“150 കിലോമീറ്റർ സ്പീഡിൽ വരുന്ന പന്തുകളെ നേരിട്ടിട്ടില്ലാത്തവരാണ് എന്നെ വിമർശിക്കുന്നത് “- ശ്രെയസ് അയ്യർ.

സമീപകാലത്ത് ഷോർട്ട് പിച്ച് പന്തുകൾക്കെതിരെ നിരന്തരം പരാജയപ്പെട്ട താരമായിരുന്നു ശ്രേയസ് അയ്യർ. ഇതിനുശേഷം അയ്യർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥാനവും ഇതിനു പിന്നാലെയാണ് അയ്യർക്ക് നഷ്ടമായത്. പലതവണ അയ്യർ ഷോർട്ട് ബോളിൽ പതറുന്നത് കാണുകയുണ്ടായി. എന്നിരുന്നാലും ഇന്ത്യൻ സെലക്ടർമാർ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള സ്ക്വാഡിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സമയങ്ങളിൽ താൻ നേരിട്ട വലിയ വെല്ലുവിളികളെ പറ്റി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ ഇപ്പോൾ.

ഷോർട്ട് ബോളുകൾക്കെതിരെ താൻ പതറിയിരുന്ന സമയത്ത് ഒരുപാട് ആളുകൾ വിമർശനവുമായി രംഗത്തെത്തി എന്ന് അയ്യർ പറയുന്നു. ഇത്തരത്തിലുള്ള വിമർശനങ്ങൾ തന്നെ ബാധിച്ചിട്ടുണ്ട് എന്ന് അയ്യർ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. “ഈ വിമർശനങ്ങൾ എനിക്ക് വലിയ രീതിയിലുള്ള വേദനയുണ്ടാക്കി. 150 കിലോമീറ്റർ സ്പീഡിൽ വരുന്ന പന്തിനെ ഇതുവരെ നേരിട്ടിട്ടില്ലാത്ത കുറച്ച് ആളുകളാണ് എന്നെ ഇത്തരത്തിൽ വിമർശിച്ചിട്ടുള്ളത്. അവരുടെയൊക്കെ ഉപദേശങ്ങൾ മറ്റൊരു തരത്തിലാണ് ഞാൻ നോക്കി കണ്ടിരുന്നത്.”- അയ്യർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

“അവർ പറയുന്നത് അവരുടെ അഭിപ്രായം മാത്രമാണ്. ഇത്തരത്തിൽ സംസാരിക്കാനുള്ള എല്ലാ അധികാരങ്ങളും അവർക്കുണ്ട്. പക്ഷേ അത് അവർ പരസ്പരം സംസാരിക്കണം. അല്ലാതെ നേരിട്ട് കളിക്കാരോട് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പാടില്ല.”- ശ്രേയസ് അയ്യർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യക്കായി 2023 ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു അയ്യർ കാഴ്ചവെച്ചത്. ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 530 റൺസ് അയ്യർ സ്വന്തമാക്കിയിരുന്നു. ഈ പ്രകടനം അയ്യർ ചാമ്പ്യൻസ് ട്രോഫിയിലും തുടരും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.

2023 ഏകദിലെ ലോകകപ്പിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്സിനെ പറ്റിയും അയ്യർ സംസാരിക്കുകയുണ്ടായി. ന്യൂസിലാൻഡിനെതിരെ ടൂർണമെന്റിൽ സെഞ്ച്വറി നേടിയെങ്കിലും തന്റെ പ്രിയപ്പെട്ട ഇന്നിങ്സ് ശ്രീലങ്കക്കെതിരെ നേടിയ 82 റൺസാണ് എന്ന് അയ്യർ പറഞ്ഞു. “ശ്രീലങ്കക്കെതിരായ ഇന്നിംഗ്സാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. കാരണം ആ സമയത്ത് എന്നെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയർന്നിരുന്നു. എന്നെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കണം എന്ന രീതിയിൽ പോലും അഭിപ്രായങ്ങൾ വന്നിരുന്നു. കാരണം ഞാൻ ടീമിനായി മികവ് പുലർത്തിയിരുന്നില്ല. പക്ഷേ ആ ഇന്നിംഗ്സ് വഴിത്തിരിവായി.”- അയ്യർ പറഞ്ഞുവയ്ക്കുന്നു.

Previous article“ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു തന്നെ”. അക്കാര്യത്തിൽ ഒരു ചോദ്യവും വേണ്ടെന്ന് സൂര്യകുമാർ യാദവ്.
Next articleറെക്കോഡ് നേട്ടവുമായി അര്‍ഷദീപ് സിംഗ്. മറികടന്നത് ചഹലിനെ