രണ്ടാം ദിനം മത്സരം അവസാനിച്ചു. പരമ്പര സമനിലയിലാക്കി ഇന്ത്യ

GC Yf4TWsAAEJrL e1704365991816

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ദക്ഷിണാഫ്രിക്കയെ പൂർണമായും എറിഞ്ഞിട്ടാണ് ഇന്ത്യ ആധിപത്യം നേടിയത്. മുഹമ്മദ് സിറാജും ബൂമ്രയും ഇന്ത്യക്കായി ബോളിങിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

ശേഷം ബാറ്റിംഗിൽ രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയവർ രണ്ട് ഇന്നിംഗ്സുകളുമായി പൊരുതിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിൽ പരാജയമറിഞ്ഞ ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. ഇതോടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മത്സരത്തിന്റെ ആദ്യ ദിവസം പൂർണ്ണമായും സിറാജ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ 6 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്ക കേവലം 55 റൺസിന് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര ബാറ്റർമാർ മികച്ച തുടക്കമാണ് നൽകിയത്. രോഹിത് ശർമ 39 റൺസും, ഗിൽ 36 റൺസും, കോഹ്ലി 46 റൺസും നേടി ഇന്ത്യയ്ക്ക് അടിത്തറ നൽകി.

എന്നാൽ ഇതു മുതലാക്കുന്നതിൽ മധ്യനിരയും വാലറ്റവും പൂർണമായി പരാജയപ്പെട്ടതോടെ ഇന്ത്യ 153 റൺസിന് ആദ്യ  ഇന്നിങ്സിൽ ഓൾഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 98 റൺസിന്റെ ലീഡ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി മാക്രം ക്രീസിലുറച്ചു. മറ്റു ബാറ്റർമാർ പൂർണമായും പരാജയപ്പെട്ടപ്പോൾ മാക്രം ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി മാറുകയായിരുന്നു.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

ഇന്നിംഗ്സിൽ ഒരു വെടിക്കെട്ട് സെഞ്ചുറി സ്വന്തമാക്കാൻ മാക്രത്തിന് സാധിച്ചു. 103 പന്തുകളിൽ നിന്നായിരുന്നു മാക്രം 106 റൺസ് മത്സരത്തിൽ നേടിയത്. എന്നാൽ മറ്റു ബാറ്റർമാരെ പുറത്താക്കി ബൂമ്രാ ഇന്നിങ്സിൽ ഇന്ത്യയുടെ തേരാളിയായി മാറി. 6 വിക്കറ്റുകളാണ് ബൂമ്ര ഇന്നിങ്സിൽ നേടിയത്. ഇതോടെ ദക്ഷിണാഫ്രിക്ക 176 റൺസിന് പുറത്തായി.

അവസാന ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 79 റൺസായിരുന്നു. ഒരു ട്വന്റി20 മത്സരം കളിക്കുന്ന രീതിയിലാണ് ഇന്ത്യയുടെ ഓപ്പണർ ജയസ്വാൾ തുടങ്ങിയത്. 23 പന്തുകൾ നേരിട്ട ജയസ്വാൾ മത്സരത്തിൽ 28 റൺസ് സ്വന്തമാക്കുകയുണ്ടായി. പിന്നാലെയെത്തിയ മറ്റു ബാറ്റർമാരും പക്വതയോടെ ക്രീസിൽ തുടർന്നപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യ മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഇന്ത്യ കേട്ടിരുന്നു. അതിന് എല്ലാത്തിലുമുള്ള മറുപടിയാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ നൽകിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത വെല്ലുവിളി.

Scroll to Top