അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ടിനെതിരെ ആക്രമണം നയിച്ച് ഇന്ത്യ. മത്സരത്തിൽ രണ്ടു ദിവസത്തിനിടെ ശക്തമായ ആധിപത്യം നേടിയെടുത്ത് ഇംഗ്ലണ്ടിനെ സമർദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 255 റൺസിന്റെ ലീഡാണ് ഇന്ത്യ ഇതിനോടകം കണ്ടെത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസാണ് മത്സരത്തിൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി രണ്ടാം ദിവസം രോഹിത് ശർമയും ഗില്ലും തിളങ്ങുകയുണ്ടായി. ഇരുവരും വെടിക്കെട്ട് സെഞ്ച്വറികൾ സ്വന്തമാക്കിയതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുകയായിരുന്നു. ശേഷമാണ് രണ്ടാം ദിവസം ഇന്ത്യ ഇത്രയും വലിയ ലീഡ് സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ ദിവസം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ തരക്കേടില്ലാത്ത തുടക്കമാണ് ക്രോളി ഇംഗ്ലണ്ടിന് നൽകിയത്. 79 റൺസ് സ്വന്തമാക്കാൻ ക്രോളിക്ക് സാധിച്ചു. എന്നാൽ മറ്റു ബാറ്റർമാർ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ പരാജയപ്പെട്ടു. ഇന്ത്യയുടെ സ്പിന്നർമാർക്കെതിരെ എല്ലാവരും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് അഞ്ചും അശ്വിൻ നാലും വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് കേവലം 218 റൺസിൽ അവസാനിച്ചു. മറുപടി വാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച തുടക്കമാണ് രോഹിത്തും ജയസ്വാളും നൽകിയത്.
57 റൺസ് നേടിയ ജെയിംസ് വാൾ പുറത്തായെങ്കിലും രണ്ടാം ദിവസം ശുഭമാൻ ഗില്ലിനോപ്പം ചേർന്ന കിടിലൻ കൂട്ടുകെട്ട് രോഹിത് കെട്ടിപ്പടുത്തു. രണ്ടാം വിക്കറ്റിൽ 171 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഇരു ബാറ്റർമാർക്കും മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കാൻ സാധിച്ചു. നായകൻ രോഹിത് 162 പന്തുകളിൽ 13 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 103 റൺസാണ് നേടിയത്. തന്റെ ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാം സെഞ്ചുറിയാണ് രോഹിത് നേടിയത്. ഗിൽ 150 പന്തുകളിൽ 12 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 110 റൺസ് സ്വന്തമാക്കി. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.
പിന്നാലെയെത്തിയ ദേവദത്ത് പഠിക്കലും(65) സർഫറാസ് ഖാനും(56) അർത്ഥസെഞ്ച്വറി സ്വന്തമാക്കിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ ഒരു സമയത്ത് ഇന്ത്യൻ ബാറ്റർമാരെ തുടർച്ചയായി പുറത്താക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. പക്ഷേ ഒമ്പതാം വിക്കറ്റിൽ കുൽദീപ് യാദവും(27) ബുംറയും(19) പൊരുതിയതോടെ പൂർണ്ണമായും ഇന്ത്യ രണ്ടാം ദിവസം തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. ഇതുവരെ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 472 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 254 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് ഇന്ത്യ ഇതിനോടകം കണ്ടെത്തിയിരിക്കുന്നത്.