20 ലക്ഷത്തിന് വാങ്ങി, 14 കോടിയ്ക്ക് നിലനിർത്തി. രാജസ്ഥാൻ താരത്തിന് 6900% പ്രതിഫല വർദ്ധനവ്.

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി 10 ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു ടീമിന് പരമാവധി 6 താരങ്ങളെ ആയിരുന്നു ലേലത്തിന് മുൻപ് നിലനിർത്താൻ സാധിക്കുക. ഇതിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് 6 താരങ്ങളെ നിലനിർത്തിയ ഫ്രാഞ്ചൈസികൾ.

മറ്റു ഫ്രാഞ്ചൈസികൾ തങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള താരങ്ങളെ മാത്രം നിലനിർത്തിയപ്പോൾ, പഞ്ചാബ് കിംഗ്സ് വെറും 2 താരങ്ങളെ മാത്രമാണ് പിടിച്ചുനിർത്തിയത്. ലേലത്തിന് മുൻപ് നിലനിർത്തിയ പല താരങ്ങൾക്കും തങ്ങളുടെ പഴയ തുകയിൽ നിന്ന് വലിയ വർദ്ധനവ് ലഭിക്കുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒരു താരമാണ് രാജസ്ഥാൻ ക്രിക്കറ്റർ ധ്രുവ് ജൂറൽ.

കഴിഞ്ഞ സീസണുകളിൽ രാജസ്ഥാനായി മികച്ച പ്രകടനമായിരുന്നു ജൂറൽ കാഴ്ചവച്ചത്. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരവും ജൂറലിന് ലഭിച്ചിരുന്നു. ഇതോടെ ജുറലിന്റെ മൂല്യത്തിൽ പതിന്മടങ്ങ് വർധനമാണ് ഉണ്ടായത്.

2022ലെ ഐപിഎൽ മെഗാലേലത്തിൽ കേവലം 20 ലക്ഷം രൂപയ്ക്കായിരുന്നു ഉത്തർപ്രദേശുകാരനായ ജൂറലിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ 14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ഈ സൂപ്പർ താരത്തെ നിലനിർത്തിയിരിക്കുന്നത്. അതായത് ജൂറലിന്റെ പ്രതിഫലത്തിൽ ഉണ്ടായ വർദ്ധനവ് 6900 ശതമാനമാണ്.

ഇതേപോലെ തന്നെ നിലനിർത്തൽ പ്രക്രിയയിൽ നിറഞ്ഞുനിന്ന മറ്റൊരു താരം പഞ്ചാബിന്റെ മധ്യനിര ബാറ്ററായ ശശാങ്ക് സിംഗാണ്. കേവലം 2 താരങ്ങളെ മാത്രമാണ് ഇത്തവണ പഞ്ചാബ് നിലനിർത്തിയത്. അതിലൊരാളാണ് ശശാങ്ക് സിംഗാണ്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ഒരുപാട് വിവാദങ്ങൾ നിറഞ്ഞതായിരുന്നു ശശാങ്കിന്റെ തിരഞ്ഞെടുപ്പ്. 20 ലക്ഷം രൂപയ്ക്ക് ശശാങ്കിനെ ലേലത്തിൽ സ്വന്തമാക്കിയ പഞ്ചാബിന് ഒരു പിഴവ് സംഭവിച്ചു. മറ്റൊരു ശശാങ്കിനെയാണ് തങ്ങൾ ഉദ്ദേശിച്ചത് എന്ന് പഞ്ചാബ് പറഞ്ഞിരുന്നു. പക്ഷേ ആളുമാറി ടീമിലെത്തിയിട്ടും മികച്ച പ്രകടനമാണ് ശശാങ്ക് പുറത്തെടുത്തത്.

അതോടുകൂടി ഇത്തവണ ശശാങ്കിനെ നിലനിർത്താൻ പഞ്ചാബ് തയ്യാറായി. കേവലം 20 ലക്ഷം രൂപയ്ക്ക് ടീമിൽ എത്തിയ ശശാങ്കിനെ ഇത്തവണ 5.5 കോടി രൂപയ്ക്കാണ് പഞ്ചാബ് ടീം നിലനിർത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പല വമ്പൻ താരങ്ങളെക്കാളും ഇമ്പാക്ട് ഉണ്ടാക്കി മാറ്റാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പ്രതിഫലത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയ മറ്റൊരു താരം ചെന്നൈ സൂപ്പർ കിങ്സിന്റെ പതിരാനയാണ്. 20 ലക്ഷം രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ പതിരാനയെ ഇത്തവണ 13 കോടി രൂപയ്ക്കാണ് നിലനിർത്തിയത്.

Previous article2024 സീസണിൽ വമ്പൻ തുക നേടി, 2025ൽ പ്രതിഫലത്തിൽ ഇടിവ് വന്ന 4 താരങ്ങൾ.
Next articleശ്രേയസ് അയ്യർ കൊൽക്കത്തയോട് ചോദിച്ചത് 30 കോടി. കൊൽക്കത്ത മാനേജ്മെന്റ് പുറത്താക്കി.