147 വർഷത്തെ ചരിത്രം തിരുത്തി അശ്വിൻ. പേരിൽ ചേർത്തത് ലോക റെക്കോർഡ്.

ash vs england

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് വളരെയേറെ ആത്മവിശ്വാസം നൽകുന്നതാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 28 റൺസിന്റെ പരാജയം ഇന്ത്യ നേരിട്ടിരുന്നു. പിന്നീട് തുടർച്ചയായി 4 മത്സരങ്ങളിലും വിജയം നേടി ഇന്ത്യ വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.

പരമ്പരയിലെ അഞ്ചാം മത്സരത്തിൽ രവിചന്ദ്രൻ അശ്വിന്റെ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. തന്റെ നൂറാം ടെസ്റ്റ് കളിച്ച അശ്വിൻ മത്സരത്തിൽ ഒരു അത്യപൂർവ്വ റെക്കോർഡും സ്വന്തമാക്കുകയുണ്ടായി. 147 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാൻ സാധിക്കാത്ത ഒരു വമ്പൻ റെക്കോർഡാണ് മത്സരത്തിൽ അശ്വിൻ സ്വന്തമാക്കിയത്.

തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിലും നൂറാം ടെസ്റ്റ്‌ മത്സരത്തിലും 5 വിക്കറ്റ് പ്രകടനം കാഴ്ചവയ്ക്കുന്ന താരം എന്ന റെക്കോർഡാണ് അശ്വിൻ മത്സരത്തിലെ പ്രകടനത്തിലൂടെ പേരിൽ ചേർത്തത്. 2011ൽ വിൻഡീസ് ടീമിനെതിരെ ആയിരുന്നു അശ്വിൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.

അന്നത്തെ മത്സരത്തിൽ 3 വിക്കറ്റുകൾ ആണ് അശ്വിൻ സ്വന്തമാക്കിയത്. ശേഷം രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കുകയുണ്ടായി. തന്റെ നൂറാം മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ അശ്വിൻ 4 വിക്കറ്റുകളാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റുകളും സ്വന്തമാക്കാൻ അശ്വിന് സാധിച്ചു.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിലും നൂറാം മത്സരത്തിലും അശ്വിൻ 9 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇത് മറ്റൊരു കൗതുകമായി തന്നെ നിൽക്കുന്നു. അതേസമയം നൂറാം ടെസ്റ്റിലെ വമ്പൻ പ്രകടനത്തെ പറ്റി അശ്വിൻ പ്രതികരിച്ചിരുന്നു.

“ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ആ സന്തോഷം എത്ര വലുതാണ് എന്ന് എനിക്ക് ഇപ്പോൾ വിവരിക്കാനും സാധിക്കുന്നില്ല. ഒരുപാട് താരങ്ങൾ നൂറാം മത്സരത്തിന് മുന്നോടിയായി ആശംസകൾ നേർന്നുകൊണ്ട് എന്നെ വിളിച്ചിരുന്നു. വ്യത്യസ്തമായ ആക്ഷനാണ് ഞാൻ ഈ പരമ്പരയിൽ ഉപയോഗിച്ചു വന്നത്.”- അശ്വിൻ പറഞ്ഞു.

“പരമ്പരയിൽ പന്ത് റിലീസ് ചെയ്യുന്നതിൽ അടക്കം ഞാൻ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഇന്ത്യൻ പിച്ചുകൾ പലതും വ്യത്യസ്തമാണ്. പല സ്വഭാവമുള്ള ഗ്രൗണ്ടുകളാണ് നമുക്ക് ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്. റാഞ്ചിയിൽ രണ്ടാം ഇന്നിങ്സിൽ നടത്തിയ പ്രകടനം എനിക്ക് വലിയ ആത്മവിശ്വാസം നൽകി.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.

തന്റെ 36മത്തെ 5 വിക്കറ്റ് പ്രകടനമാണ് അശ്വിൻ മത്സരത്തിൽ കാഴ്ചവച്ചത്. ഇതോടെ ഈ റെക്കോർഡിൽ അനിൽ കുംബ്ലയെ മറികടക്കാനും അശ്വിന് സാധിച്ചിട്ടുണ്ട്. എന്തായാലും അശ്വിനെ സംബന്ധിച്ച് ഒരു സുവർണ്ണ നേട്ടം തന്നെയാണ് അവസാന ടെസ്റ്റ്‌ മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

Scroll to Top