ജയ്സ്വാൾ- ശിവം ദുബെ തൂക്കിയടി 🔥🔥 അഫ്ഗാനെ മലർത്തിയടിച്ച് ഇന്ത്യൻ നിര, പരമ്പര സ്വന്തമാക്കി.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലും ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 172 എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി ജയസ്വാൾ, ശിവം ദുബെ, വിരാട് കോഹ്ലി എന്നിവർ മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം കൈവരിക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പിന് തൊട്ടുമുമ്പായി യുവതാരങ്ങൾ ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസവും നൽകുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ ഗുൽബദീൻ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയാണ് ഗുൽബദീൻ മത്സരത്തിൽ നേടിയത്.

35 പന്തുകളിൽ 57 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ അഫ്ഗാനിസ്ഥാന്റെ സ്കോർ കുതിക്കുന്നതാണ് കണ്ടത്. ഒപ്പം അവസാന ഓവറുകളിൽ വാലറ്റ ബാറ്റർമാർ കൂടി അടിച്ചുതകർത്തതോടെ അഫ്ഗാനിസ്ഥാൻ ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.

അവസാന ഓവറുകളിൽ കരീം ജനത് 10 പന്തുകളിൽ 20 റൺസും മുജീബ് 9 പന്തുകളിൽ 21 റൺസും നേടി അഫ്ഗാനിസ്ഥാനായി വെടിക്കെട്ട് തീർക്കുകയായിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാൻ 172 എന്ന ശക്തമായ സ്കോറിലെത്തി. ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ നേടിയ അർഷദ്ദീപ് സിംഗാണ് ബോളിംഗിൽ തിളങ്ങിയത്.

രവി ബിഷ്ണോയും അക്ഷർ പട്ടേലും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരു വശത്ത് ജയസ്വാൾ ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് ആശ്വാസം നൽകി. ട്വന്റി20 ടീമിലേക്ക് തിരികെയെത്തിയ വിരാട് കോഹ്ലിയും(29) അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യ കുതിക്കുകയായിരുന്നു.

കോഹ്ലി പുറത്തായ ശേഷമെത്തിയ ശിവം ദുബയും കഴിഞ്ഞ മത്സരത്തിലെതിന് സമാനമായ രീതിയിൽ വെടിക്കെട്ട് ആവർത്തിച്ചു. മത്സരത്തിൽ ജയസ്വാൾ 34 പന്തുകളിൽ 68 റൺസാണ് നേടിയത്. 5 ബൗണ്ടറികളും 6 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ദുബെ 32 പന്തുകളിൽ 63 റൺസ് നേടുകയുണ്ടായി.

ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഇതോടെ ഇന്ത്യ മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകൾ എടുത്തു പറയാൻ സാധിക്കുന്ന വിജയം തന്നെയാണ് ഇത്. അവസാന മത്സരത്തിലും ശക്തമായ വിജയം സ്വന്തമാക്കി സീരീസ് അവസാനിപ്പിക്കാനാവും ഇന്ത്യൻ ശ്രമം.

Previous articleഹിറ്റ്മാൻ വീണ്ടും ഡക്ക്മാനായി മടങ്ങി. നാണക്കേടിന്റെ റെക്കോർഡും പേരിൽ ചേർത്ത് രോഹിത്.
Next articleദുബെയും ജയ്സ്വാളും പ്രതിഭയുള്ളവർ, എല്ലാ കാര്യത്തിലും വ്യക്തതയുണ്ട്. രോഹിത് ശർമ പറയുന്നു.