2023ലെ ഐപിഎല്ലിന് മുൻപ് തന്നെ ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു വമ്പൻ തിരിച്ചടി. വമ്പൻ വിലകൊടുത്ത് ലേലത്തിൽ സ്വന്തമാക്കിയ ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ് ചെന്നൈക്കായി മുഴുവൻ സീസണിലും കളിക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീസണിന്റെ അവസാനഭാഗത്താവും ചെന്നൈക്ക് സ്റ്റോക്സിന്റെ സാന്നിധ്യം നഷ്ടമാവുക. അങ്ങനെയെങ്കിൽ പ്ലേഓഫ് എത്തിയാൽ ചെന്നൈയ്ക്ക് വലിയ തലവേദന ഇതുണ്ടാക്കും. ഇംഗ്ലണ്ടിന്റെ അയർലണ്ടിനെതിരായ ടെസ്റ്റിനു മുൻപുള്ള വിശ്രമത്തിന്റെ ഭാഗമായാണ് സ്റ്റോക്സ് ഐപിഎൽ മധ്യേ മടങ്ങുന്നത്.
എന്നിരുന്നാലും ലീഗ് ഘട്ടത്തിൽ ചെന്നൈക്കൊപ്പം സ്റ്റോക്സ് തുടരുമെന്നാണ് പ്രതീക്ഷ. മെയ് 20നാണ് ചെന്നൈയുടെ ലീഗ് മത്സരങ്ങൾ അവസാനിക്കുന്നത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായ ബെൻ സ്റ്റോക്സിനൊപ്പം മറ്റ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ താരങ്ങളും തീരികെ പോകാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് ഐപിഎല്ലിലെ പല ടീമുകളെയും ബാധിക്കും. ഇതിനൊപ്പം ചില ഓസ്ട്രേലിയൻ താരങ്ങൾക്കും ഐപിഎൽ പ്ലെ ഓഫ് നഷ്ടമായേക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിലവിൽ പ്ലേ ഓഫ് മത്സരക്രമങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
ഐപിഎല്ലിന്റെ 2023ലെ മിനി ലേലത്തിൽ വമ്പൻ തുകയ്ക്കായിരുന്നു ബെൻ സ്റ്റോക്സിനെ ചെന്നൈ സ്വന്തമാക്കിയത്. 16.25 കോടി രൂപയായിരുന്നു ലേലത്തിലെ സ്റ്റോക്സിന്റെ വില. 2023 സീസണോടുകൂടി നായകൻ എംഎസ് ധോണി വിരമിക്കുമ്പോൾ പകരക്കാരനായി ടീമിനെ നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്ര ഭീമാകാരമായ തുകയ്ക്ക് ചെന്നൈ സ്റ്റോക്സിനെ ടീമിലെത്തിച്ചത്. എന്നാൽ വലിയ തിരിച്ചടി തന്നെയാണ് സ്റ്റോക്സിന്റെ ഈ പിന്മാറ്റം.
മാർച്ച് 31നാണ് ഐപിഎല്ലിന്റെ പതിനാറാം എഡിഷൻ ആരംഭിക്കുന്നത്. 10 ടീമുകൾ അടങ്ങുന്ന ടൂർണമെന്റ് ഹോം-എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിനാൽ തന്നെ ഇത്തവണ ഐപിഎല്ലിൽ ആവേശം അലയടിക്കുമെന്ന് ഉറപ്പാണ്.