ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. മത്സരത്തിൽ 5 വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ഇന്ത്യക്കായി ഇഷാഖ്, ശ്രെയങ്കാ പാട്ടിൽ എന്നിവരാണ് ബോളിങ്ങിൽ മികവ് പുലർത്തിയത്. ബാറ്റിംഗിൽ സ്മൃതി മന്ദന മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 2-1 എന്ന നിലയിലാണ് ഇംഗ്ലണ്ട് ട്വന്റി20 പരമ്പര സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് രേണുക സിംഗ് നൽകിയത്. കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ കൊയ്തെടുക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചിരുന്നു.
ഇംഗ്ലണ്ടിനായി നായക നൈറ്റ് ആണ് ക്രീസിലുറച്ചത്. ഇന്നിംഗ്സിലൂടനീളം ഇംഗ്ലണ്ടിനെ കരകയറ്റാൻ നൈറ്റ് ബുദ്ധിമുട്ടി. എന്നാൽ മറുവശത്ത് ബാറ്റർമാർ പൊരുതാൻ പോലും തയ്യാറാവാതെ വന്നതോടെ ഇംഗ്ലണ്ട് നിര കൂപ്പുകുത്തി വീഴുകയായിരുന്നു. മത്സരത്തിൽ നൈറ്റ് 42 പന്തുകളിൽ 52 റൺസാണ് നേടിയത്.
നൈറ്റിനൊപ്പം വിക്കറ്റ് കീപ്പർ ആമി ജോൺസും(25) തരക്കേടില്ലാത്ത പ്രകടനം ഇംഗ്ലണ്ടിനായി കാഴ്ചവച്ചു. ഇങ്ങനെ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ 126 റൺസിലെത്തുകയായിരുന്നു. ഇന്ത്യക്കായി ശ്രേയങ്ക പട്ടിൽ, ഇഷാഖ് എന്നിവർ 3 വിക്കറ്റുകൾ സ്വന്തമാക്കി. അമൻജോത്ത് കോർ, രേണുക സിംഗ് എന്നിവർ 2 വിക്കറ്റുകൾ വീതം നേടി പിന്തുണയും നൽകി.
127 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യക്കായി പക്വതയാർന്ന തുടക്കമാണ് സ്മൃതി മന്ദന നൽകിയത്. ഷഫാലീ വർമ്മ തുടക്കത്തിൽ പുറത്തായെങ്കിലും സ്മൃതിയും റോഡ്രിഗസും പതിയെ ഇന്ത്യയുടെ സ്കോറിങ് ഉയർത്തുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ റോഡ്രിഗസുമായി(29) കൂട്ടുപിടിച്ച് സ്മൃതി ഇന്ത്യയുടെ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഇതോടെ മത്സരം ഇന്ത്യയുടെ കൈപ്പിടിയിലേക്ക് എത്തുകയായിരുന്നു. സ്മൃതി മന്ദന മത്സരത്തിൽ 48 പന്തുകളിൽ 48 റൺസ് നേടി മികവ് പുലർത്തി. ഒപ്പം അവസാന ഓവറുകളിൽ 4 പന്തുകളിൽ 10 റൺസ് നേടിയ അമൻജോത്ത് കോർ കൂടി വെടിക്കെട്ട് തീർത്തതോടെ ഇന്ത്യ 5 വിക്കറ്റുകളുടെ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് മത്സരത്തിലെ വിജയം