20 കിലോ ഭാരം കുറച്ചാൽ ഞാൻ നിന്നെ ചെന്നൈ ടീമിലെടുക്കും. ധോണി അന്ന് അഫ്ഗാനിസ്ഥാൻ താരത്തോട് പറഞ്ഞത്.

dhoni finish ipl 2023

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജൈത്രയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2018ലെ ഏഷ്യാകപ്പ്. ഈ ടൂർണമെന്റിലാണ് ഇന്ത്യയ്ക്കെതിരെ മത്സരം സമനിലയിലെത്തിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചത്. അഫ്ഗാനിസ്ഥാൻ ടീമിനെ സംബന്ധിച്ച് ഒരു ചരിത്രനിമിഷം തന്നെയായിരുന്നു അത്. അന്ന് മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്.

ധോണിയുടെ നായകനായുള്ള 200ആമത്തെ മത്സരമായിരുന്നു അഫ്ഗാനിസ്ഥാനെതിരെ നടന്നത്. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഇരുടീമുകളും വളരെ സന്തോഷത്തോടെയാണ് അന്ന് മൈതാനം വിട്ടത്. അന്ന് മഹേന്ദ്ര സിംഗ് ധോണിയുമായി താൻ നടത്തിയ സംഭാഷണത്തെ പറ്റി മുൻ അഫ്ഗാനിസ്ഥാൻ നായകൻ അസ്ഗർ അഫ്ഗാൻ സംസാരിക്കുകയുണ്ടായി.

മഹേന്ദ്ര സിംഗ് ധോണി അന്ന് അഫ്ഗാനിസ്ഥാൻ താരമായിരുന്ന മുഹമ്മദ് ഷഹസാദിനെ പറ്റി പറഞ്ഞ വാക്കുകളാണ് അസ്ഗർ അഫ്ഗാൻ ഓർക്കുന്നത്. “അന്ന് മത്സരം സമനിലയിൽ എത്തിയതിന് ശേഷം ഞാൻ ധോണിയുമായി ഒരുപാട് സമയം സംസാരിച്ചിരുന്നു. അദ്ദേഹം ഒരു മികച്ച നായകനാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സമ്മാനമാണ് അദ്ദേഹം. വളരെ മനുഷ്യത്വപരമായാണ് അദ്ദേഹം ഇടപെടാറുള്ളത്. ഞങ്ങൾ അന്ന് കൂടുതലായി സംസാരിച്ചത് മുഹമ്മദ് ഷഹസാദിനെ പറ്റിയായിരുന്നു.

ഷഹസാദ് ധോണി ഭായിയുടെ വലിയ ആരാധകനാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ ധോണി പറഞ്ഞത്, ഷഹസാദിന് അല്പം വയറ് കൂടുതലാണെന്നും 20 കിലോ അയാൾ കുറയ്ക്കുകയാണെങ്കിൽ താൻ ഷഹസാദിനെ ഐപിഎല്ലിൽ എടുക്കുമെന്നുമാണ്. എന്നാൽ ആ പരമ്പരക്ക് ശേഷം ഷഹസാദ് അഫ്ഗാനിസ്ഥാൻ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ 5 കിലോയോളം വർദ്ധിക്കുകയാണ് ചെയ്തത്.”- അഫ്ഗാൻ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യക്കെതിരെ സമനില നേടിയത് തന്റെ നായക ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഏട് തന്നെയായിരുന്നു എന്ന് അഫ്ഗാൻ പറയുന്നു. അന്ന് റാഷിദ് ഖാന്റെയും മുഹമ്മദ് നബിയുടെയും ഉപദേശങ്ങളാണ് മത്സരത്തിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചതെന്നും അഫ്ഗാൻ കൂട്ടിച്ചേർത്തു. “2018 ഏഷ്യകപ്പിലെ ആ സമനിലയായിരുന്നു എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം. അതായിരുന്നു ഏറ്റവും മികച്ച മത്സരം. അഫ്ഗാനിസ്ഥാന്റെയും ഇന്ത്യയുടെയും ആരാധകർ അന്ന് വലിയ ടെൻഷനിലായിരുന്നു. ഇന്ത്യയ്ക്ക് അവസാന ഓവറിൽ 7 റൺസായിരുന്നു അന്ന് വിജയിക്കാൻ വേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാന് ഒരു വിക്കറ്റ് കൂടി നേടിയാൽ മത്സരത്തിൽ വിജയം നേടാമായിരുന്നു. റാഷിദ് ഖാനാണ് അവസാന ഓവർ എറിഞ്ഞത്. 3 പന്തുകൾ ബാക്കിയുള്ളപ്പോൾ ജഡേജയായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്.”- അഫ്ഗാൻ ഓർക്കുന്നു.

Read Also -  "ഞാൻ കേരളീയനാണെന്ന് പറയാൻ അഭിമാനമുണ്ട്. എന്നും കൂടെ നിന്നവർക്ക് നന്ദി"- സഞ്ജു സാംസണിന്റെ വാക്കുകൾ.

“ശേഷം നബിയും റാഷിദും എന്റെ അടുത്തു വരികയും, എല്ലാ ഫീൽഡർമാരെയും 30 വാര സർക്കിളിനുള്ളിൽ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യയ്ക്ക് ആ സമയത്ത് ആവശ്യം 2 പന്തുകളില്‍ ഒരു റണ്ണായിരുന്നു. ഞാൻ നജീബുള്ളയെ മിഡ് ഓണിൽ നിർത്താൻ തീരുമാനിച്ചു. ശേഷം റാഷിദിനോട് ലെഗ് ബ്രേക്ക് എറിയാൻ പറഞ്ഞു. പിന്നാലെ നജീബുള്ള മിഡ്വിക്കറ്റിൽ ക്യാച്ച് എടുത്ത് ജഡേജയെ പുറത്താക്കുകയായിരുന്നു. റാഷിദ് അന്ന് വളരെ സന്തോഷത്തിലായിരുന്നു. എന്നെ ആലിംഗനം ചെയ്തു. അന്ന് ജഡേജ ഒരു വമ്പൻ ഷോട്ട് കളിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് എന്തായാലും ക്യാച്ചിൽ അവസാനിച്ചു. അന്ന് മത്സരത്തിൽ സമനില പിടിക്കാൻ സാധിച്ചതിൽ ഞാൻ ക്രെഡിറ്റ് പൂർണമായും റാഷിദിനാണ് നൽകുന്നത്.”- അസ്ഗർ അഫ്ഗാൻ പറഞ്ഞു വെക്കുന്നു.

Scroll to Top