തിലകിന്റെ സെഞ്ചുറി. യാന്‍സന്‍റെ പോരാട്ടം. ത്രില്ലിംഗ് വിജയവുമായി ഇന്ത്യ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 11 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഒരു റൺ മഴ പിറന്ന മത്സരത്തിൽ അവസാന ഓവറിലെ അർഷദീപിന്റെ മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യക്ക് രക്ഷയായത്.

ഇന്ത്യക്കായി മത്സരത്തിൽ തിലക് വർമ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. അഭിഷേക് ശർമ അർധ സെഞ്ചുറിയുമായി തിളങ്ങി. ബോളിങ്ങിൽ ഇന്ത്യക്കായി അർഷദീപ് 3 വിക്കറ്റുകൾ നേടി ദക്ഷിണാഫ്രിക്കയുടെ വേരറക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിൽ മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും തിലക് വർമയും ചേർന്ന് ഇന്ത്യയെ കൈ പിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. അഭിഷേക് ശർമ 25 പന്തുകളിൽ 3 ബൗണ്ടറുകളും 5 സിക്സറുകളുമടക്കം 50 റൺസ് നേടുകയുണ്ടായി. അഭിഷേക് പുറത്തായിട്ടും മറുവശത്ത് ഉണ്ടായിരുന്ന തിലക് വർമ വെടിക്കെട്ട് തീർക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ തിലകിന് സാധിച്ചു. 56 പന്തുകളിൽ 8 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 107 റൺസാണ് തിലക് വർമ നേടിയത്. ഇതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു. നിശ്ചിത 20 ഓവറുകളിൽ 219 എന്ന വമ്പൻ സ്കോർ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാൽ സ്കോറിംഗ് റേറ്റ് ഉയർത്തുന്നതിനിടെ നിശ്ചിത ഇടവേളകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. നായകൻ മാക്രം ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും വരുൺ ചക്രവർത്തിയുടെ പന്തിൽ കൂടാരം കയറുകയായിരുന്നു. ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നതാണ് ആദ്യ സമയത്ത് കാണാൻ സാധിച്ചത്.

പിന്നീട് അവസാന ഓവറുകളിൽ ക്ലാസനാണ് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചത്. മോശം പന്തുകളെ കൃത്യമായി തിരഞ്ഞെടുത്ത് ബൗണ്ടറി കടത്താൻ ക്ലാസന് സാധിച്ചിരുന്നു. എന്നാൽ 22 പന്തുകളിൽ 41 റൺസ് നേടിയ ക്ലാസനെ പതിനെട്ടാം ഓവറിൽ പുറത്താക്കി അർഷദീപ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പിന്നീട് മാർക്കോ യാൻസൻ വിജയത്തിനായി കിണഞ്ഞു ശ്രമിക്കുകയുണ്ടായി. മത്സരത്തിലെ അവസാന ഓവറിൽ 25 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറിലെ രണ്ടാം പന്തിൽ അർഷദീപ് സിംഗിനെതിരെ ഒരു കിടിലൻ സിക്സർ നേടി യാൻസർ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചു. കേവലം 16 പന്തുകളിൽ നിന്നാണ് യാൻസൻ അർത്ഥസെഞ്ച്വറി നേടിയത്. 

പക്ഷേ ഓവറിലെ മൂന്നാം പന്തിൽ യാൻസനെ മടക്കി അർഷദീപ് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് ഇന്ത്യ കൃത്യമായി പിടി മുറുക്കുകയായിരുന്നു. മത്സരത്തിൽ 11 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 2- 1 എന്ന നിലയിൽ മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Previous articleവീണ്ടും ഡക്കുമായി സഞ്ചു സാംസണ്‍. നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി.
Next articleടെസ്റ്റിൽ സേവാഗിനെപോലെ കളിക്കാൻ സഞ്ജുവിന് കഴിയും. ഓപ്പണറായി അവസരം നൽകണമെന്ന് കോച്ച്.