ഇപ്പോൾ ബോളിന് സ്പീഡുണ്ടോ. ജയസ്വാളിന്റെ സ്ലെഡ്ജിന് സ്റ്റാർക്കിന്റെ മറുപടി.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യൻ യുവ താരം ജയസ്വാളിന് തന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ ഒരു സ്വിങ്ങിങ്‌ പന്തിന്റെ ഗതി നിർണയിക്കാൻ സാധിക്കാതെ ജയസ്വാൾ കീഴടങ്ങുകയാണ് ഉണ്ടായത്.

ഇത് മൂന്നാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലെ ആദ്യ പന്തിൽ സ്റ്റാർക്ക് വിക്കറ്റ് സ്വന്തമാക്കുന്നത്. മാത്രമല്ല ജയസ്വാളിന്റെ ഈ പുറത്താകലിന് പിന്നിൽ ഒരു വാക്പോരിന്റെ കഥയുമുണ്ട്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ സ്റ്റാർക്കും ജയസ്വാളും തമ്മിൽ നടന്ന വാക്പോരിന്റെ ബാക്കിപത്രമായാണ് ഈ പുറത്താകലിനെ മുൻ താരങ്ങൾ അടക്കം കാണുന്നത്.

ആദ്യ മത്സരത്തിൽ ജയസ്വാളിനെതിരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു സ്റ്റാർക്ക് കാഴ്ചവെച്ചത്. എന്നാൽ ഇതിനിടെ ജയസ്വാൾ സ്റ്റാർക്കിനെ സ്ലെഡ്ജ് ചെയ്യുകയുണ്ടായി. ‘പന്ത് വളരെ പതിയെയാണ് വരുന്നത്, ഒട്ടും സ്പീഡില്ല’ എന്നായിരുന്നു ജയസ്വാൾ ആദ്യ മത്സരത്തിൽ സ്റ്റാർക്കിനോട് പറഞ്ഞത്. എന്നാൽ രണ്ടാം മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഇതിനുള്ള മറുപടി സ്റ്റാർക്ക് ജയസ്വാളിന് നൽകുകയുണ്ടായി. ഓസ്ട്രേലിയൻ ഓപ്പണർ ജസ്റ്റിൻ ലാംഗർ ഈ സംഭവത്തോട് പ്രതികരിച്ചത് വളരെ വ്യത്യസ്തമായാണ്. ജയസ്വാൾ ഇതൊരു പാഠമായി ഉൾക്കൊള്ളണം എന്നാണ് ലാംഗർ പറഞ്ഞത്.

ഇത്തരത്തിൽ വാക്പോര്കൾ നടക്കുമ്പോൾ എല്ലാ തവണയും ബോളർമാർ വിജയിക്കാനാണ് സാധ്യത എന്ന് ലാംഗർ പറയുന്നു. താൻ ചെറുപ്പത്തിൽ തന്നെ ഇതേപ്പറ്റി മനസ്സിലാക്കിയിരുന്നു എന്നാണ് ലാംഗർ കൂട്ടിച്ചേർത്തത്. “ബോളർമാർക്കാണ് അവസാന ചിരി ഉണ്ടാവുക എന്ന ഒരു പാഠമാണ് ഇതിൽ നിന്ന് പഠിക്കേണ്ടത്. ഞാൻ എന്റെ ചെറിയ പ്രായത്തിൽ തന്നെ ഇക്കാര്യം മനസ്സിലാക്കിയതാണ്. നമ്മൾ ബാറ്റർമാർ എത്ര വാക്പോരിൽ ഏർപ്പെട്ടാലും അവസാന വിജയം ബോളർമാർക്ക് ആയിരിക്കും. കാരണം എങ്ങനെയെങ്കിലും അവർക്ക് നമ്മളെ പുറത്താക്കാനുള്ള അവസരം ലഭിക്കും.”- ലാംഗർ പറഞ്ഞു.

“മത്സരത്തിന്റെ എല്ലാ സമയത്തും ബോളറുമായി ഇത്തരത്തിൽ വാക്പോര് കളികളിൽ ഏർപ്പെടാനുള്ള അവസരം ബാറ്റർമാർക്കുണ്ട്. പക്ഷേ അവസാന ചിരി, അത് ബോളർമാർക്ക് ഉള്ളതാണ്. ഞാനിത് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ഈ തവണ ഈ ചിരി സ്റ്റാർക്കിനൊപ്പമാണ്.”- ലാംഗർ കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിൽ ജയസ്വാളിന്റെ വിക്കറ്റ് ഇന്ത്യയുടെ പതനത്തിന്റെ തുടക്കമായിരുന്നു. പിന്നീട് മറ്റൊരു ബാറ്റർക്കും ഇന്നിംഗ്സിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കേവലം 180 റൺസിന് പുറത്താവുകയും ചെയ്തു.

Previous articleവിക്കറ്റ് വേട്ടയിൽ 50 കടന്ന് ബുംറ. രണ്ടാം സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ താരം.