ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു വലിയ പരാജയം തന്നെയായിരുന്നു മുംബൈ ഇന്ത്യൻസ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ കേവലം 144 റൺസിന് ഒതുക്കാൻ ലക്നൗവിന് സാധിച്ചു. മറുപടി ബാറ്റിംഗിൽ സ്റ്റോയിനിസ് ടീമിനായി മികവ് പുലർത്തിയപ്പോൾ ലക്നൗ 4 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. മുംബൈയുടെ ഈ ഐപിഎല്ലിലെ ഏഴാം പരാജയമാണ് മത്സരത്തിൽ പിറന്നത്. ഈ സീസണിലെ മുംബൈയുടെ മോശം പ്രകടനത്തെ പറ്റി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ സംസാരിക്കുകയുണ്ടായി.
ഐപിഎല്ലിന്റെ 2023 സീസണിൽ പ്ലേയോഫിൽ എത്താൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. എന്നാൽ അന്നത്തേക്കാൾ മികച്ച ടീം ഇപ്പോൾ മുംബൈയ്ക്കുണ്ട്. പക്ഷേ മൈതാനത്ത് യാതൊരു തരത്തിലും മികവ് പുലർത്താൻ മുംബൈയ്ക്ക് സാധിച്ചിട്ടില്ല. ഇതിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അടക്കം വലിയ പിഴവുകൾ വരുത്തുന്നു എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറഞ്ഞിരിക്കുന്നത്. മൈതാനത്ത് കൃത്യമായി തങ്ങളുടെ താരങ്ങളെ മാനേജ് ചെയ്യുന്നതിൽ മുംബൈ പരാജയപ്പെടുന്നു എന്നാണ് പത്താന്റെ വിലയിരുത്തൽ. ഈ അവസ്ഥ വളരെ മോശമാണ് എന്ന് ചൂണ്ടിക്കാട്ടിരിക്കുകയാണ് പത്താൻ.
“കഴിഞ്ഞ സീസണിൽ പ്ലേയോഫിലേക്ക് യോഗ്യത നേടാൻ മുംബൈ ഇന്ത്യൻസ് ടീമിൻ സാധിച്ചിരുന്നു. സൂപ്പർ പേസർ ബൂമ്ര ഇല്ലാതിരുന്നിട്ടും മുംബൈയ്ക്ക് അന്നത് സാധിച്ചു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ബുമ്രയുടെ സേവനവും മുംബൈക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും അവർ വളരെ മോശം സാഹചര്യത്തിലാണ് ഉള്ളത്. ടീമിലെ അംഗങ്ങളെ കൃത്യമായി മൈതാനത്ത് മാനേജ് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് മാത്രമാണ് ഇത്തരമൊരു അവസ്ഥ മുംബൈയ്ക്ക് വന്നത്. അവരുടെ നായകൻ ഹർദിക് പാണ്ഡ്യയിൽ നിന്ന് ഒരുപാട് പിഴവുകൾ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. അതൊരു സത്യമാണ്.”- ഇർഫാൻ പത്താൻ പറയുന്നു.
വമ്പൻ ഇന്ത്യൻ ബാറ്റിംഗ് നിര ഉണ്ടായിട്ടും ഇതുവരെ വലിയ സ്കോറുകൾ കണ്ടെത്താൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടില്ല. പല മത്സരങ്ങളിലും വിജയിക്കാനാവുന്ന സ്കോറുകൾ കണ്ടെത്തിയിട്ടും മുംബൈയുടെ ബോളിങ് നിര പരാജയപ്പെടുന്നതും കാണാൻ സാധിച്ചു.
ഇത്ര മികച്ച ഇന്ത്യൻ നിരയുണ്ടായിട്ടും എന്തുകൊണ്ടാണ് മുംബൈയ്ക്ക് പരാജയം നിരന്തരമായി നേരിടുന്നത് എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമ, ഉപനായകൻ ഹർദിക് പാണ്ഡ്യ, ട്വന്റി20യിലെ ഒന്നാം നമ്പർ ബാറ്റർ സൂര്യകുമാർ യാദവ് തുടങ്ങിയ വമ്പന്മാർ അണിനിരക്കുന്ന ടീമിന് ഇത്തരം ഒരു അവസ്ഥ വന്നത് അത്ഭുതകരം തന്നെയാണ്.