സെഞ്ചുറിയുമായി ഹിറ്റ്മാന്‍ മുന്നില്‍ നിന്നും നയിച്ചു. രക്ഷകനായി റിങ്കുവും. ഇന്ത്യക്ക് മികച്ച സ്കോര്‍.

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയെ കൈപിടിച്ചു കയറ്റി നായകൻ രോഹിത് ശർമയും റിങ്കു സിംഗും. മത്സരത്തിൽ വലിയൊരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ രോഹിത് ശർമയും റിങ്കു സിംഗും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് രോഹിത് ശർമ മത്സരത്തിൽ സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 22ന് 4 എന്ന നിലയിൽ തകരുകയുണ്ടായി. സഞ്ജു സാംസണും വിരാട് കോഹ്ലിയും അടക്കമുള്ള താരങ്ങളുടെ മോശം പ്രകടനമാണ് ഇന്ത്യയെ ഈ നിലയിൽ എത്തിച്ചത്. ശേഷം ഒരു വെടിക്കെട്ട് കൂട്ടുകെട്ടിലൂടെ രോഹിത്തും റിങ്കുവും ഇന്ത്യയെ കരകയറ്റി. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 212 റൺസാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

ബാംഗ്ലൂരിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലേതിന് വിപരീതമായി ഒരു ദുരന്ത തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പൺ ജയസ്വാലിന്റെ(4) വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. തൊട്ടു പിന്നാലെ വിരാട് കോഹ്ലിയും(0) അടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി.

കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശിവം ദുബയും(1) പെട്ടെന്ന് തന്നെ കൂടാരം കയറി. ശേഷം മലയാളി താരം സഞ്ജു സാംസന്റെ(0) അവസരമായിരുന്നു. എന്നാൽ തനിക്ക് ലഭിച്ച മികച്ച അവസരം യാതൊരു തരത്തിലും വിനിയോഗിക്കാൻ സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ ഡക്കായി സഞ്ജു കളം വിട്ടു. ഇതോടെ ഇന്ത്യ 22ന് 4 എന്ന മോശം നിലയിലെത്തി.

3d8d6d38 18ba 4944 a9e9 fda98f61623f

അവിടെ നിന്ന് രോഹിത് ശർമയും റിങ്കു സിംഗും ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ പകുതിയിൽ വളരെ കരുതലോടെയാണ് ഇരുവരും ബാറ്റ് ചെയ്തത്. ശേഷം പിച്ച് അല്പം ബാറ്റിംഗിന് അനുകൂലമായതോടെ ഇരു ബാറ്റർമാരും വെടിക്കെട്ട് തീർക്കാൻ തുടങ്ങി.

അഫ്ഗാനിസ്ഥാൻ ബോളർമാരെ എല്ലാവരെയും പഞ്ഞിക്കിട്ടാണ് റിങ്കുവും രോഹിത്തും ഇന്നിങ്സ് കെട്ടിപ്പടുത്തത്. ഒരു സമയത്ത് ഇന്ത്യ 120 റൺസ് പോലും നേടുമെന്ന് വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നിങ്സിന്റെ പാതി ഭാഗം തീർന്നതോടെ ഇരു ബാറ്റർമാരും തങ്ങളുടെ സ്വതസിദ്ധ ശൈലിയിലേക്ക് ഉയർന്നു.

അഞ്ചാം വിക്കറ്റിൽ ഇരു ബാറ്റർമാരും ചേർന്ന് 190 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി കെട്ടിപ്പടുത്തത്. രോഹിത് ശർമ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 64 പന്തുകളിൽ നിന്നാണ് രോഹിത് തന്റെ സെഞ്ച്വറി നേടിയത്. തന്റെ ട്വന്റി20 കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ് രോഹിത് മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ 69 പന്തുകൾ നേരിട്ട രോഹിത് ശർമ 121 റൺസാണ് നേടിയത്.

രോഹിത്തിന്റെ ഇന്നിംഗ്സിൽ 11 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു. ഇതോടെ ഇന്ത്യൻ സ്കോർ ഉയരുകയായിരുന്നു. മത്സരത്തിൽ റിങ്കു സിംഗ് 39 പന്തുകളിൽ 69 റൺസാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 212 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

Previous articleനാണക്കേടിന്റെ “ഡക്ക് റെക്കോർഡ്” സ്വന്തമാക്കി കോഹ്ലി. കരിയറിലെ ആദ്യ T20 ഗോൾഡൻ ഡക്ക്.
Next articleഹിറ്റ്മാന്‍റെ അഴിഞ്ഞാട്ടത്തില്‍ അഫ്ഗാന്‍ നിലവിളികള്‍ ഉയര്‍ന്നു. ചിന്നസ്വാമിയില്‍ റെക്കോഡുകള്‍ തകര്‍ന്നു.