ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഞെട്ടിപ്പിക്കുന്ന ബോളിംഗ് പ്രകടനവുമായി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ വലിയ പ്രതീക്ഷയുമായി ഇറങ്ങിയ ഓസ്ട്രേലിയയെ എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യൻ നിരയിൽ നായകൻ ജസ്പ്രീത് ബുമ്രയാണ് തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചത്.
മത്സരത്തിന്റെ ആദ്യ ദിവസം ഓസ്ട്രേലിയയുടെ 4 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു. ഇതോടെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 7 വിക്കറ്റുകളുടെ നഷ്ടത്തിൽ 67 റൺസ് മാത്രമാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ സ്കോർ മറികടക്കാൻ ഓസ്ട്രേലിയക്ക് ഇനിയും 83 റൺസ് ആവശ്യമാണ്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണർ ജയസ്വാളിന്റെയും മൂന്നാം നമ്പറുകാരനായ ദേവദത് പടിക്കലിന്റെയും വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. ഇരുവരും പൂജ്യരായി മടങ്ങിയതോടെ ഇന്ത്യ തകർന്നു. ശേഷം വലിയ പ്രതീക്ഷയായിരുന്നു വിരാട് കോഹ്ലിയും(5) മടങ്ങിയതോടെ ഇന്ത്യ പതറുകയായിരുന്നു. മുൻനിരയിൽ ഇന്ത്യക്കായി 26 റൺസ് സ്വന്തമാക്കിയ രാഹുൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ശേഷം മധ്യനിരയിൽ റിഷഭ് പന്ത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകി. കൃത്യമായ സമയങ്ങളിൽ ബൗണ്ടറികൾ കണ്ടെത്തി മുന്നേറിയ പന്ത് 78 ബോളുകളിൽ 37 റൺസാണ് സ്വന്തമാക്കിയത്.
ശേഷമെത്തിയ അരങ്ങേറ്റക്കാരനായ നിതീഷ് റെഡ്ഡിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോററായി മാറിയത്. വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് നിതീഷ് ഇന്ത്യയുടെ സ്കോറിങ്ങ് വർദ്ധിപ്പിക്കുകയായിരുന്നു. 59 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 41 റൺസാണ് നിതീഷ് റെഡ്ഡി നേടിയത്. എന്നാൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 150 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കായി ഹേസൽവുഡ് 4 വിക്കറ്റുകളും മിച്ചൽ സ്റ്റാർക്ക്, കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ 2 വിക്കറ്റുകൾ വീതവും സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ എറിഞ്ഞിടാൻ ഇന്ത്യയുടെ നായകൻ ജസ്പ്രീറ്റ് ബുമ്രയ്ക്ക് സാധിച്ചു.
ഓപ്പണർ മക്സീനിയുടെ(10) വിക്കറ്റ് സ്വന്തമാക്കിയാണ് ബൂമ്ര ആരംഭിച്ചത്. ശേഷം ഉസ്മാൻ ഖവാജയെയും സ്റ്റീവ് സ്മിത്തിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഇന്ത്യയെ ബൂമ്ര മുന്നിലെത്തിക്കുകയായിരുന്നു. ഒപ്പം അരങ്ങേറ്റക്കാരനായ ഹർഷിത് റാണ ട്രാവസ് ഹെഡ്ഡിനെ വീഴ്ത്തി ഇന്ത്യയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകി. മുഹമ്മദ് സിറാജും വിക്കറ്റ് വേട്ട ആരംഭിച്ചതോടെ മത്സരത്തിൽ ഇന്ത്യ മുന്നിലേക്ക് എത്തി. ഓസ്ട്രേലിയൻ ബാറ്റർമാരെ പൂർണമായും എറിഞ്ഞു തകർക്കാൻ ഇന്ത്യൻ പേസർമാർക്ക് സാധിച്ചു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് മാത്രമാണ് ഓസ്ട്രേലിയ നേടിയത്.