“2008ൽ ചെന്നൈയുടെ നായകനാവേണ്ടത് ഞാനായിരുന്നു. പക്ഷേ ഞാൻ അത് നിരസിച്ചു”. വിരേന്ദർ സേവാഗ് പറയുന്നു.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎല്ലിന്റെ തുടക്കത്തിൽ മുതൽ ശക്തരായ താരങ്ങളെ ടീമിലെത്തിച്ച് മികച്ച ഫലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ചെന്നൈ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചിട്ടുണ്ട്.

2008 ഐപിഎല്ലിൽ മഹേന്ദ്ര സിംഗ് ധോണിയെ തങ്ങളുടെ നായകനായി ടീമിൽ എത്തിച്ചതായിരുന്നു ചെന്നൈയുടെ ചരിത്രം തന്നെ മാറ്റിയത്. ഇതുവരെ 5 തവണ ചെന്നൈ ടീമിനെ കിരീടം ചൂടിക്കാനും മഹേന്ദ്ര സിംഗ് ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. 2008 ലേലത്തിൽ 6 കോടി രൂപയ്ക്ക് ആയിരുന്നു ധോണിയെ ചെന്നൈ സ്വന്തമാക്കിയത്. അന്നത്തെ ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായിരുന്നു അത്. എന്നാൽ ധോണിയ്ക്ക് മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ നായകനായി തന്നെ സമീപിച്ചിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ഇപ്പോൾ പറയുന്നത്.

ചെന്നൈ ഫ്രാഞ്ചൈസിയുടെ ആദ്യ ചോയ്സ് നായകൻ താനായിരുന്നു എന്ന് സേവാഗ് പറയുന്നു. അന്ന് ചെന്നൈയ്ക്കായി താരങ്ങളെ തെരഞ്ഞെടുത്തിരുന്ന ചന്ദ്രശേഖർ താനുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് സേവാഗ് പറഞ്ഞത്. ചെന്നൈ ടീമിനൊപ്പം തുടരാനുള്ള തന്റെ ആഗ്രഹത്തെ സംബന്ധിച്ച് ചന്ദ്രശേഖർ സംസാരിച്ചിരുന്നതായി സേവാഗ് പറഞ്ഞു.

എന്നാൽ താൻ ചെന്നൈയിലേക്കുള്ള ക്ഷണം നിരസിക്കുകയായിരുന്നു എന്നാണ് സേവാഗ് കൂട്ടിച്ചേർത്തത്. ശേഷം തന്നെ ഡൽഹി ടീം ഐക്കൺ താരമായി ടീമിനൊപ്പം തുടരാൻ ക്ഷണിച്ചതായും സേവാഗ് പറയുന്നു. ഒരുപക്ഷേ 2008 ഐപിഎൽ ലേലത്തിൽ താൻ ഉണ്ടായിരുന്നുവെങ്കിൽ ചെന്നൈ ഉറപ്പായും തന്നെ സ്വന്തമാക്കിയേനെ എന്നാണ് സേവാഗ് കരുതുന്നത്.

“അന്ന് ചെന്നൈ സൂപ്പർ കിങ്സിനായി താരങ്ങളെ തിരഞ്ഞെടുത്തിരുന്നത് വി ബി ചന്ദ്രശേഖർ ആയിരുന്നു. ഒരു ദിവസം അദ്ദേഹം എന്നെ ഫോൺ വിളിക്കുകയുണ്ടായി. ‘താങ്കൾ ചെന്നൈ സൂപ്പർ കിങ്സ് ടീമിനായി കളിക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഡൽഹി ഡയർഡേവിൾസ് തങ്ങളെ അവരുടെ ഐക്കൺ താരമായി നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. ആ ഓഫർ ഒരിക്കലും സ്വീകരിക്കരുത്.’ ഇതായിരുന്നു ചന്ദ്രശേഖർ പറഞ്ഞത്. പക്ഷേ ഞാൻ അന്ന് പറഞ്ഞത് നമുക്ക് കാര്യങ്ങൾ നോക്കാം എന്നാണ്.”- സേവാഗ് പറയുന്നു.

“ഇതിനൊക്കെയും ശേഷമാണ് ഡൽഹി ഡയർഡേവിൾസ് എനിക്കായി വലിയൊരു ഓഫർ മുൻപിലേക്ക് വെച്ചത്. അവരുടെ ഐക്കൺ താരമായി കളിക്കാനാണ് ഡൽഹി എന്നോട് ആവശ്യപ്പെട്ടത്. ആ ഓഫർ ഞാൻ അംഗീകരിക്കുകയായിരുന്നു. അതിനാൽ തന്നെ ആ വർഷത്തെ ലേലത്തിലേക്ക് ഞാൻ പോയില്ല. ഒരുപക്ഷേ ആ ലേലത്തിൽ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ ചെന്നൈ സൂപ്പർ കിംഗ്സ് എന്തുവില നൽകിയും എന്നെ സ്വന്തമാക്കിയേനെ. മാത്രമല്ല ടീമിന്റെ നായകനാക്കി മാറ്റുകയും ചെയ്തേനെ. എന്നാൽ ഞാൻ ലേലത്തിൽ ഇല്ലാതിരുന്ന സമയത്ത് അവർ മഹേന്ദ്ര സിംഗ് ധോണിയെ സ്വന്തമാക്കുകയും, നായകനായി നിയമിക്കുകയും ചെയ്യുകയായിരുന്നു.”- സേവാഗ് കൂട്ടിച്ചേർത്തു.

Previous articleകോഹ്ലി തകർത്തടിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ഒന്നും കിട്ടില്ല.. തുറന്ന് പറഞ്ഞ് മുൻ ഓസീസ് നായകൻ..
Next articleമുംബൈ ആരാധകരുടെ അധിക്ഷേപങ്ങളാണ് പാണ്ഡ്യയുടെ മോശം പ്രകടനത്തിന് കാരണം. ഗവാസ്കർ പറയുന്നു.