2024 സീസണിൽ വമ്പൻ തുക നേടി, 2025ൽ പ്രതിഫലത്തിൽ ഇടിവ് വന്ന 4 താരങ്ങൾ.

ഐപിഎൽ മെഗാ ലേലത്തിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനോടകം തന്നെ 10 ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പലതാരങ്ങളും നിലനിർത്തൽ പ്രക്രിയയിൽ വലിയ മെച്ചമുണ്ടാക്കിയപ്പോൾ ചില താരങ്ങൾക്ക് മൂല്യം കുറഞ്ഞിട്ടുണ്ട്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് 2025 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ തങ്ങളുടെ പ്രതിഫലത്തിൽ വലിയ പിന്നോട്ടുപോക്ക് നേരിട്ട താരങ്ങളെ പരിശോധിക്കാം

1. മഹേന്ദ്രസിംഗ് ധോണി

മുൻ ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ മഹേന്ദ്രസിംഗ് ധോണി 2025 ഇന്ത്യൻ പ്രീമിയർ ലീഗിലും കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട് എന്നാൽ ഇത്തവണ ഒരു അൺക്യാപ്ഡ് താരമായാണ് ധോണിയെ ചെന്നൈ നിലനിർത്തിയിരിക്കുന്നത്. കേവലം 4 കോടി രൂപയാണ് ധോണിയ്ക്കായി ചെന്നൈ ഇത്തവണ ചിലവഴിച്ചത്. ധോണിയുടെ പ്രതിഫലത്തിൽ വലിയൊരു ഇടിവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെഗാ ലേലത്തിന് മുന്നോടിയായി 12 കോടി രൂപയ്ക്കായിരുന്നു ചെന്നൈ ധോണിയെ നിലനിർത്തിയത്. അത് ഇത്തവണ 4 കോടിയായി മാറി. അതായത് 66.67% മൂല്യ കുറവാണ് ധോണിയ്ക്ക് ഉണ്ടായിരിക്കുന്നത്.

2. രാഹുൽ തിവാട്ടിയ

2025 മെഗാ ലേലത്തിന് മുൻപായി ഗുജറാത്ത് ടൈറ്റൻസ് രാഹുൽ തിവാട്ടിയയെ നിലനിർത്തിയിട്ടുണ്ട്. ഒരു അൺക്യാപ്ഡ് താരമായാണ് തിവാട്ടിയയെ ഗുജറാത്ത് നിലനിർത്തിയിരിക്കുന്നത്. 4 കോടി രൂപയ്ക്കാണ് ഗുജറാത്തിന്റെ ഈ നീക്കം. കഴിഞ്ഞ ഐപിഎൽ സീസണുകളിലൊക്കെയും ഒരു ഫിനിഷർ റോളിൽ കളിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 9 കോടി രൂപയ്ക്കായിരുന്നു തിവാട്ടിയയെ 2022ൽ ഗുജറാത്ത് സ്വന്തമാക്കിയത്. പക്ഷേ ഇത്തവണ 55.56% മൂല്യകുറവാണ് തീവാട്ടിയയ്ക്ക് ഉണ്ടായിരിക്കുന്നത്.

3. ഷാരൂഖ് ഖാൻ

ഗുജറാത്ത് ടീം നിലനിർത്തിയ രണ്ടാമത്തെ അൺക്യാപ്ഡ് താരമാണ് ഷാരൂഖ് ഖാൻ. 2024 ഐപിഎൽ സീസണിന് മുന്നോടിയായി പഞ്ചാബ് കിംഗ്സാണ് ഷാരൂഖിനെ റിലീസ് ചെയ്തത്. 7.4 കോടി രൂപയ്ക്ക് ആയിരുന്നു ഷാരൂഖിനെ ഗുജറാത്ത് സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ കേവലം 4 കോടി രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് നിലനിർത്തിയിരിക്കുന്നത്. അതായത് തന്റെ പ്രതിഫലത്തിൽ 54.05% മൂല്യക്കുറവ് ഷാരൂഖ് ഖാന് വന്നിട്ടുണ്ട്.

4. പാറ്റ് കമ്മിൻസ്

ഈ ലിസ്റ്റിലുള്ള ഏക വിദേശ താരം ഹൈദരാബാദ് നായകൻ പാറ്റ് കമ്മീൻസാണ്. 18 കോടി രൂപയ്ക്കാണ് ഇത്തവണ കമ്മിൻസിനെ ഹൈദരാബാദ് നിലനിർത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ റെക്കോർഡ് തുകയ്ക്കായിരുന്നു കമ്മിൻസിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 20.5 കോടി രൂപയാണ് ഓസ്ട്രേലിയയുടെ ഈ സൂപ്പർതാരത്തിനായി ഹൈദരാബാദ് മുടക്കിയത്. എന്നാൽ ഇത്തവണ കമ്മിൻസിന്റെ പ്രതിഫലത്തിൽ 12.19%ത്തിന്റെ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഈ തുക ഹൈദരാബാദ് ക്ലാസനെ നിലനിർത്താൻ ഉപയോഗിച്ചു.

Previous articleരചിൻ രവീന്ദ്രയെയും കോൺവേയെയും ടീമിലെത്തിക്കാൻ സിഎസ്കെ തന്ത്രം. ലേലത്തിൽ റൈറ്റ് ടു മാച്ച് കളികൾക്ക് തയാർ
Next article20 ലക്ഷത്തിന് വാങ്ങി, 14 കോടിയ്ക്ക് നിലനിർത്തി. രാജസ്ഥാൻ താരത്തിന് 6900% പ്രതിഫല വർദ്ധനവ്.