2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇതുവരെ പരാജയമറിയാതെ സെമി ഫൈനലിൽ സ്ഥാനം കണ്ടെത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. വലിയ കിരീട പ്രതീക്ഷയാണ് ഇത്തവണയും ഇന്ത്യക്കുള്ളത്.
സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 2022 ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാരമ്പര്യം ഇംഗ്ലണ്ടിനുണ്ട്. എന്നാൽ ഇത്തവണ കൂടുതൽ ശക്തരായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യ തങ്ങളുടെ പരിശീലകനായ രാഹുൽ ദ്രാവിഡിനായി കിരീടം നേടിക്കൊടുക്കണം എന്നാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറഞ്ഞിരിക്കുന്നത്.
2024 ട്വന്റി20 ലോകകപ്പ് ഇന്ത്യൻ കോച്ച് എന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെ അവസാനത്തെ അസൈൻമെന്റ് ആണ്. അതിനാൽ തന്നെ ഇത്തരമൊരു കിരീടം രാഹുൽ ദ്രാവിഡ് അർഹിക്കുന്നുണ്ട് എന്ന് സേവാഗ് പറയുന്നു. “ഞങ്ങൾ 2011 ലോകകപ്പ് കളിച്ചത് സച്ചിൻ ടെണ്ടുൽക്കർക്ക് വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ ഈ ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടേണ്ടത് രാഹുൽ ദ്രാവിഡിന് വേണ്ടിയാണ്.”
“ഒരു കോച്ച് എന്ന നിലയിലെങ്കിലും രാഹുൽ ദ്രാവിഡിന് ലോകകപ്പ് നേടിക്കൊടുക്കാൻ നമുക്ക് സാധിക്കണം. അങ്ങനെ അദ്ദേഹത്തിന് ലോകകപ്പ് വിജയി എന്ന ബാഡ്ജ് ലഭിക്കും. ഒരു കളിക്കാരൻ എന്ന നിലയിൽ ഇതിന് ദ്രാവിഡിന് സാധിച്ചിരുന്നില്ല.”- സേവാഗ് പറയുന്നു.
ഒപ്പം കഴിഞ്ഞ മത്സരത്തിലെ രോഹിത് ശർമയുടെ പ്രകടനത്തെപ്പറ്റിയും സേവാഗ് വിലയിരുത്തുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 41 പന്തുകളിൽ 92 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയത്. തന്നെ സംബന്ധിച്ച് ഇതൊരു അത്ഭുതകരമായ പ്രകടനമായിരുന്നു എന്ന് സേവാഗ് പറയുന്നു.
കേവലം 6 ഓവറുകളിൽ കൂടുതൽ രോഹിത് ശർമ ക്രീസിൽ തുടരുമെന്ന് താൻ കരുതിയിരുന്നില്ല എന്നാണ് സേവാഗിന്റെ പ്രസ്താവന. എന്നാൽ മത്സരത്തിൽ വമ്പൻ പ്രകടനം കാഴ്ചവച്ച് എല്ലാവരെയും രോഹിത് ഞെട്ടിച്ചിരിക്കുകയാണ് എന്ന് സേവാഗ് കൂട്ടിച്ചേർക്കുകയുണ്ടായി.
“ലോകകപ്പിൽ ഇതിലും വലിയ വിനോദം ഞാൻ ഇതുവരെയും കണ്ടിട്ടില്ല. അവൻ ആദ്യ 6 ഓവറുകളിൽ ക്രീസിൽ തുടർന്ന് വെടിക്കെട്ട് തീർക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ പവർപ്ലേയ്ക്ക് ശേഷവും ക്രീസിൽ തുടരാനും വമ്പൻ പ്രകടനം കാഴ്ചവയ്ക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചു. നമ്മുടെയൊക്കെ മനസ്സിനെ സന്തോഷത്തിലാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.”- സേവാഗ് കൂട്ടിച്ചേർത്തു. നാളെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം നടക്കുക.