ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി20 മത്സരത്തിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച് ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 174 റൺസാണ് നേടിയത്. റിങ്കു സിംഗ്, ജയസ്വാൾ, ഋതുരാജ്, ജിതേഷ് ശർമ എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഒരു സ്കോർ സമ്മാനിച്ചത്. പരമ്പരയിൽ ഇതുവരെ 2 മത്സരങ്ങളിൽ വിജയം കണ്ട ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനുള്ള ഒരു അവസരം കൂടിയാണ് വന്നെത്തിയിരിക്കുന്നത്. ബോളർമാർ കൂടി മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ സാധിക്കും.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ഇത്തവണയും ഓപ്പണർമാർ നൽകിയത്. ജെയ്‌സ്വാളും ഋതുരാജും ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്തുകയുണ്ടായി. ആദ്യ വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. ജയസ്വാൾ മത്സരത്തിൽ 28 പന്തുകളിൽ 37 റൺസാണ് നേടിയത്. 6 ബൗണ്ടറികളും ഒരു സിക്സറും ജയസ്വാളിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്നാൽ ജെസ്വാൾ പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരും(8) നായകൻ സൂര്യകുമാർ യാദവും(1) ചെറിയ ഇടവേളയിൽ തന്നെ കൂടാരം കയറുന്നതാണ് കാണാൻ സാധിച്ചത്. ഇവർക്കൊപ്പം 32 നേടിയ ഋതുരാജും വീണതോടെ ഇന്ത്യ 111ന് 4 എന്ന നിലയിലെത്തി.
ശേഷം റിങ്കു സിംഗും ജിതേഷ് ശർമയും ചേർന്ന് ഇന്ത്യയെ മികച്ച ഒരു സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ഓസ്ട്രേലിയൻ ബോളർമാരെ കൃത്യമായി നേരിട്ടാണ് ജിതേഷ് ശർമ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. റിങ്കു സിങ്ങും തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബൗണ്ടറികൾ കണ്ടെത്തുകയുണ്ടായി. ഇതോടെ ഓസ്ട്രേലിയ പൂർണമായും സമ്മർദ്ദത്തിലേക്ക് നീങ്ങി. ഇന്ത്യക്കായി അഞ്ചാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ജിതേഷിനും റിങ്കുവിനും സാധിച്ചു. ഓസ്ട്രേലിയയുടെ സ്പിന്നർമാരെ കൃത്യമായി അടിച്ചകറ്റിയായിരുന്നു ഇരുവരും മികവ് പുലർത്തിയത്.
മത്സരത്തിൽ റിങ്കു സിംഗ് 29 പന്തുകളിൽ 46 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ജിതേഷ് ശർമ 19 പന്തുകളിൽ 35 റൺസ് നേടി. ഒരു ബൗണ്ടറിയും 3 സിക്സറുകളായിരുന്നു ജിതേഷ് ശർമയുടെ ഇന്നിംഗ്സിന് അകമ്പടിയായത്. എന്നാൽ അവസാന ഓവറുകളിൽ ഓസ്ട്രേലിയ ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 174 എന്ന സ്കോറിൽ എത്തുകയായിരുന്നു. മത്സരത്തിൽ വിജയം സ്വന്തമാക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കും. മറുവശത്ത് മത്സരത്തിൽ വിജയിച്ച് പരമ്പര സമനിലയിൽ ആക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ.