കൊടുങ്കാറ്റായി സഞ്ജുവിന്റെ വമ്പൻ തിരിച്ചുവരവ്. 26 പന്തുകളിൽ 40 റൺസ്.

20230820 204018

ഇന്ത്യയുടെ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസൺ. ആദ്യ മത്സരത്തിൽ നിർഭാഗ്യവശാൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം മുതലാക്കാൻ സാധിച്ചു. മത്സരത്തിൽ 26 പന്തുകളിൽ 40 റൺസാണ് മലയാളി താരം നേടിയത്. കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20 മത്സരങ്ങളിൽ മികവു പുലർത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാൽ ഈ ഇന്നിംഗ്സോടുകൂടി സഞ്ജു തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

രണ്ടാം മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ജെയ്‌സ്വാളും ഋതുരാജും ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ 11 പന്തുകളിൽ 18 റൺസ് നേടിയ ജയസ്വാൾ കൂടാരം കയറുകയുണ്ടായി. മൂന്നാമനായി ക്രീസിലെത്തിയ തിലക് വർമയും(1) ഞൊടിയിടയിൽ പുറത്തായതോടെ ഇന്ത്യ 34ന് 2 എന്ന നിലയിൽ തകർന്നു. ഈ സമയത്തായിരുന്നു നാലാമനായി സഞ്ജു സാംസൺ ക്രീസിലെത്തിയത്.

ക്രീസിലെത്തിയ സഞ്ജു സാംസൺ വളരെ പതിയെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ പന്തുകളിൽ വമ്പൻ ഷോട്ടുകൾക്ക് സഞ്ജു മുതിർന്നില്ല. ശേഷം നേരിട്ട ആറാം പന്തിൽ തേർഡ് മാനിലേക്ക് ബൗണ്ടറി നേടിയാണ് സഞ്ജു തന്റെ വരവറിയിച്ചത്. പിന്നീട് ഇന്നിംഗ്സിന്റെ പത്താം ഓവറിൽ ഒരു കിടിലൻ സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടാനും സഞ്ജുവിന് സാധിച്ചിരുന്നു. ഋതുരാജുമൊത്ത് മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് സഞ്ജു ശ്രമിച്ചത്.

Read Also -  ഇത് പഴയ സഞ്ജുവല്ല, "2.0" വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.

എന്നാൽ പത്താം ഓവറിന് ശേഷം മറ്റൊരു സഞ്ജു സാംസണെയാണ് കളിക്കളത്തിൽ കണ്ടത്. പതിനൊന്നാം ഓവറിൽ ജോഷ് ലിറ്റിലിനെതിരെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ പായിച്ച് സഞ്ജു തന്റെ പ്രതാപകാലഫോമിലേക്ക് തിരികെ എത്തുകയായിരുന്നു. ശേഷം ഓവറിൽ ഒരു പടുകൂറ്റൻ സിക്സർ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. എന്നാൽ അധികം താമസിക്കാതെ സഞ്ജു സാംസൺ വൈറ്റിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. മത്സരത്തിൽ 26 പന്തുകൾ നേരിട്ട സഞ്ജു 40 റൺസ് നേടി. അഞ്ചു ബൗണ്ടറികളും ഒരു സിക്സറും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളിലോക്കെയും പരാജയപ്പെട്ട സഞ്ജുവിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ഈ പ്രകടനം നൽകുന്നത്.

Scroll to Top