2024 ട്വന്റി20 ലോകകപ്പ് ആവേശകരമായി തന്നെ പുരോഗമിക്കുകയാണ്. ലോകകപ്പിൽ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യ- പാകിസ്ഥാൻ മത്സരമാണ്. 2022ൽ നടന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ തയ്യാറായാണ് ഇത്തവണ പാകിസ്ഥാൻ എത്തുന്നത്.
ജൂൺ 9ന് ന്യൂയോർക്കിലാണ് സൂപ്പർ പോരാട്ടം അരങ്ങേറുന്നത്. ഇതിനായി അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യൻ ടീമും പാക്കിസ്ഥാൻ ടീമും. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് തന്റെ പ്രതീക്ഷകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ നായകൻ ബാബർ ആസാം ഇപ്പോൾ. ഇന്ത്യയ്ക്കെതിരായ മത്സരം എല്ലായിപ്പോഴും സമ്മർദ്ദം സൃഷ്ടിക്കുന്നവയാണ് എന്ന് ബാബർ ആസാം പറയുകയുണ്ടായി.
2022 ലോകകപ്പിലെ മത്സരത്തിൽ തങ്ങൾ വിജയിക്കേണ്ടതായിരുന്നുവെന്നും മത്സരത്തിലെ പരാജയം ഒരുപാട് വേദനിപ്പിച്ചുവെന്നും ബാബർ ആസം പറയുകയുണ്ടായി. “ലോകകപ്പിലെ മറ്റേത് മത്സരങ്ങളേക്കാൾ കൂടുതൽ ചർച്ച ചെയ്യാവുന്നതാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള ആളുകൾ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തെപ്പറ്റി സംസാരിക്കും. അവർ ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. ലോക ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യ-പാക് മത്സരം.”
“മത്സരത്തിന് ഇത്രയധികം പ്രചാരമുള്ളതിനാൽ തന്നെ ആരാധക പിന്തുണ കൂടുതൽ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രധാനമായും അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധിക്കുക എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ഒപ്പം സമ്മർദ്ദത്തെ നന്നായി കൈകാര്യം ചെയ്യാനും ശ്രമിക്കും. നമ്മുടേതായ പ്ലാനുകളിൽ വിശ്വസിച്ചാൽ നമുക്ക് കാര്യങ്ങൾ അനായാസമായി മാറും. വലിയ സമ്മർദ്ദങ്ങൾ ഉള്ളതിനാൽ തന്നെ മറ്റു ചിന്തകളിലേക്ക് പോവാൻ പാടില്ല. തങ്ങളുടെ കഴിവുകളിൽ അങ്ങേയറ്റം വിശ്വാസമർപ്പിക്കുകയും, അതിനായി കഠിനപ്രയത്നം ചെയ്യുകയും വേണം. അപ്പോൾ കാര്യങ്ങൾ അനായാസമാവും.”- ബാബർ ആസാം പറയുന്നു.
2022 ട്വന്റി0 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കോഹ്ലിയുടെ മികവിൽ ഉഗ്രൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഈ മത്സരത്തിലെ പരാജയം തങ്ങളെ നിരാശപ്പെടുത്തി എന്ന് ആസം പറയുകയുണ്ടായി. “2022 ലോകകപ്പിൽ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ ഞങ്ങൾ വിജയം സ്വന്തമാക്കേണ്ടതായിരുന്നു. എന്നാൽ മത്സരം ഇന്ത്യ അതിവിദഗ്ധമായി പിടിച്ചെടുത്തു. എന്നാൽ അതിനേക്കാൾ ഞങ്ങളെ നിരാശപ്പെടുത്തിയത് സിംബാബ്വെ ടീമിനോടേറ്റ പരാജയമായിരുന്നു. ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശേഷവും സിംബാബ്വയോട് ഞങ്ങൾ പരാജയപ്പെട്ടു.”- ബാബർ കൂട്ടിച്ചേർക്കുന്നു.
ഇത്തവണയും വളരെ സന്തുലിതമായ ഒരു താരനിരയാണ് ഇന്ത്യയ്ക്കായി ലോകകപ്പിൽ അണിനിരക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ സീനിയർ താരങ്ങളിലാണ് ഇന്ത്യ കൂടുതലായി പ്രതീക്ഷ വയ്ക്കുന്നത്. ഒപ്പം സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, റിഷഭ് പന്ത് തുടങ്ങിയ വമ്പൻ ബാറ്റർമാരും ഇന്ത്യൻ നിരയിൽ അണിനിരക്കുന്നുണ്ട്.
അതേസമയം പാക്കിസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ബാറ്റിംഗ് തന്നെയാണ്. ബാബർ ആസാം, മുഹമ്മദ് റിസ്വാൻ, ഇഫ്തിക്കാർ അഹമ്മദ് എന്നിവരാണ് പാകിസ്ഥാൻ നിരയിലെ കെൽപ്പുള്ള ബാറ്റർമാർ. എന്നാൽ മറ്റുള്ള ബാറ്റർമാർ മികവ് പുലർത്താതിരുന്നതാണ് കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പാക്കിസ്ഥാനെ ബാധിച്ചത്.