സിഡ്‌നി ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം റിഷഭ് പന്തിന്റെ വെടിക്കെട്ടിൽ കരകയറി ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയയെ കേവലം 181 റൺസിന് ഓൾഔട്ടാക്കാനും 4 റൺസിന്റെ ലീഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം മറുപടി ബാറ്റിംഗിൽ ഇന്ത്യൻ നിര തകർന്നുവീഴുകയായിരുന്നു. മധ്യനിരയിൽ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ഒരു ട്വന്റി20 സ്റ്റൈലിൽ കളിച്ച പന്ത് മത്സരത്തിൽ ഒരു വെടിക്കെട്ട് അർധസെഞ്ച്വറി സ്വന്തമാക്കി. ഇതോടെ ഇന്ത്യ മത്സരത്തിൽ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 145 റൺസിന്റെ ലീഡ് ഇതിനോടകം ഇന്ത്യ നേടിയിട്ടുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 185 റൺസിന് പുറത്തായിരുന്നു. ശേഷം ആദ്യ ദിവസം 9 റൺസ് സ്വന്തമാക്കുന്നതിനിടെ ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് പിഴുതെറിയാനും ഇന്ത്യയ്ക്ക് സാധിച്ചു. പിന്നീട് രണ്ടാം ദിവസവും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ബോളർമാർ നൽകിയത്. ലബുഷൈന്റെ വിക്കറ്റ് വീഴ്ത്തി ബൂമ്രയാണ് ഇന്ത്യയുടെ വേട്ടയ്ക്ക് തുടക്കമിട്ടത്.
ശേഷം മുഹമ്മദ് സിറാജും അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യ മത്സരത്തിൽ മുൻപിലേക്ക് എത്തി. അപകടകാരിയായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയായിരുന്നു പ്രസീദ് കൃഷ്ണ മത്സരത്തിൽ തന്റെ സാന്നിധ്യം അറിയിച്ചത്. പിന്നീട് മധ്യനിരയിൽ വെബ്സ്റ്ററും അലക്സ് കെയറിയും മാത്രമാണ് ഓസ്ട്രേലിയക്കായി അല്പസമയം പിടിച്ചുനിന്നത്.
അരങ്ങേറ്റക്കാരനായ വെബ്സ്റ്റർ മത്സരത്തിൽ 57 റൺസ് സ്വന്തമാക്കി. എന്നിരുന്നാലും ഓസ്ട്രേലിയയെ കേവലം 181 റൺസിന് പുറത്താക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യൻ നിരയിൽ മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും 3 വിക്കറ്റുകൾ വീതം സ്വന്തമാക്കി. ബൂമ്രയും നിതീഷ് റെഡ്ഡിയും 2 വിക്കറ്റുകൾ വീതമാണ് നേടിയത്. ഇതോടെ 4 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു മികച്ച തുടക്കമാണ് ജയസ്വാൾ നൽകിയത്. എന്നാൽ പിന്നീട് ഓസ്ട്രേലിയൻ ബോളർമാർ തങ്ങളുടെ ഫോമിലേക്ക് ഉയർന്നു.
ഇന്ത്യയുടെ മുൻനിര വീണ്ടും തകർന്നുവീഴുന്നതാണ് ഇതോടെ കണ്ടത്. പക്ഷേ ഇതിനിടയിൽ അഞ്ചാമനായി ക്രീസിലെത്തിയ പന്ത് ഒരു ട്വന്റി20 മോഡൽ ഇന്നിങ്സ് കാഴ്ചവച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ സ്വന്തമാക്കിയാണ് താരം ആരംഭിച്ചത്. മത്സരത്തിൽ 33 ബോളുകളിൽ 61 റൺസാണ് പന്ത് നേടിയത്. 6 ബൗണ്ടറികളും 4 സിക്സറുകളും താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇതാണ് ഇന്ത്യയെ മത്സരത്തിൽ കൈപിടിച്ചു കയറ്റിയത്. എന്നിരുന്നാലും മറ്റു ബാറ്റർമാർക്ക് ഇന്നിങ്സിൽ മികവ് പുലർത്താൻ സാധിക്കാതിരുന്നത് ഇന്ത്യയെ ബാധിച്ചു. 141 റൺസാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്. മൂന്നാം ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കും.