ഇന്ത്യൻ നായകൻ രോഹിത് ശർമയെ അങ്ങേയറ്റം പ്രശംസിച്ച് ഇന്ത്യയുടെ മുൻ ബാറ്ററും നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ്ഡുമായ വിഎസ് ലക്ഷ്മൺ. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനമാണ് പിഴച്ചത് എന്ന് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഈ പിഴവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രോഹിത് തയ്യാറായതിനെ പ്രശംസിച്ചാണ് ലക്ഷ്മൺ രംഗത്ത് എത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കേവലം 46 റൺസിന് ഓൾ ഔട്ടാവുകയിരുന്നു. ഇതിന് ശേഷമാണ് ആദ്യ ഇന്നിങ്സ് ദുരന്തത്തിന്റെ ഉത്തരവാദിത്വം രോഹിത് ഏറ്റെടുത്തത്.
പിഴവുകൾ മനുഷ്യ സഹജമാണെന്നും അത് അംഗീകരിക്കാനുള്ള മനസ്സിനെ നമ്മൾ മനസ്സിലാക്കണമെന്നും ലക്ഷ്മൺ പറയുന്നു. “ലീഡർമാരെ സംബന്ധിച്ച് ഇത്തരത്തിലുള്ള പിഴവുകൾ സംഭവിച്ചേക്കാം. മത്സരത്തിൽ നമ്മൾ ടോസ് നേടുകയും ബാറ്റിംഗ് തിരഞ്ഞെടുക്കുകയുമാണ് ഉണ്ടായത്. ശേഷം 46 റൺസിന് നമ്മൾ പുറത്തായി. ഇത് നമ്മളെ പിന്നോട്ടടിച്ചു. അതിന് ശേഷം ആരാണ് പത്രസമ്മേളനത്തിന് പോയത് എന്ന് ഓർക്കുക. രോഹിത് ശർമയാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്. വിക്കറ്റിനെ പറ്റി കൃത്യമായി മനസ്സിലാക്കുന്നതിൽ അപാകതയുണ്ടായി എന്ന് രോഹിത് ശർമ അവിടെവച്ച് അംഗീകരിച്ചു. അവന്റെ തെറ്റ് അവൻ അംഗീകരിക്കുകയാണ് ചെയ്തത്.”- ലക്ഷ്മൺ പറയുന്നു.
“ഇത്തരം തീരുമാനങ്ങൾ എപ്പോഴും നമ്മുടെ ഭാഗത്ത് ശരിയായി വരണമെന്നില്ല. പക്ഷേ ടീം മോശം പ്രകടനം കാഴ്ചവച്ചപ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് രോഹിത്തിന്റെ പക്വതയാണ്. മോശം സമയത്ത് കൃത്യമായി ചോദ്യങ്ങളെ നേരിടാൻ രോഹിത് കാണിച്ച മനസ്സ് വലുതാണ്. ടീം മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോൾ അംഗീകാരം ആവശ്യമുള്ള താരത്തെ മുൻപിലേക്ക് വിടുകയാണ് രോഹിത് ചെയ്യാറുള്ളത്. ഇത്തരത്തിൽ മികച്ച നായകന്മാർ ടീമിലെ ലീഡർ തന്നെയായിരിക്കും. അതിന് ഉദാഹരണമാണ് രോഹിത് ശർമ. കാരണം അവിസ്മരണീയമായ രീതിയിലാണ് അവൻ ടീമിനെ നയിക്കുന്നത്.”- ലക്ഷ്മൺ കൂട്ടിച്ചേർത്തു.
“രോഹിത്തിന്റെ പ്രകടനത്തിൽ തന്നെ നമുക്ക് അവന്റെ നായകത്വ ശൈലി കാണാൻ സാധിക്കും. അവൻ തന്റെ സഹതാരങ്ങളോട്, ഞാൻ ആക്രമണ ശൈലിയിലാണ് കളിക്കുന്നതെന്നും, അതാണ് നമ്മുടെ ടീമിന് വേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മൈതാനത്ത് അവൻ ആക്രമണം നടത്തുന്നത്. യാതൊരു സ്വാർത്ഥതയും ഇല്ലാത്ത ബാറ്റിംഗ് തുടരാൻ രോഹിത്തിന് മൈതാനത്ത് സാധിക്കാറുണ്ട്. ചില സമയത്ത് ഇത് പോസിറ്റീവായും ചില സമയത്ത് നെഗറ്റീവായും മാറുന്നു. എന്നാൽ ശക്തമായ നിലപാടുകളാണ് രോഹിത് ഇതുവരെ എടുത്തിട്ടുള്ളത് എന്നോർക്കണം.”- ലക്ഷ്മൺ പറഞ്ഞു വയ്ക്കുന്നു.