ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഉജ്ജല തുടക്കം സ്വന്തമാക്കി ഇന്ത്യ. പേസർമാരായ ബൂമ്രയുടെയും സിറാജിന്റെയും മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ആദ്യ ദിവസം മികവ് പുലർത്തുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ മുൻനിരയിലുള്ള 4 വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചിട്ടുണ്ട്.
ഇതിൽ പ്രധാന പങ്കുവഹിച്ചത് മുഹമ്മദ് സിറാജിന്റെ ബോളിങ് തന്നെയാണ്. മികച്ച ലൈനിലും ലെങ്തിലും പന്തറിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കുഴക്കുകയായിരുന്നു സിറാജ്. ആദ്യ 10 ഓവറിനുള്ളിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റ്കൾ സ്വന്തമാക്കാൻ സിറാജിന് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിന്റെ നാലാം ഓവറിൽ മാക്രത്തെ പുറത്താക്കിയാണ് സിറാജ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ഒരു തകർപ്പൻ പന്തിൽ സ്ലിപ്പിൽ ജയിസ്വാളിന് ക്യാച്ച് നൽകിയാണ് മാക്രം മടങ്ങിയത്. മത്സരത്തിൽ 10 പന്തുകൾ നേരിട്ട മാക്രം കേവലം 2 റൺസ് മാത്രമായിരുന്നു നേടിയത്.
ഇതോടെ ദക്ഷിണാഫ്രിക്കയുടെ തകർച്ച ആരംഭിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ആറാം ഓവറിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റിലെ ഹീറോയായ ഡീൻ എൽഗരെ ബോൾഡ് ആക്കാനും സിറാജിന് സാധിച്ചു. സിറാജിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പരാജയപ്പെട്ട എൽഗർ ബൗൾഡായി മടങ്ങി.
പിന്നാലെ ഒമ്പതാം ഓവറിൽ ബൂമ്രയാണ് ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചത്. ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയാണ് ബൂമ്ര വരവറിയിച്ചത്. രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകിയായിരുന്നു സ്റ്റബ്സ് പുറത്തായത്. ഇതോടെ ദക്ഷിണാഫ്രിക്ക പൂർണമായും തകരുകയുണ്ടായി. പത്താം ഓവറിൽ സിറാജ്, ഫോമിലുള്ള ഡി സോഴ്സിയെ കൂടി വീഴ്ത്തിയതോടെ ഇന്ത്യ മത്സരത്തിൽ പൂർണമായ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 15ന് നാല് വിക്കറ്റ് എന്ന നിലയിൽ എത്തി. മത്സരത്തിൽ സോഴ്സി നേടിയത് 2 റൺസ് മാത്രമാണ്.
ആദ്യ മത്സരത്തിൽ ബോളിംഗിൽ വലിയ രീതിയിൽ പരാജയമായി മാറിയ ഇന്ത്യയുടെ ഒരു തിരിച്ചുവരമാണ് രണ്ടാം മത്സരത്തിൽ കാണുന്നത്. ഈ മികച്ച പ്രകടനം ടെസ്റ്റിൽ ഉടനീളം ആവർത്തിച്ചാൽ ഇന്ത്യയ്ക്ക് അനായാസം വിജയം സ്വന്തമാക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
വലിയ മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയിരിക്കുന്നത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, മുകേഷ് കുമാർ എന്നിവരെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവിചന്ദ്രൻ അശ്വിനെയും ശർദൂർ താക്കൂറിനെയുമാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ശേഷം ടീമിൽ നിന്ന് പുറത്താക്കിയത്.