ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 10 വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിയൻ ബോളർമാരുടെ ശക്തമായ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്.
മത്സരത്തിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് 8 വിക്കറ്റുകളും നായകൻ കമ്മിൻസ് 7 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി. ഈ വിജയത്തോടെ പരമ്പരയിൽ ശക്തമായ നിലയിൽ തിരിച്ചുവരവ് നടത്താൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഒരു ദുരന്ത തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇന്ത്യൻ നിരയിൽ ഒരു ബാറ്റർക്ക് പോലും അർധസെഞ്ച്വറി പൂർത്തീകരിക്കാൻ സാധിച്ചില്ല. ഇതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. കേവലം 180 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ നേടാൻ സാധിച്ചത്. മറുവശത്ത് ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡാണ് വെടിക്കെട്ട് തീർത്തത്.
മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ ഹെഡിന് സാധിച്ചു. 141 പന്തുകൾ നേരിട്ട ഹെഡ് 17 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 140 റൺസാണ് നേടിയത്. ഇതോടെ ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 337 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.
ഇതോടെ ആദ്യ ഇന്നിംഗ്സിൽ 157 റൺസിന്റെ ലീഡും ഓസ്ട്രേലിയയ്ക്ക് ലഭിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് വീണ്ടും അടിപതറി. ഇന്ത്യൻ ബാറ്റർമാരിൽ ഒരാൾക്ക് പോലും ക്രീസിലുറയ്ക്കാൻ സാധിച്ചില്ല. അവസാന സമയത്ത് നിതീഷ് റെഡ്ഡി മാത്രമാണ് ഇന്ത്യക്കായി അല്പമെങ്കിലും പൊരുതിയത്.
ഇങ്ങനെ ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 175 റൺസിൽ അവസാനിക്കുകയാണ് ഉണ്ടായത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ നായകൻ കമ്മിൻസ് ഓസ്ട്രേലിയക്കായി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഇതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം കേവലം 19 റൺസായി മാറി. ഈ സ്കോർ അനായാസം മറികടക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ഇതോടെ മത്സരത്തിൽ 10 വിക്കറ്റുകളുടെ വിജയം ഓസ്ട്രേലിയ സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരമാണ് രണ്ടാം മത്സരത്തിൽ കാണാൻ സാധിച്ചത്. ഇതോടെ പരമ്പര 1-1 എന്ന രീതിയിൽ സമനിലയിലാക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചു.