2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ 1 മുതൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുക.
ശേഷം ചിരവൈരികളായ പാക്കിസ്ഥാനെതിരെയും ഇന്ത്യ കളിക്കും. ഈ സാഹചര്യത്തിൽ വരുന്ന ട്വന്റി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഇതിഹാസ താരം ബ്രയൻ ലാറ. പിടിഐ ന്യൂസിനോട് സംസാരിക്കുന്ന സമയത്താണ് ലാറ തന്റെ ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ചത്.
ഇന്ത്യയും തന്റെ രാജ്യമായ വെസ്റ്റിൻഡീസും ഇത്തവണ ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടും എന്നാണ് ലാറ പ്രവചിച്ചിരിക്കുന്നത്. “ഈ ലോകകപ്പിൽ വെസ്റ്റിൻഡീസ് നന്നായി പ്രകടനം കാഴ്ചവയ്ക്കും എന്നാണ് ഞാൻ കരുതുന്നത്. ഒരുപാട് വ്യക്തിഗത താരങ്ങൾ അണിനിരക്കുന്ന ടീമാണ് ഇത്തവണ വെസ്റ്റിൻഡീസ്. ഒരു ടീമായി അവർക്ക് കളിക്കാൻ സാധിക്കുകയാണെങ്കിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും എന്ന കാര്യത്തിൽ സംശയമില്ല.”
“ഇന്ത്യൻ ടീമിനെ സംബന്ധിച്ച്, സെലക്ഷനുമായി ബന്ധപ്പെട്ട ഒരുപാട് ചർച്ചകൾ നേരീട്ടിരുന്നു. പക്ഷേ ആദ്യ 4ലെത്താൻ സാധ്യതയുള്ള ഒരു ടീം തന്നെയാണ് ഇന്ത്യ. ഇന്ത്യയും വിൻഡിസും തമ്മിലുള്ള ഫൈനൽ നടക്കുകയാണെങ്കിൽ അത് മുൻകാലത്തെ പിഴവുകൾ ഇല്ലാതാക്കാൻ സഹായിക്കും.”- ലാറ പറയുന്നു.
“2007 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ഞങ്ങൾക്ക് രണ്ടാം റൗണ്ടിൽ മിസ്സ് ചെയ്തിരുന്നു. വെസ്റ്റിൻഡീസുകാരായ ഞങ്ങളെ വധിക്കുന്നതിന് തുല്യമായിരുന്നു അത്. അങ്ങനെയൊന്നും വീണ്ടും സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ ഇത്തവണത്തെ ഫൈനലിൽ ഇന്ത്യയും വെസ്റ്റിൻഡീസും നേർക്കുനേർ ഏറ്റുമുട്ടണം. ഇതിൽ മികച്ച ടീം ആരാണോ അവർ തന്നെ വിജയവും സ്വന്തമാക്കട്ടെ.”- ലാറ വ്യക്തമാക്കുകയുണ്ടായി. 2007ലെ ആദ്യ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയായിരുന്നു കിരീടം ചൂടിയത്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വെസ്റ്റിൻഡീസ് പുറത്തായിരുന്നു. ഇക്കാര്യമാണ് ലാറ പറഞ്ഞത്.
ഇന്ത്യയെയും വെസ്റ്റിൻഡീസിനെയും കൂടാതെ മറ്റേതൊക്കെ രാജ്യങ്ങൾ ലോകകപ്പിന്റെ സെമിഫൈനലിൽ എത്തുമെന്ന് ലാറ ചൂണ്ടിക്കാട്ടുകയുണ്ടായി. നിലവിലെ ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടും, വളർന്നു വരുന്ന യുവ ടീമായ അഫ്ഗാനിസ്ഥാനും ഇത്തവണത്തെ ലോകകപ്പിന്റെ സെമിഫൈനലിൽ ഇടം കണ്ടെത്തും എന്നാണ് ലാറയുടെ പ്രവചനം. എന്നിരുന്നാലും കരുത്തരായ ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിഫൈനലിൽ ഇടം കണ്ടെത്തില്ല എന്ന് ലാറ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാൻ വളരെ വലിയ ശേഷിയുള്ള ടീമാണ് എന്ന് ആവർത്തിച്ചു പറയുകയാണ് ലാറ.