സെഞ്ചുറിയുമായി ജോ റൂട്ട്. തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ട് കരകയറി.

akshadeep and joe root

നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടി ഇന്ത്യൻ ബോളർമാർ. മത്സരത്തിൽ ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുകിയപ്പോൾ തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോളിൽ നിന്ന് ഇംഗ്ലണ്ടിന് മാറി ചിന്തിക്കേണ്ടി വന്നു. തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ ഇന്ത്യ പിഴുതെറിഞ്ഞതിനാൽ തന്നെ പിന്നീട് സാധാരണ ടെസ്റ്റ് മത്സരത്തിന്റെ ശൈലിയിൽ തന്നെയാണ് ജോ റൂട്ട് അടക്കമുള്ളവർ ബാറ്റ് വീശിയത്.

ഇതോടെ മത്സരത്തിലേക്ക് ഇംഗ്ലണ്ട് ഒരു തിരിച്ചുവരവും നടത്തുകയുണ്ടായി. മത്സരത്തിന്റെ ആദ്യ ദിവസം റൂട്ട് ഒരു സെഞ്ച്വറി തന്നെ നേടിയിട്ടുണ്ട്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 302ന് 7 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാസ്ബോൾ ശൈലിയിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ ആരംഭിച്ചത്. ക്രോളി മത്സരത്തിൽ 42 പന്തുകളിൽ 42 റൺസ് നേടി. എന്നാൽ ആകാശ് ദീപ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനെ വിറപ്പിക്കുകയുണ്ടായി.

ചെറിയ ഇടവേളയിൽ ഇംഗ്ലണ്ടിന്റെ മുൻനിരയിലെ 3 വിക്കറ്റുകൾ വീഴ്ത്തിയാണ് ആകാശ് ദീപ് വീര്യം കാട്ടിയത്. ഇതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നുവീണു. പിന്നീടെത്തിയ ബയർസ്റ്റോ ബാസ്ബോൾ ശൈലിയിൽ തന്നെ കളിക്കാൻ ശ്രമിച്ചെങ്കിലും 38 റൺസിൽ വീഴുകയായിരുന്നു. പിന്നാലെ നായകൻ സ്റ്റോക്സും ആദ്യ സെഷനിൽ തന്നെ മടങ്ങിയതോടെ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിൽ കൂപ്പുകുത്തി വീണു.

Read Also -  സച്ചിൻ × ജോ റൂട്ട്. 35 ടെസ്റ്റ്‌ സെഞ്ചുറികൾക്ക് ശേഷം മുന്‍പിലാര് ?

ശേഷമാണ് ഇംഗ്ലണ്ട് തങ്ങളുടെ ശൈലി ഉപേക്ഷിക്കുകയും പരമ്പരാഗത ടെസ്റ്റ് ശൈലിയിലേക്ക് തിരികെ വരുകയും ചെയ്തത്. റൂട്ടും ഫോക്സും ചേർന്ന് ആറാം വിക്കറ്റിൽ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട കൂട്ടുകെട്ട് കാഴ്ച വയ്ക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാരെ അതി സൂക്ഷ്മതയോടെയാണ് ഇരുവരും നേരിട്ടത്.

ആറാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും കെട്ടിപ്പടുത്തത്. ആദ്യ മത്സരങ്ങളിൽ നിന്നും മാറി, ഒരു ക്ലാസ് ഇന്നിംഗ്സ് തന്നെ റൂട്ട് മത്സരത്തിൽ കളിക്കുകയുണ്ടായി. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ റൂട്ടിന് സാധിച്ചു. മറുവശത്ത് ഫോക്സ് 47 റൺസ് നേടി റൂട്ടിന് പിന്തുണ നൽകി.

ഫോക്സ് പുറത്തായ ശേഷമെത്തിയ ഹാർഡ്‌ലി 13 റൺസിന് മടങ്ങിയപ്പോൾ ഇംഗ്ലണ്ട് വീണ്ടും പതറി. എന്നാൽ എട്ടാമനായെത്തിയ റോബിൻസൺ റൂട്ടിനൊപ്പം ക്രീസിൽ തുടർന്നു. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിന് 302 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

226 പന്തുകളിൽ 106 റൺസ് നേടിയ റൂട്ട് പുറത്താവാതെ ക്രീസിൽ തുടരുന്നു. 60 പന്തുകളിൽ 31 റൺസ് നേടിയ റോബിൻസനാണ് റൂട്ടിന് കൂട്ടായുള്ളത്. എന്തായാലും ഇരു ടീമുകളെ സംബന്ധിച്ചും തരക്കേടില്ലാത്ത ആദ്യ ദിവസമാണ് അവസാനിച്ചിരിക്കുന്നത്.

Scroll to Top