും എടുക്കാതെ മടങ്ങി. എന്നാൽ മറ്റൊരു ഓപ്പണറായ യാഷ്ടിക ഭാട്ടിയ ക്രീസിൽ ഉറച്ചത് മുംബൈയ്ക്ക് ആശ്വാസമായി. 45 പന്തുകളിൽ 57 റൺസാണ് ഭാട്ടിയ നേടിയത്.

പിന്നീട് നായിക ഹർമൻ പ്രീത് കൗർ അവസരത്തിനൊത്ത് ഉയരുന്നതാണ് കാണാൻ സാധിച്ചത്. കൃത്യമായ സമയത്ത് സ്കോറിംഗ് ഉയർത്തി മത്സരത്തിൽ മുംബൈയെ വിജയത്തിന് അടുത്തേക്ക് എത്തിക്കാൻ ഹർമൻ പ്രീറ്റിന് സാധിച്ചു. ഒപ്പം 18 പന്തുകളില്‍ 24 റൺസ് നേടിയ അമേലിയ കേർ ഹർമൻ പ്രീറ്റിന് മികച്ച പിന്തുണ നൽകി. അവസാന രണ്ട് ഓവറുകളിൽ 22 റൺസായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ ഒരു തകർപ്പൻ സിക്സർ ഹർമൻപ്രീറ്റ് സ്വന്തമാക്കിയതോടെ മുംബൈയുടെ വിജയലക്ഷ്യം അവസാന ഓവറിൽ 12 റൺസായി കുറഞ്ഞു.

അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി ക്യാപ്സി ഡൽഹിക്ക് മുൻതൂക്കം നൽകുകയായിരുന്നു. ശേഷം അവസാന 3 പന്തുകളിൽ 9 റൺസ് വേണമെന്നിരിക്കെ ഹർമൻപ്രീത് കോർ ഒരു തകർപ്പൻ ബൗണ്ടറി സ്വന്തമാക്കുകയായിരുന്നു. എന്നാൽ അടുത്ത പന്തിൽ ഹർമൻ പ്രീറ്റിന്റെ വിക്കറ്റ് സ്വന്തമാക്കി ക്യാപ്സി തിരിച്ചടിച്ചു. 34 പന്തുകളിൽ 55 റൺസാണ് മുംബൈയുടെ നായിക നേടിയത്. ഇതോടെ അവസാന പന്തിൽ 5 റൺസായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവസാന പന്തിൽ മലയാളി താരം സജന സിക്സർ സ്വന്തമാക്കിയതോടെ മുംബൈ ത്രസിപ്പിക്കുന്ന വിജയം മത്സരത്തിൽ നേടി.

Scroll to Top