“2011 ലോകകപ്പിൽ ധോണിയും ഫോമിലായിരുന്നില്ല. പക്ഷേ ഫൈനലിൽ. ” – കോഹ്ലിയ്ക്ക് ഉപദേശവുമായി കൈഫ്‌.

2024 ട്വന്റി20 ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യയുടെ ഓപ്പണർ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. ഇതുവരെ 7 ഇന്നിങ്സുകൾ ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ ബാറ്റ് ചെയ്ത കോഹ്ലി 75 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

അതിനാൽ ഇന്ത്യയുടെ ഫൈനൽ മത്സരത്തിലും വിരാട് കോഹ്ലിയുടെ ഈ മോശം ഫോം ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇതുവരെ മോശം ഫോമിലാണ് കോഹ്ലി കളിച്ചതെങ്കിലും ഫൈനലിൽ കോഹ്ലിയ്ക്ക് ഒരു ഹീറോയായി മാറാൻ സാധിക്കും എന്നാണ് മുഹമ്മദ് കൈഫ് വിശ്വസിക്കുന്നത്.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കൈഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ ഉദാഹരണമായി എടുത്തതാണ് കൈഫ് സംസാരിച്ചത്. “കോഹ്ലി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മഹേന്ദ്ര സിംഗ് ധോണിയെ സംബന്ധിച്ച് 2011 ലോകകപ്പ് അത്ര മികച്ച ടൂർണ്ണമെന്റ് ആയിരുന്നില്ല. പക്ഷേ ഫൈനൽ മത്സരത്തിൽ കൃത്യമായി തന്റെ ഫോമിലേക്ക് തിരികെയെത്താൻ ധോണിയ്ക്ക് സാധിച്ചു. ഒരു ചെറിയ നിർദ്ദേശം മാത്രമാണ് എനിക്ക് നൽകാനുള്ളത്. കോഹ്ലി ഒരു അവിശ്വസനീയ താരം തന്നെയാണ്. എല്ലാ പന്തുകളും വളരെ മികച്ച രീതിയിൽ കളിക്കാൻ കോഹ്ലിക്ക് സാധിക്കും. എതിർ ടീമിന്റെ ബോളിങ് അറ്റാക്കിനെതിരെ അവൻ നിലകൊള്ളും.”- കൈഫ് പറഞ്ഞു.

“2011 ഏകദിന ലോകകപ്പ് സമയത്ത് മഹേന്ദ്ര സിംഗ് ധോണി ഒട്ടും ഫോമിലായിരുന്നില്ല. ശേഷം ഫൈനലിൽ 91 റൺസിന്റെ കിടിലൻ ഇന്നിങ്‌സാണ് ധോണി അന്ന് കളിച്ചത്. അന്ന് ധോണി ലോങ് ഓണിന് മുകളിലൂടെ കുലശേഖരയ്ക്കെതിരെ നേടിയ ആ സിക്സറുകൾ എല്ലാവരുടെയും മനസ്സിൽ എന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു ഹീറോയായി മാറാൻ കോഹ്ലിയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട് എന്ന് ഞാൻ പറയുന്നത്. ഇതുവരെയുള്ള തന്റെ മോശം ഫോം കോഹ്ലി മറക്കുകയാണ് വേണ്ടത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കളിച്ച സമയത്ത് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഈഡൻ ഗാർഡൻസിലായിരുന്നു ആ മത്സരം. ആ ദിവസം അവിസ്മരണീയ പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്. അനാവശ്യ ഷോട്ടുകൾ കളിക്കാൻ കോഹ്ലി തയ്യാറായില്ല. കൃത്യമായി പന്തുകൾക്ക് ആവശ്യമായ ഷോട്ടുകൾ മാത്രമാണ് കളിച്ചത്.”- കൈഫ് കൂട്ടിച്ചേർക്കുന്നു.

“അതിനാൽ ഫൈനലിലും ഇത്തരത്തിൽ പ്രോപ്പർ ഷോട്ടുകൾ കളിച്ചുകൊണ്ട് തന്നെ കോഹ്ലി മുന്നോട്ടു വരണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരിക്കലും അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റ് വലിച്ചെറിയാൻ കോഹ്ലിയെ പോലെ ഒരു താരം ശ്രമിക്കരുത്. ഹർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നീ താരങ്ങൾ തുടക്കത്തിൽ മുതൽ വെടിക്കെട്ട് തീർക്കണം. എന്നാൽ കോഹ്ലി 20 ഓവറുകളും ക്രീസിൽ തുടരാനാണ് ശ്രമിക്കേണ്ടത്. ബോളിന് ആവശ്യമായ ഷോട്ടുകൾ മാത്രം കളിക്കുക. കോഹ്ലി വലിയ മത്സരങ്ങളുടെ താരമാണ്. അതുകൊണ്ടുതന്നെ 2011 ഏകദിന ലോകകപ്പിൽ ധോണിയെ പോലെ ഒരു ഹീറോയായി മാറാൻ കോഹ്ലിയ്ക്ക് സാധിക്കും.”- കൈഫ് പറഞ്ഞുവെക്കുന്നു.

Previous article“ഫൈനലിൽ കോഹ്ലിയുടെ ഫോം ഇന്ത്യയെ ബാധിക്കില്ല “. കോഹ്ലി രാജാവാണെന്ന് ശ്രീകാന്ത്
Next articleടോസ് ഭാഗ്യം ഇന്ത്യക്ക്. ഇന്ത്യന്‍ നിരയില്‍ മാറ്റമില്ലാ