അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. അങ്ങേയറ്റം ആവേശകരമായ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്തിന്റെ സെഞ്ചുറിയുടെ മികവിൽ 212 റൺസ് സ്വന്തമാക്കിയിരുന്നു.
ശേഷം അഫ്ഗാനിസ്ഥാനും വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്. ഇങ്ങനെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ശേഷമാണ് സൂപ്പർ ഓവർ നടന്നത്. സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാൻ 16 റൺസ് സ്വന്തമാക്കി. ഇന്ത്യയും 16 റൺസ് സ്വന്തമാക്കിയതോടെ മറ്റൊരു സൂപ്പർ ഓവറിലേക്ക് മത്സരം നീങ്ങുകയായിരുന്നു. എന്നാൽ രണ്ടാം സൂപ്പർ ഓവറിൽ ബിഷണോയി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ വിജയം കൈവരിച്ചു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവിന് വിപരീതമായി വളരെ മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് തങ്ങളുടെ ഓപ്പണർ ജയസ്വാളിന്റെ(4) വിക്കറ്റ് നഷ്ടമായി. പിന്നാലെ വിരാട് കോഹ്ലിയും(0) കൂടാരം കയറിയതോടെ ഇന്ത്യ തകരുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയുടെ നെടുംതൂണായ ശിവം ദുബയും(1) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തൂ.
ശേഷം സഞ്ജുവും മടങ്ങിയതോടെ ഇന്ത്യ 22ന് 4 എന്ന മോശം നിലയിലേക്ക് എത്തുകയായിരുന്നു. പിന്നീടാണ് രോഹിത് ശർമയും റിങ്കൂ സിങ്ങും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഒരു അത്ഭുത കൂട്ടുകെട്ട് തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. 190 റൺസാണ് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കെട്ടിപ്പടുത്തത്.
രോഹിത് ശർമ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. തന്റെ ട്വന്റി20 അന്താരാഷ്ട്ര കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് രോഹിത് നേടിയത്. മത്സരത്തിൽ 69 പന്തുകൾ നേരിട്ട രോഹിത് 121 റൺസ് ആണ് നേടിയത്. റിങ്കു സിംഗ് മത്സരത്തിൽ 39 പന്തുകളിൽ 69 റൺസ് നേടുകയുണ്ടായി.
ഇങ്ങനെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 212 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാനും മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ഇരു ഓപ്പണർമാരും മത്സരത്തിൽ അർത്ഥ സെഞ്ചറിയുമായി തിളങ്ങുകയുണ്ടായി. ആദ്യ വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു.
എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. മുഹമ്മദ് നബി മത്സരത്തിൽ 16 പന്തുകളിൽ 34 റൺസുമായി അഫ്ഗാനിസ്ഥാനായി മധ്യ ഓവറുകളിൽ തിളങ്ങുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ ഗുൽബദിൻ നൈബ്(55*) ആക്രമണം അഴിച്ചുവിട്ടു.
അവസാന ഓവറിൽ അഫ്ഗാനിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസാണ്. മുകേഷ് കുമാറിനെതിരെ 18 റൺസ് സ്വന്തമാക്കാൻ ഗുൽബദീൻ നൈബിന് സാധിച്ചു. ഇതോടെ മത്സരം സമനിലയിൽ എത്തുകയും സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്തു.
മുകേഷ് കുമാർ തന്നെയായിരുന്നു ഇന്ത്യയ്ക്കായി സൂപ്പർ ഓവർ എറിയാൻ മുൻപിലേക്ക് വന്നത്. ആദ്യപന്തിൽ തന്നെ അഫ്ഗാനിസ്ഥാന് തങ്ങളുടെ ആദ്യ വിക്കറ്റ് റൺഔട്ടിന്റെ രൂപത്തിൽ നഷ്ടമായി. എന്നാൽ മൂന്നാമത്തെ പന്തിൽ ഒരു ബൗണ്ടറി നേടാൻ ഗുർബാസിന് സാധിച്ചു. അഞ്ചാം പന്തിൽ നബി ഒരു സിക്സർ കൂടി നേടിയതോടെ അഫ്ഗാനിസ്ഥാന്റെ സൂപ്പർ ഓവർ സ്കോർ രണ്ടക്കം കടന്നു.
സൂപ്പർ ഓവറിൽ 16 റൺസാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ രണ്ടു പന്തുകളിൽ സിംഗിൾ മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ മൂന്നാം പന്തിൽ സിക്സർ നേടി രോഹിത് ശർമ വീര്യം കാട്ടി. തൊട്ടടുത്ത പന്തിലും രോഹിത് സിക്സർ നേടിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു.
അവസാന ബോളിൽ ഇന്ത്യയ്ക്ക് ആവശ്യം 2 റൺസായിരുന്നു. അവസാന പന്തീന് മുൻപ് നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന രോഹിത് ശർമ റിട്ടയേർഡ് ഔട്ട് ആയത് പലരെയും ഞെട്ടിച്ചു. അവസാന പന്തിൽ ജയസ്വാൾ സിംഗിള്‍ നേടിയതോടെ വീണ്ടും മത്സരം സൂപ്പർ ഓവറിലേക്ക് പോവുകയായിരുന്നു.
രണ്ടാം സൂപ്പർ ഓവറിന്റെ ആദ്യ പന്തിൽ തന്നെ സിക്സർ നേടിയാണ് രോഹിത് ശർമ ആരംഭിച്ചത്. രണ്ടാം പന്തിൽ ബൗണ്ടറി കൂടി നേടിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. എന്നാൽ ശേഷം റിങ്കു സിംഗും സഞ്ജു സാംസനും പരാജയപ്പെട്ടതോടെ ഇന്ത്യ 11 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി രവി ബിഷണോയിയാണ് ബോൾ ചെയ്തത്.
ആദ്യ ബോളിൽ തന്നെ മുഹമ്മദ് നബിയെ പുറത്താക്കാൻ ബിഷണോയ്ക്ക് സാധിച്ചു. ശേഷം മൂന്നാം പന്തിലും ബിഷണോയി വിക്കറ്റ് കണ്ടെത്തിയതോടെ ഇന്ത്യ മത്സരത്തിൽ വിജയം നേടുകയായിരുന്നു.