ആരാധകർ ഏവരും അകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനം ആരംഭിക്കുവാനായിട്ടാണ്. സീനിയർ താരങ്ങളിൽ പലരും ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ഒപ്പം ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇംഗ്ലണ്ടിലേക്ക് പറന്നതിനാൽ പുതുമുഖ താരങ്ങളെയും ഒപ്പം ധവാൻ, ഹാർദിക് അടക്കമുള്ള സ്റ്റാർ താരങ്ങളുമായിട്ടാണ് ഇന്ത്യൻ ടീമിന്റെ പര്യടനം. കഴിഞ്ഞ കുറച്ച് ദിവസം മുൻപാണ് സെലക്ഷൻ കമ്മിറ്റി ഇരുപത്തിയഞ്ച് അംഗ ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
അഞ്ച് റിസർവ് താരങ്ങൾ ഉൾപ്പെടെ പ്രഖ്യാപിച്ച സ്‌ക്വാഡിനെ നയിക്കുന്നത് ഓപ്പണർ ശിഖർ ധവാനാണ്. ഉപനായകൻ റോളിൽ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ എത്തുമ്പോൾ ഇന്ത്യൻ ടീമിനെ ലങ്കയിൽ പരിശീലിപ്പിക്കുക നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാൻ രാഹുൽ ദ്രാവിഡ് ആണ്. ടീമിനോപ്പം താരങ്ങൾ എല്ലാവരും വൈകാതെ ചേരുമെന്നാണ് ഇപ്പോൾ ബിസിസിഐ അറിയിക്കുന്നത്.
എന്നാൽ ക്രിക്കറ്റ് പ്രേമികൾക്കും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും വലിയ സന്തോഷവാർത്ത സമ്മാനിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിപ്പോൾ.ഈ വരുന്ന ലങ്കൻ പര്യടനത്തിലെ ഏകദിന, ടി :20 പരമ്പരകൾ കളിക്കുവാനായി പോകുന്ന താരങ്ങൾ ആരും തത്കാലം ഫിറ്റ്നസ് പരീക്ഷ പാസ്സ് ആകുന്നതിൽ ആശങ്ക വേണ്ട എന്നാണ് ബിസിസിഐ തീരുമാനം. കോവിഡ് മഹാമാരി കാലത്ത് താരങ്ങൾക്ക് എല്ലാം ഫിറ്റ്നസ് പരിശീലനം നടത്തുവാനും ഒപ്പം പുതിയതായി ഉൾപെടുത്തിയ 2കിലോമീറ്റർ അതിവേഗ ഓട്ടം അടക്കമുള്ളവക്കായി തയ്യാറെടുപ്പ് നടത്തുവാനും സമയം ലഭിച്ചില്ല എന്നാണ് ബിസിസിഐയുടെ നിഗമനം.
ഇതോടെ ശ്രീലങ്കൻ പര്യടനം കളിക്കാൻ സെലക്ട് ചെയ്യപ്പെട്ട താരങ്ങൾക്ക് ഇനി ഫിറ്റ്നസ് ടെസ്റ്റ് പാസ്സാവേണ്ട. നേരത്തെ വരുൺ ചക്രവർത്തി, രാഹുൽ തെവാട്ടിയ അടക്കമുള്ള താരങ്ങൾ ചില പരമ്പരകൾ കളിക്കുന്നതിന് മുൻപ് അവസാന നിമിഷം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായത് ഏറെ വാർത്തയായിരുന്നു. മലയാളി താരം സഞ്ജു സാംസണും ഒരുവേള പരമ്പരക്ക് മുന്നോടിയായുള്ള പുതിയ ഫിറ്റ്നസ് ടെസ്റ്റ് തോറ്റിരിന്നു.